
സത്യത്തിന്റെ നല്ല പാരമ്പര്യങ്ങളില്‍ മുറുകെ പിടിക്കുമ്പോഴും പുതുമയാര്‍ന്ന ജീവിത പരിസരത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തുറവി നമുക്കു വേണം എന്ന് പറഞ്ഞുകൊണ്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ കടംകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ഒക്‌ടോബര്‍ 4-ാം തീയതി ആഗോള കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സിനഡിന്റെ 16-ാമത് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തത്. മാറ്റങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു വിഭാഗം എന്നും സമൂഹത്തിലുണ്ട്. പക്ഷേ മാറ്റങ്ങളിലെ സത്യവും നന്മയും ഉള്‍ക്കൊള്ളാനുള്ള തുറവിയാണ് കത്തോലിക്കാ സഭയെ കാലഘട്ടത്തിന്റെ ധാര്‍മ്മിക ശബ്ദമാകാനും കാലഹരണപ്പെടാതെ മുമ്പോട്ടു പോകാനും സഹായിക്കുന്നത്.
ഇപ്പോള്‍ റോമില്‍ നടക്കുന്ന സിനഡിന്റെ വിഷയം തന്നെ ഒപ്പം നടക്കല്‍ അല്ലെങ്കില്‍ ഒരുമിച്ച് സഞ്ചരിക്കല്‍ എന്നര്‍ത്ഥമുള്ള സിനഡാലിറ്റി എന്നതാണ്. ഈ വിഷയം ഏറെ പ്രസക്തമായ കാലഘട്ടമാണിത്. അതിനാല്‍ ഇതിനു മുമ്പ് നടന്ന സിനഡുകളില്‍ നിന്നും ഒത്തിരി വ്യത്യസ്തമായാണ് റോമില്‍ സിനഡ് സമ്മേളനം നടക്കുന്നത്. 365 പേരോളം പങ്കെടുക്കുന്ന സിനഡില്‍ വോട്ടവകാശമുള്ളവരില്‍ 37 ശതമാനം മെത്രാന്മാരല്ലാത്തവരാണ്. ഭാഷയുടെയും മറ്റു മാനദണ്ഡങ്ങളുടെയും പേരില്‍ തരംതിരിച്ചുള്ള 11 പേര്‍ വീതമുള്ള ഗ്രൂപ്പുകളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചയ്ക്ക് അവര്‍ ഇരിക്കുന്നത് ഹൈരാര്‍ക്കി അനുസരിച്ചുള്ള ക്രമത്തിലല്ല. കര്‍ദിനാളുമാരും ആര്‍ച്ചുബിഷപ്പുമാരും വൈദികരും സന്ന്യസ്തരും അല്മായരും മേശയ്ക്കു വട്ടമിരുന്നാണ് ചര്‍ച്ചകള്‍ നടത്തുന്നത്. സ്ഥാനമാനത്തേക്കാള്‍ പരിശുദ്ധാത്മാവിന്റെ ശബ്ദം ശ്രവിക്കാന്‍ മനസ്സുള്ള സഭാംഗങ്ങളായിട്ടാണ് അവരുടെ ഇരിപ്പ്. പറയുന്നതിനേക്കാള്‍ പരസ്പരം ശ്രവിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡംഗങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
സിനഡ് ആരംഭിച്ചപ്പോള്‍ തന്നെ പല കര്‍ദിനാളുമാരും അമേരിക്കയിലെ ചില മെത്രാന്മാരും ഈ സിനഡിന്റെ രീതികളെക്കുറിച്ചും ചര്‍ച്ച ചെയ്യാപ്പെടാവുന്ന വിഷയങ്ങളെക്കുറിച്ചും സംഘാടകരുടെ രീതികളിലുള്ള അപകടങ്ങളെക്കുറിച്ചും മാര്‍പാപ്പയെ നേരിട്ട് എഴുതി അറിയിക്കുകയുണ്ടായി. ഹോങ്‌കോങ്കിലെ മുന്‍ ആര്‍ച്ചുബിഷപ് ആദരണീയനായ കര്‍ദിനാള്‍ ജോസഫ് സെന്‍ എഴുതി ''ഏതു കാര്യത്തെയും വളച്ചൊടിക്കാന്‍ വൈദഗ്ധ്യമുള്ള ഓര്‍ഗനൈസേഴ്‌സിനെക്കുറിച്ച്'' തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതിനാല്‍ ചെറിയ ഗ്രൂപ്പുകളല്ല മറിച്ച് ജനറല്‍ യോഗങ്ങളില്‍ എല്ലാവര്‍ക്കും അവരവരുടെ വാദഗതികള്‍ ഉയര്‍ത്തുവാന്‍ അവസരം നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതുകൂടാതെ ''ദുബ്ബിയ'' (ഊയയശമ). അഞ്ചു കര്‍ദിനാളുമാര്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിപ്പാര്‍ട്ടുമെന്റിന് അഞ്ചു പ്രധാനപ്പെട്ട വാദങ്ങളെക്കുറിച്ചുള്ള അവരുടെ സംശയങ്ങളും എഴുതി അറിയിച്ചിട്ടുണ്ട്. സിനഡാലിറ്റിയെക്കുറിച്ചുള്ള പ്രബോധനത്തിന്റെ വികാസം, ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം ആശീര്‍വദിക്കല്‍, സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആധികാരികത, സ്ത്രീകളുടെ പൗരോഹിത്യം, കൗദാശികമായ പാപമോചനാശീര്‍വാദം. ഈ വിഷയങ്ങളിലൊക്കെ പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള വിയോജിപ്പുകള്‍ ഈ സിനഡില്‍ എങ്ങനെ പ്രതിഫലിക്കുമെന്നതും വളരെ പ്രസക്തമായ ചോദ്യമാണ്.
2021 ല്‍ തന്നെ വത്തിക്കാന്‍ ''ഒരു സിനഡല്‍ സഭയ്ക്കായ്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം'' (എീൃ മ ട്യിീറമഹ ഇവൗൃരവ: ഇീാാൗിശീി, ജമൃശേരശുമശേീി, ങശശൈീി) എന്ന വിഷയത്തെ അധികരിച്ച് ഒരു കൈപുസ്തകം തയ്യാറാക്കിയിരുന്നു. അതുപ്രകാരം പ്രാദേശിക തലങ്ങളില്‍ സിനഡാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അതിന്റെ റിപ്പോര്‍ട്ടുകള്‍ റോമിലേക്ക് അയച്ചു കൊടുക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത്തരം ചര്‍ച്ചകള്‍ക്ക് പ്രാദേശിക തലങ്ങളില്‍ പോലും തണുത്ത പ്രതികരണങ്ങളാണ് ഉണ്ടായിരുന്നത്. സീറോ-മലബാര്‍ സഭയില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരുടെയും സന്യസ്തരുടെയും അല്‍മായരുടെ വിവിധ വിഭാഗങ്ങളുടെയും സിനഡ് കൂടുകയും അതിന്റെ റിപ്പോര്‍ട്ട് റോമിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ ആ റിപ്പോര്‍ട്ടുകളിലെ പ്രധാന വാദം സീറോ മലബാര്‍ സഭയില്‍ കണ്ടുകിട്ടാത്ത സിനഡാലിറ്റിയെക്കുറിച്ചാണ്. ഇവിടുത്തെ സിനഡില്‍ സിനാഡിലിറ്റി എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്നും ഇവിടെ എടുക്കുന്ന തീരുമാനങ്ങളില്‍ ദൈവജനത്തിന്റെ ശബ്ദത്തിനു യാതൊരു വിലയുമില്ലെന്നുമാണ് അനുഭവങ്ങള്‍ തെളിയിക്കുന്നതെന്നും വിശ്വാസികളും വൈദികരും സന്യസ്തരും ഒരേ ശബ്ദത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫുള്‍സ്റ്റോപ്പ്:
റോമിലെ സിനഡില്‍ പങ്കെടുക്കുന്ന ഓര്‍ത്തഡോക്‌സ് എക്യുമെനിക്കല്‍ പാത്രീയാര്‍ക്കീസിന്റെ പ്രതിനിധി പിസിദിയയുടെ ആര്‍ച്ചുബിഷപ്പ് മാര്‍ ജോബിന്റെ അഭിപ്രായത്തില്‍ സിനഡ് മെത്രാന്മാരുടെ മാത്രമായിരിക്കണം. അത് ഒരിക്കലും പുരോഹിതരുടെയും വിശ്വാസികളുടെയും കൂട്ടായ ചര്‍ച്ചാവേദിയാകരുത്. ഇതു തന്നെയാണ് കാലഹരണപ്പെട്ട പൗരസ്ത്യ പാരമ്പര്യത്തിന്റെ ചീഞ്ഞഴിഞ്ഞ വേരുകള്‍. പക്ഷേ, കത്തോലിക്കാ സഭയുടെ റോമിലെ സിനഡില്‍ ധാരാളം അല്മായ വിശ്വാസികള്‍, സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്നുണ്ട്. ഇപ്പോഴും മെത്രാന്മാരാണ് സഭയെന്നു വിശ്വസിക്കുന്ന സങ്കുചിതത്വത്തില്‍ നിന്നും പൗരസ്ത്യ സഭകള്‍ മോചിതമല്ല.