കേരളസഭയ്ക്ക് പൊതുശത്രുക്കളുടെ ആവശ്യമുണ്ടോ?

കേരളസഭയ്ക്ക് പൊതുശത്രുക്കളുടെ ആവശ്യമുണ്ടോ?
Published on

മുണ്ടാടന്‍

ക്രൈസ്തവസഭയുടെ സ്ഥാപനം മനുഷ്യനായി പിറന്ന ദൈവപുത്രന്റെ വചനത്താലാണ്. അതിനാല്‍ ക്രിസ്തീയതയില്‍ ഏറ്റവും കുടുതല്‍ ആദരിക്കപ്പെടുന്നത് മനുഷ്യത്വമാണ്. ആ മനുഷ്യത്വത്തിന്റെ അ പാരതയാണ് ക്രിസ്തുവിന്റെ ജീവിതവും മരണവും ഉത്ഥാനവും. ക്രിസ്തുനാഥന്‍ ഒരു പ്രത്യേക സമുദായത്തിനോ കുലത്തിനോ വേണ്ടിയല്ല ഭൂമിയില്‍ വന്നത് എല്ലാവരുടെയും രക്ഷയായിരുന്നു അവിടുത്തെ ലക്ഷ്യം. താന്‍ ജനിച്ച വംശത്തെ രക്ഷിക്കണമെന്ന് ക്രിസ്തു ആഗ്രഹിച്ചെങ്കിലും രക്ഷയോട് മുഖം തിരിച്ചുനിന്ന അവര്‍ രക്ഷകനെ തന്നെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അവിടുത്തെ രക്ഷാകര പദ്ധതിയില്‍ സ്വജാതിയനോ വിജാതിയനോ എന്ന വേര്‍തിരിവില്ലായിരുന്നു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ ചരിച്ച എല്ലാവരെയും യേശുക്രിസ്തു തന്റെ കൂടെ നിര്‍ത്തി.
ക്രിസ്തുവിന്റെ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ഒരു പ്രത്യേക വംശത്തിനോ ജാതിക്കോ സമുദായത്തിനോ വേണ്ടിയുള്ളതായിരുന്നില്ല. അതു മാനവകുലത്തിന്റെ ഭാഷയായിരുന്നു. വിശ്വമാനവികതയുടെ ശൈലിയായിരുന്നു. ദേശത്തിന്റെയോ രാജ്യത്തിന്റെയോ ദേശരാഷ്ട്രത്തിന്റെയോ അതിര്‍ത്തികള്‍ക്കുമപ്പുറം മനുഷ്യ ഹൃദയത്തിന്റെ വിശാലതയിലാണ് ക്രിസ്തുരാജ്യത്തിന്റെ മൂലക്കല്ല്. പക്ഷേ റോമാ ചക്രവര്‍ത്തി കൊണ്‍സ്റ്റന്റൈനിന്റെ ക്രിസ്തുമതത്തിലേയ്ക്കുള്ള മാനസാന്തരത്തിന്റെ ഫലമായി ക്രിസ്തു സ്ഥാപിച്ച ക്രൈസ്തവ മതത്തിന് ദേശരാഷ്ട്രത്തിന്റെ ചട്ടക്കൂടുണ്ടായി. ഒരു കാലത്ത് മാര്‍പാപ്പമാര്‍ക്ക് യുദ്ധം ചെയ്യാനുള്ള സേനയുണ്ടായിരുന്നെന്നു മാത്രമല്ല ഇറ്റലിയുടെ ചരിത്രത്തില്‍ വെട്ടിപിടിക്കലിന്റെ പാതയിലൂടെയും കുരിശുയുദ്ധത്തിന്റെ ചോരക്കളത്തിലൂടെയും മാര്‍പാപ്പമാര്‍ സഭയെ സം രക്ഷിക്കാന്‍ നടന്നു.

സ്വന്തം കാര്യസാധ്യത്തിനായി കക്ഷിരാഷ്ട്രീയത്തിന്റെയും പക്ഷം പിടിക്കലിന്റെയും ഭാഷയാണ് ചിലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത്.

സങ്കുചിതത്വത്തിന്റെയും സംഹാരത്തിന്റെയും പാതയിലൂടെ കത്തോലിക്കാ സഭയ്ക്കു മുമ്പോട്ടു പോകാനാകില്ലെന്നും ശത്രുക്കളെ സൃഷ്ടിക്കലല്ല സഭയുടെ മാര്‍ഗം എന്നതും ലോകത്തില്‍ ജനാധിപത്യത്തിന്റെ അരങ്ങേറ്റക്കാലത്തില്‍ മാര്‍പാപ്പമാര്‍ മനസ്സിലാക്കി. അതിന്റെ ഫലമാണ് 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. സഭയുടെ അടച്ചിട്ട വാതിലുകളും ജനലുകളും തുറന്നിട്ട് സൂനഹദോസ് അംഗങ്ങള്‍ ചിന്തിച്ച കാലം മുതല്‍ ചരിത്രത്തിലെ തെറ്റുകള്‍ക്ക് ആധുനിക മാര്‍പാപ്പമാര്‍ മാപ്പ് പറയാന്‍ ആരംഭിച്ചു. ക്രിസ്തുവിന്റെ വചനങ്ങള്‍ക്ക് കടകവിരുദ്ധമായി ചരിത്രത്തില്‍ നടത്തിയ മതവിചാരണകള്‍ക്കും കുരിശുയുദ്ധങ്ങള്‍ക്കും ലോകത്തോട് പരസ്യമായി പൊറുതി ഏറ്റു പറഞ്ഞു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ധീരമായ തീരുമാനങ്ങള്‍ കത്തോലിക്കാ സഭയില്‍ നവീകരണത്തിന്റെ കൊടുങ്കാറ്റായി മാറി. പക്ഷേ കേരളത്തില്‍ ഇതുവരെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുറവി വേണ്ടവിധത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. അതിനുള്ള ബോധവത്ക്കരണം നല്കുന്നതിലും സഭ പരാജയപ്പെട്ടുവെന്നു വേണം കരുതാന്‍. അതിന്റെ ഫലമാണ് ഇന്ന് കേരളസഭയില്‍ കാണുന്ന സങ്കുചിതമായ സമുദായ ചിന്തകള്‍ക്കു കാരണമെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. മറ്റു മതങ്ങളോടും അകത്തോലിക്കാ സഭകളോടും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുലര്‍ത്തിയ ആഭിമുഖ്യം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെതുമായിരുന്നു. മനുഷ്യത്വ രഹിതമായ തീവ്രവാദത്തെയും മൗലികവാദത്തെയും കൗണ്‍സില്‍ ശക്തമായി എതിര്‍ത്തപ്പോഴും ഇതരമതങ്ങളോടും സമുദായങ്ങളോടും ഒരുമിക്കാനുള്ള വേദിയൊരുക്കിയത് കത്തോലിക്കാ സഭയുടെ സാര്‍വത്രികതയുടെ ഭാഗമായിരുന്നു. "ഒരൊറ്റ സമൂഹത്തില്‍പ്പെട്ടവരാണ് എല്ലാ ജനങ്ങളും. അവരുടെ ഉത്ഭവസ്ഥാനവും ഒന്നുതന്നെ. കാരണം മനുഷ്യവംശത്തെ ഭൂ മുഖം പരക്കെ നിവസിപ്പിച്ചതു ദൈവമാണ്. എല്ലാ മനുഷ്യരുടെയും ആത്യന്തിക ലക്ഷ്യവും ഒന്നുതന്നെ, ദൈവം. അവിടത്തെ പരിപാലനയും, നന്മയുടെ ആവിഷ്‌കാരങ്ങളും രക്ഷാകര പദ്ധതികളും എല്ലാവരേയും സമാശ്ലേഷിക്കുന്നു. തിരഞ്ഞടുക്കപ്പെട്ടവരെല്ലാം ദൈവമഹിമയാല്‍ പ്രദീപ്തമായ പരിശുദ്ധ നഗരത്തില്‍ സമ്മേളിക്കുന്നതുവരെ ഇതു തുടര്‍ന്നുകൊണ്ടിരിക്കും. അവിടെ സമസ്ത ജനങ്ങളും ദൈവികപ്രകാശത്തിലായിരിക്കും സഞ്ചരിക്കുന്നത്" (അക്രൈസ്തവ മതങ്ങള്‍ 1). കേരളസഭയിലെ ഇന്നത്തെ ചില പ്രവണതകള്‍ വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങള്‍ക്ക് കടകവിരുദ്ധമാണ്. സ്വന്തം കാര്യസാധ്യത്തിനായി കക്ഷിരാഷ്ട്രീയത്തിന്റെയും പക്ഷം പിടിക്കലിന്റെയും ഭാഷയാണ് ചിലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് ഒരു പൊതുശത്രുവിനെ നിര്‍മിച്ചെടുത്ത് ഇതരമതസ്ഥരെയും സമുദായത്തെയും വെറുപ്പിക്കേണ്ട കാര്യമുണ്ടോ എന്നു ശക്തമായി ചിന്തിക്കേണ്ട സമയമാണിത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org