മതേതരത്വത്തിന്റെ മരണമണി മുഴങ്ങുന്നുവോ?

ഇന്ത്യന്‍ ഭരണഘടനാ ശില്പി എന്നറിയപ്പെടുന്ന ബി ആര്‍ അംബേദ്ക്കര്‍ കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കുശേഷം പറഞ്ഞത് ഇങ്ങനെയാണ്, ''ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ചിരിക്കുന്നു. അവര്‍ രാഷ്ട്രീയ വിശ്വാസങ്ങളില്‍ ഏറ്റുമുട്ടാന്‍ പോകുന്നു. അവരുടെ വിശ്വാസത്തിനു മുകളില്‍ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളില്‍ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ?'' ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ പരിസരത്ത് അംബേ ദ്ക്കറുടെ വാക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും മരിച്ചുകൊണ്ടിരിക്കുകയാണെന്നു പറയേണ്ടി വരും. മതരാജ്യവും മതസാമ്രാജ്യവും ലക്ഷ്യം വച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പകിടകളിക്കുമ്പോള്‍ ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുണ്ടായിരുന്ന നൂറ്റാണ്ടുകളുടെ ഉച്ചനീചത്വങ്ങള്‍ക്ക് ഭീകരരൂപമാറ്റം വന്നുക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഗര്‍ജനങ്ങളും ശീല്‍ക്കാരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാറ്റൊലിക്കൊള്ളുന്നുണ്ട്.

ബ്രീട്ടിഷുകാരുടെ അടിമത്വത്തില്‍ നിന്നും രക്ഷപ്രാപിച്ച ഇന്ത്യ എന്ന മഹത്തായ രാജ്യം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നാള്‍വാഴികളിലൂടെ സംസ്‌കാരത്തെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനായി വിശ്വാസത്തെയും മതത്തെയും ദുരുപയോഗം ചെയ്തപ്പോള്‍ മതരാജ്യത്തിന്റെ പ്രീണനങ്ങളും വ്യവഹാരങ്ങള്‍ക്കുമാണ് ഇന്ന് പ്രാധാന്യം. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ജനനേതാക്കളും ജനാധിപത്യത്തില്‍ മതത്തിനതീതമായി ചിന്തിക്കുന്നവരും എല്ലാ മതസ്ഥരെയും ചേര്‍ത്തുപിടിക്കുന്നവരുമായിരുന്നു. പക്ഷേ ഇന്ന് രാഷ്ട്രീയക്കാരെല്ലാം ഭൂരിപക്ഷമതത്തിന്റെ വക്താക്കളായി തങ്ങളെതന്നെ പ്രതിഷ്ഠിക്കുമ്പോള്‍ ഇന്ത്യയിലെ ബഹുസ്വരതയേയും മതേതരത്വത്തെയും അവര്‍ ആഴത്തില്‍ മുറിപ്പെടുത്തുകയാണു ചെയ്യുന്നത്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും അസംബഌ മണ്ഡലത്തിലും ഏതു ജാതിയിലും ഏതു മതത്തിലും പെട്ടവര്‍ക്കാണ് ഭൂരിപക്ഷം എന്നു കണ്ടെത്തി ഓരോ പാര്‍ട്ടിക്കാരും അവരെ പ്രീതിപ്പെടുത്താന്‍ തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പോലും മാറ്റിവയ്ക്കുമ്പോള്‍ മതേതര രാജ്യത്തിന്റെ അടിവേരുകളാണ് അവര്‍ മുറിച്ചുകളയുന്നത്.

''ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ പേടിക്കു' മെന്ന് ഒരു പഴം ചൊല്ലുണ്ട്. പൂച്ചപോലും അനുഭവത്തെ അവബോധമാക്കി മാറ്റാറുണ്ട്. ഇന്ത്യക്കാര്‍ക്ക് മതേതര ചിന്തയുടെ ഗുണപ്രദമായ അനുഭവം ഏറെയുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികളിലെ തിരുനാളുകള്‍ക്ക് താളമേളങ്ങള്‍ ഒരുക്കുന്നത് അക്രൈസ്തവരാണ്. അവരില്ലാതെ ചെണ്ടമേളമോ ശിങ്കാരി മേളമോ പള്ളിത്തിരുനാളുകളുടെ പ്രദക്ഷിണത്തെ മോടി പിടിപ്പിക്കുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ആരും ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ ചിന്തിക്കാറില്ല. കാഞ്ഞൂര്‍ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് അങ്ങാടി പ്രദക്ഷിണം പുതിയേടം അമ്പലത്തിന്റെ സമീപത്തെത്തുമ്പോള്‍ അമ്പലത്തിന്റെ ദേവിയുടെ വിഗ്രഹം ഇരിക്കുന്ന പ്രതിഷ്ഠാ സ്ഥാനത്തിന്റെ വാതിലുകള്‍ ആഘോഷമായി തുറന്നിടാറുണ്ട്. എന്തിനാണെന്നോ ''ആങ്ങളയ്ക്കും പെങ്ങള്‍ക്കും പരസ്പരം വര്‍ഷത്തിലൊരിക്കല്‍ പരസ്പരം കാണാനാത്രെ.'' മതനിരപേക്ഷത അഥവാ മതേതരത്വം എന്നത് മതങ്ങളുടെ പാരസ്പര്യമാണ് അര്‍ത്ഥമാക്കുന്നത്. ഒരു ബഹുസ്വര രാജ്യത്തിലെ വിവിധവിഭാഗങ്ങളില്‍ പെട്ട മനുഷ്യര്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കാനുതുകുന്ന ജീവിതപരിസരം ഇങ്ങനെയാണ് ഒരുങ്ങുന്നത്.

പക്ഷേ, മതത്തെ രാഷ്ട്രീയ അധികാരത്തിനായി ദുരുപയോഗിക്കുമ്പോള്‍ അവിടെ പരസ്പര സ്പര്‍ദ്ധയും കലാപവുമാണ് ഉണ്ടാകുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂരിലെ കലാപങ്ങള്‍. ഇതുവരെ അവിടെ കടന്നു ചെന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത കേന്ദ്രനേതൃത്വത്തിന് ഇതുവരെ മനസ്സാക്ഷിക്കടി തോന്നിയിട്ടില്ല എന്നതാണ് മതനിരപേക്ഷത ഒരു അവബോധമായി മാറിയിട്ടില്ല എന്നതിന് ഏറ്റവും വലിയ തെളിവ്. മതനിരപേക്ഷത അനുഭവവും അവബോധവും എന്ന ലേഖനത്തില്‍ എം എം നാരായണന്‍ എഴുതുന്നു, ''ഇന്ത്യയില്‍ കൊളോണിയല്‍ സാമ്രാജ്യത്വം വിജയകരമായി പരീക്ഷിച്ച വര്‍ഗീയവത്കരണ തന്ത്രങ്ങള്‍ യുദ്ധോത്തരകാലത്ത് അധിനിവേശാനന്തര സാമ്രാജ്യത്വം ഉത്സാഹത്തോടെ ഏറ്റെടുക്കുന്നുണ്ട്.'' അതിന്റെ തിക്തഫലമാണ് ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാന്‍ എന്ന ഇസ്ലാം രാജ്യം തീര്‍ത്തതും പലസ്തീന്‍ വെട്ടിമുറിച്ച് ഇസ്രായേല്‍ എന്ന രാജ്യത്തെ പുനര്‍നിര്‍മ്മിച്ചതും. അതുകൊണ്ടാണ്, ഇന്ത്യയെ ഒരാധുനിക ജനാധിപത്യമതനിരപേക്ഷരാജ്യമാക്കാന്‍, ജാത്യധിഷ്ഠിത ഹിന്ദുസമൂഹത്തിനും സംസ്‌കാരത്തിനും എതിരായ സന്ധിയില്ലാത്ത സമരം തന്നെ ആവശ്യമാണെന്ന് ഇ എം എസ്സ് പറഞ്ഞത്. വാല്മീകിയുടെ രാമന്‍ വാസ്തവത്തില്‍ എല്ലാ ഇന്ത്യാക്കാരുടെയും ഹൃദയത്തിലാണ് ജീവിക്കേണ്ടത്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ആത്മീയതയെ അധികാരത്തിന്റെ ആര്‍ത്തിക്കുവേണ്ടി ഉപയോഗിക്കുന്നിടത്ത് മതേതരരാജ്യം ഇല്ലാതാകാനുള്ള സാധ്യതയും മുമ്പില്‍ കാണണം.

  • ഫുള്‍സ്റ്റോപ്പ്: ''കറുത്ത ദിനങ്ങളാണ് വരുന്നതെന്നു സ്ഥാപിക്കാന്‍ നിങ്ങള്‍ എല്ലാ വാദങ്ങളും നിരത്തിയാലും എന്റെ ജനതികഘടനയില്‍ പ്രതീക്ഷയല്ലാതെ മറ്റൊന്നുമില്ല.'' - അരുന്ധതി റോയ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org