ജനാധിപത്യ ധ്വംസനങ്ങളുടെ അപകട സൈറണുകള്‍

ജനാധിപത്യ ധ്വംസനങ്ങളുടെ അപകട സൈറണുകള്‍
Published on

മുണ്ടാടന്‍

ജനാധിപത്യ രാജ്യത്തില്‍ ജീവിക്കാന്‍ സാധിച്ചതില്‍ നാം എത്രയോ അഭിമാനിച്ചിരുന്നു. രാജാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും കുറവുകളില്‍ നിന്നും ലോകത്തെങ്ങും സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ സാധിക്കുമെന്ന മോഹന സ്വപ്നമായിരുന്നു ജനാധിപത്യവ്യവസ്ഥിതിയില്‍ നാം എല്ലാവരും കണ്ടത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന നമ്മുടെ വ്യാമോഹങ്ങള്‍ ഇന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എവിടെ നില്‍ക്കുന്നു എന്നു പരിശോധിക്കുമ്പോള്‍ ജനാധിപത്യമെന്നത് കേവലം ആലങ്കാരിക ഭാഷ മാത്രമായി ചുരുങ്ങിപ്പോയോ എന്നു സംശയിക്കേണ്ടിവരും. ജനാധിപത്യത്തിലെ എല്ലാ നെടുംതൂണുകളിലും ജീര്‍ണതയുടെ വിള്ളലുകള്‍ കാണാം.
ഭാരതത്തിലെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എന്താണ് യുഗങ്ങളോട് സംവദിച്ചത്? ഭരിക്കുന്നവരുടെ ധാര്‍മികതയും സത്യസന്ധതയും അവരുടെ പരസ്യജീവിതവും രഹസ്യജീവിതവുമൊക്കെ തമ്മിലുള്ള വിള്ളലുകളും ഉള്‍ച്ചേര്‍ച്ചകളുമല്ലേ? കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ രാജ്യം ഭരിക്കാനുള്ള ഉല്ക്കടമായ ആഗ്രഹവും എല്ലാ ശരിയും ഞങ്ങളാണ് എന്ന് വാദിച്ചവരുടെ ധാര്‍ഷ്ട്യവുമല്ലേ യുദ്ധക്കളത്തിലും പുറത്തും ചത്തുമലച്ചത്. ഈ ഇതിഹാസങ്ങളുടെ ഇതിവൃത്ത ങ്ങള്‍ക്കു പോലും ഇന്നത്തെ ജനാധിപത്യധ്വംസനങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ല.
2020 ആഗസ്റ്റ് മാസം 17-ലെ മലയാളം വാരികയില്‍ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറായിരുന്ന ഡോ. ജെ. പ്രഭാഷിന്റെ ഒരു ലേഖനം വായിക്കാനിട വന്നു. 'ലിബറല്‍ ജനാധിപത്യവും പ്രതിനിധാനത്തിന്റെ പ്രതിസന്ധിയും' എന്ന ലേഖനത്തിലുടനീളം ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്നുണ്ട്. ലോകം മുഴുവന്‍ ജനാധിപത്യത്തിന്റെ ശക്തികള്‍ എന്ന് ഏറ്റു പാടുന്ന അമേരിക്കയിലും റഷ്യയിലും ഇന്ത്യയിലും മറ്റു ജനാധിപത്യരാജ്യങ്ങളിലും ജനങ്ങളുടെ സുസ്ഥിതിക്ക് ഇന്ന് പുല്ലുവിലയാണ്.
ഫ്രെഞ്ച് വിപ്ലവത്തിന്റെ നേതാക്കളില്‍ ഒരാളായ റോബസ്പിയര്‍ 'വിപ്ലവം ഇല്ലാത്ത വിപ്‌ളവ ത്തെക്കുറിച്ച് പറഞ്ഞതുപോലെയാണ് ജനാധിപത്യത്തിന്റെ കാര്യവും. "ജനാധിപത്യത്തില്‍ നിന്ന് ജനാധിപത്യം നാട് നീങ്ങിയി രിക്കുന്നു. പക്ഷേ മുന്‍കാലങ്ങളിലേതു പോലെ, പട്ടാളവിപ്‌ളവത്തിലൂടെ അല്ല അത് സംഭവിക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ തന്നെ അതിന്റെ പേശീബലം ദുര്‍ ബലപ്പെടുത്തുന്നതാണ് ഇവിടെ പ്രശ്‌നം." അമേരിക്കയിലെ ആദ്യ ത്തെ ജനാധിപത്യ വിരുദ്ധ പ്രസിഡന്റ് എന്നു വിശേഷിപ്പിക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് 'താന്‍ വിജയിച്ചാല്‍ തന്റെ രാഷ്ട്രീയ പ്രതി യോഗികളെ ജയിലില്‍ അടയ്ക്കുമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ്. താനല്ലാതെ മറ്റൊരു രാഷ്ട്രീയ ശരിയില്ലായെന്ന് പ്രഖ്യാപിച്ച വിക്ടര്‍ ഒര്‍ബനാണ് ഹങ്കറിയിലെ ഭരണാധികാരി. "താന്‍ ആരുമായും അനുരഞ്ജനത്തിന് തയ്യാറല്ലെന്നും കോണ്‍ഗ്രസ്സും സുപ്രീം കോര്‍ട്ടും പിരിച്ചുവിടണമെന്നും വാദിക്കുന്നയാളാണ് ബ്രസീലി ലെ ജെയ്ര്‍ ബൊള്‍സൊനാരൊ. തുര്‍ക്കിയിലെ എര്‍ദൊഗന്‍ 'എന്റെ ജനങ്ങള്‍' എന്നാണ് ജനങ്ങളെ സംബോധന ചെയ്യുന്നത്. 'മന്‍കീ ബാത്തി'ലൂടെ ജനങ്ങളോട് ഉള്ളു തുറന്ന് സംവദിച്ച് തന്റെ അപ്രമാദിത്വം സ്ഥാപിക്കുന്ന ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്ത് ദിവസേന അരങ്ങേറുന്ന ദളിത്-ന്യൂനപക്ഷ പീഡനങ്ങ ളെക്കുറിച്ചോ കോടാനുകോടി ജ നങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ചോ മിണ്ടാറില്ല. കംബോഡിയായില്‍ അവിടുത്തെ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം സുപ്രീംകോടതി പ്രതിപക്ഷത്തെ പിരിച്ചുവിട്ടിരിക്കുകയാണ്. പ്രതിപക്ഷ രഹിത ജനാധിപത്യമാണ് അവിടെയിപ്പോള്‍. റഷ്യയില്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍ തന്റെ ഔദ്യോഗിക കാലവാധി 16 വര്‍ഷത്തേക്കു കൂടി നീട്ടിയെടുക്കുകയുണ്ടായി.
2006-ല്‍ ലോകരാജ്യങ്ങളില്‍ 62 ശതമാനത്തില്‍ ജനാധിപത്യ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ 2017 ല്‍ ഇത് കേവലം 51 ശതമാനമായി കുറഞ്ഞു. ജനാധിപത്യരാജ്യങ്ങളില്‍ ഒന്നുകില്‍ ഭരണാധികാരികള്‍ ഏകാധിപത്യ പ്രവണതകള്‍ കാണിക്കുകയോ അല്ലെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ സ്വേച്ഛാധിപത്യത്തിന്റെ പാതയിലൂടെ മുന്നേറുകയോ ആണ്. ഇവിടെ ജനാധിപത്യത്തിന്റെ ധാര്‍മിക ബോധം അധികാരികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അധികാരവും പണവും ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വീര്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭരണാധികാരികളും ഭരണകൂടങ്ങളും നേരിട്ടു തന്നെ മനുഷ്യവകാശ ലംഘനങ്ങളും കള്ളക്കടത്തും നടത്തുന്ന തലത്തിലേക്കു കാര്യങ്ങള്‍ കടന്നിരിക്കുന്നു. എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തങ്ങളുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന രാഷ്ടീയാധികാരത്തിന്റെ ദുര്‍വൃത്തിയാല്‍ സാവധാനം ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ ആധുനിക ലോകത്തിനു നഷ്ടമാകാനിടയുണ്ട്.

ഫുള്‍സ്റ്റോപ്പ്:

ഇന്ന് ജനാധിപത്യരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നിഷ്‌ക്രിയമാക്കപ്പെടുന്നത് നീതി ന്യായപീഠങ്ങളും നിയമനിര്‍മാണ സഭകളുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org