'അഗ്നിപഥ്' പ്രതിരോധത്തെ അഗ്നിക്കിരയാക്കുന്നുവോ?

'അഗ്നിപഥ്' പ്രതിരോധത്തെ അഗ്നിക്കിരയാക്കുന്നുവോ?

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ അഗ്നിയായി ആളിക്കത്തിക്കൊണ്ടിരിക്കുന്നു. തീവ്രഹിന്ദുത്വവാദികളായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കാഞ്ഞ ബുദ്ധിയിലുദിച്ച അഗ്നിപഥ് തൊഴിലില്ലായ്മയുടെ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് യുവജനങ്ങളെ പ്രക്ഷോഭകാരികളാക്കി തെരുവിലിറക്കി. അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റു പ്രസ്ഥാനങ്ങളുടെയോ പിന്തുണയോ നേതൃത്വമോ ഇല്ലായിരുന്നു. അവര്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകളുയർത്തുകയായിരുന്നു. ഒരു ജനാധിപത്യ രാജ്യം 'തെരഞ്ഞടുക്കപ്പെട്ട സ്വേച്ഛാധിപത്യ'ത്തിലേക്ക് പോകുന്നതിന് 2014 മുതല്‍ ഇന്ത്യയില്‍ നാം സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തിന്റെ പ്രതിരോധ സേനാവിഭാഗങ്ങളിലേക്കുള്ള ഹ്രസ്വകാല നിയമനങ്ങളുടെ നാള്‍ വഴി.

കര-കടല്‍-വ്യോമ സേനാവിഭാഗങ്ങളിലേക്ക് 17.5 വയസ്സുമുതല്‍ 23 വയസ്സുവരെയുള്ളവരെ റിക്രൂട്ട് ചെയ്ത് അവര്‍ക്ക് ആറു മാസം മാത്രം പരിശീലനം കൊടുത്ത് നാലുവര്‍ഷത്തേക്ക് നിയമിക്കുന്നു. അതിനുശേഷം അവരില്‍ മിടുക്കരായ 25% പേര്‍ക്ക് സ്ഥിരം ജോലി കൊടുത്ത് ബാക്കിയുള്ള 75% പേരെ തൊഴില്‍ രഹിതരാക്കി തെരുവിലിറക്കുന്ന പദ്ധതി വേണ്ടവിധം പാര്‍ലമെന്റിലോ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി കമ്മിറ്റികളിലോ ചര്‍ച്ച ചെയ്യാതെയാണ് എടുത്തത്. ഈ തീരുമാനം ബി.ജെ.പി. സര്‍ക്കാരിന്റെ ചില കുതന്ത്രങ്ങളുടെ പ്രതിഫലനമാണെന്ന് ബോധമുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാകും. രാജ്യത്തിനുവേണ്ടി ചോരയും നീരും കൊടുത്തിട്ടുള്ള വിരമിച്ച സൈനികര്‍ അഗ്നിപഥ് പദ്ധതിയെ രാജ്യത്തിന്റെ സുരക്ഷയെപ്രതി നഖശിഖാന്തം എതിര്‍ക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രാജ്യത്തിലെ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനമാണ്. ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ 17.7 ശതമാനമാണ്. പരമ്പരാഗതമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിനുള്ള യുവാക്കളുടെ സ്വപ്നമാണ് ആര്‍മിയിലെ ജോലി. സൈന്യത്തില്‍ ജോലി സാഹസം നിറഞ്ഞതാണെങ്കിലും അതു രാജ്യത്തിനുള്ള സേവനം എന്നതുപോലെ തന്നെ തന്റെ കുടുംബത്തെയും സംരക്ഷിക്കാനുള്ള വേതനവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന വലിയ പ്രതീക്ഷയാണ് നാളിതുവരെ അവര്‍ക്കുണ്ടായിരുന്നത്. ഇന്ത്യയിലെ യുവജനങ്ങളുടെ അത്തരം സ്വപ്നങ്ങളെ കത്തിച്ചാമ്പലാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി.

റഷ്യ ഉക്രൈനിലേക്ക് സൈനിക നീക്കം നടത്തിയപ്പോള്‍ നാം കണ്ടതാണ് ഒരു രാജ്യത്തിന്റെ പ്രതിരോധ സേന എത്ര ശക്തവും ഫലവത്തുമായിരിക്കണമെന്നത്. 1971-ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിലും 1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും ഇന്ത്യന്‍ സേനാംഗങ്ങളുടെ കരുത്തും പ്രാപ്തിയും പരീക്ഷിക്കപ്പെട്ടതാണ്. അതിനാല്‍, ഒരു രാജ്യത്തിന്റെ പ്രതിരോധത്തെ ക്ഷയിപ്പിക്കുന്ന പദ്ധതികള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ നേട്ടത്തിനായി കൊണ്ടുവരുന്നത് വളരെ അപകടം നിറഞ്ഞതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.

വര്‍ഷങ്ങളുടെ പരീശിലനത്തിലൂടെയാണ് ഒരു യുവാവിനെയോ യുവതിയേയോ രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവന്‍ നഷ്ടപ്പെടുത്താന്‍ പോലും തയ്യാറുള്ള സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുന്നത്. നീണ്ട വര്‍ഷങ്ങളുടെ ശാരീരകവും മാനസീകവുമായ പരീശിലനവും ഇച്ഛാശക്തിയും അര്‍പ്പണവും ഇല്ലാതെ രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ ആരും തയ്യാറാവുകയില്ല. കേവലം ആറു മാസത്തെ പരിശീലനം കൊണ്ട് 17.5 വയസ്സുകാരനെ ധീരനായ യോദ്ധാവാക്കി മാറ്റാന്‍ സാധിക്കുമെന്നത് മൗഢ്യമല്ലേ? മാത്രവുമല്ല, നാലു വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്ത 'അഗ്നിവീരര്‍' ജോലി രഹിതരായി വീട്ടിലേക്ക് മടങ്ങിയാല്‍ അവര്‍ എന്തു ചെയ്യുമെന്ന് ഊഹിക്കാന്‍ പോലും നമുക്കു സാധിക്കുമോ? അവര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും മതതീവ്രവാദികളുടെയും കൈയില്‍ ആയുധമായി മാറാം. തീവ്രഹിന്ദുത്വനിലപാടുള്ള രാഷ്ട്രീയക്കാര്‍ അഗ്നിവീരരെ തങ്ങളുടെ കുത്സിത താല്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കാനുള്ള കഴുകന്‍ കണ്ണുകളും ഇതിന്റെ പിന്നാമ്പുറത്തുണ്ടായേക്കാം.

അഗ്നിപഥ് പദ്ധതിയുടെ പാളിച്ചകളെപ്പറ്റി നാം എഴുതിയിട്ടും വായിച്ചിട്ടും കാര്യമില്ല. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ഇനിയും ഇന്ത്യയുടെ മതേതരത്വഭാവിയേയും ന്യൂനപക്ഷ സ്വസ്ഥതയും ഇല്ലായ്മ ചെയ്യുന്ന പദ്ധതികള്‍ക്കും നാം സാക്ഷികളാകേണ്ടിവരും.

ഫുള്‍സ്റ്റോപ്പ്: ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്തില്‍ ഏറ്റവും വിചിത്രമായി തോന്നിയത് സര്‍ക്കാരിന്റെ അവിവേകമായ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അഗ്നിപഥ് പദ്ധതിയില്‍ ചേരാനാവില്ല എന്ന തീരുമാനമാണ്. ഇത് ജനാധിപത്യത്തിന്റെ മരണമല്ലാതെ എന്താണ്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org