ഇസ്ലാമിക ഭീകരര്‍ സമ്മാനിക്കുന്ന രക്തസാക്ഷികള്‍

ഇതെന്തു ക്രൂരതയാണ്. മാനവകുലത്തിന്‍റെ എല്ലാം നന്മകളുടെയും രക്തധമനികളാണ് ഇസ്ലാമിക ഭീകരന്മാര്‍ അറുത്തുകൊണ്ടിരിക്കുന്നത്. മനുഷ്യകുലത്തിന് ഇനി ഇവരോടു പൊറുക്കുവാന്‍ സാധിക്കുമോ? ക്രൂരതയുടെയും പൈശാചികതയുടെയും പ്രതീകങ്ങളാണ് ഇസ്ലാമിക ഭീകരര്‍. ഇവരെ ഇസ്ലാമിക എന്ന വിശേഷണംകൊണ്ട് സൂചിപ്പിക്കുന്നതു തന്നെ ഇസ്ലാം മതത്തിനു തന്നെ അവഹേളനമാണ്. കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും മതമെന്നു പറയപ്പെടുന്ന ഇസ്ലാമിന് ഈ ഭീകരരെയും ഭീകരപ്രസ്ഥാനങ്ങളെയും മുഴുവന്‍ തള്ളിപറയാതെ വയ്യ.
ഫ്രാന്‍സ് നിരന്തരം ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ഭീകരതയുടെ രക്തവും കണ്ണീരും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ നോര്‍മണ്ടി പ്രദേശത്തെ സെന്‍റ് എറ്റിയന്‍ ഡുറുവ്ര്‍ പള്ളിയില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരിക്കേയാണ് ഇസ്ലാമിക ഭീകരര്‍ പള്ളിക്കകത്തു കയറി 86 വയസ്സുകാരന്‍ ഫാ. ഷാക് ഹാമലിനെ കഴുത്തുറത്തു കൊന്നത്. അവര്‍ വൈദികനെ മുട്ടുകുത്തി നിറുത്തി അള്ളാഹുവിന്‍റെ നാമം വിളിച്ചുകൊണ്ടാണ് നിഷ്ഠൂരമായി വധിച്ചത്. കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന സിസ്റ്റേഴ്സിനും ഏതാനും ചില അല്മായവിശ്വാസികള്‍ക്കും ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ ഇസ്ലാമിക ഭീകരര്‍ എന്നല്ല സംബോധന ചെയ്യപ്പെടേണ്ടത് മറിച്ച് ചെകുത്താന്‍റെ സന്തതികള്‍ എന്നാണ്.
പാരീസില്‍ മുഹമ്മദ് നബിയുടെ പേരില്‍ കാര്‍ട്ടൂണ്‍ ഇറക്കിയ ചാര്‍ളി അബ്ദോ പത്രത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയുടെ ചുവടുപിടിച്ച് ധാരാളം അക്രമങ്ങള്‍ ഇതിനകം ഫ്രാന്‍സിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുകയുണ്ടായി. ഇസ്ലാമിക ഭീകര്‍ പണ്ടത്തെ കുരിശുയുദ്ധങ്ങള്‍ക്കെതിരെ ക്രൈസ്തവര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണത്രെ. ഇറാക്കിലും സിറിയായിലും ലിബിയായിലും ഒരര്‍ത്ഥത്തില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് കനത്ത പരാജയമാണ് ഉണ്ടായിരിക്കുന്നത്. അവിടെയൊന്നും അവര്‍ വിചാരിക്കുന്നതുപൊലെ ഭീകര പ്രവര്‍ത്തനങ്ങളിലുടെ ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചില്ല. അതിനു പകരം അവര്‍ അവരുടെ പദ്ധതി മാറ്റിപിടിച്ചിരിക്കുകയാണ്. സിറിയായിലും ലിബിയായിലും മറ്റും ക്രൈസ്തവര്‍ക്കു നേരെയാണ് അവര്‍ ഇപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് ലോകമെങ്ങും ഭീതി പരത്താന്‍ അവര്‍ക്കാകും. ലിബിയയില്‍ കോപ്റ്റിക് സഭയിലെ 12 വൈദികരെ ഭീകരര്‍ കൊന്നതിന്‍റെ വീഡിയോ പുറത്തിറക്കി. ലോകത്തിലെ ക്രൈസ്തവര്‍ക്ക് ഭീകരര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. 2015-ല്‍ ഫ്രാന്‍സില്‍ 429 മുസ്ലീം വിരുദ്ധ ബഹളങ്ങളോ ആക്രണങ്ങളോ ഉണ്ടായിട്ടുണ്ടെന്ന് അവിടത്തെ മനുഷ്യാവകാശ കമ്മീഷന്‍ രേഖപ്പടുത്തുന്നു. ഇതിനിടെ ഫ്രാന്‍സിലെ വലതുപക്ഷ തീവ്രവാദി നേതാവ് ലെപെന്‍ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടണമെന്ന വിവാദം നിറഞ്ഞ പ്രസ്താവന ഇറക്കിയതും ഭീകരരെ ചൊടിപ്പിച്ചു.
ഫ്രാന്‍സിലെ പള്ളിയില്‍ വൈദികനെ കഴുത്തറുത്തു കൊന്നതിനെക്കുറിച്ച് മാര്‍പാപ്പ പ്രസ്താവന ഇറക്കിയപ്പോള്‍ കത്തോലിക്കാ സഭയ്ക്കും കാരുണ്യത്തിന്‍റെയും പൊറുതിയുടെയും സമാധാന ശ്രമത്തിന്‍റെയും പുതിയ വെല്ലുവിളി ഉണ്ടായിരിക്കുന്നുവെന്നാണ് പ്രസ്താവിച്ചത്. കരുണയാണ് ദൈവത്തിന്‍റെ മുഖം എന്നു പ്രഖ്യാപിച്ചുകൊണ്ട് ജാതി-മത വ്യത്യാസമില്ലാതെ കാരുണ്യപ്രവൃത്തികള്‍ക്ക് ആഹ്വാനം ചെയ്ത ഒരു മാര്‍പാപ്പ കത്തോലിക്കാ സഭയുടെ തലപ്പിത്തിരിക്കുമ്പോഴാണ് ഇസ്ലാമിക ഭീകരര്‍ ഇത്തരം ക്രൂരതകള്‍ ക്രൈസ്തവരോട് കാണിക്കുന്നത്. മാര്‍പാപ്പ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ നിന്നും തന്‍റെ കൂടെ വത്തിക്കാനിലേക്ക് കൂട്ടിക്കൊണ്ടുപോന്നവരില്‍ ഇസ്ലാം മതവിശ്വാസികളും ഉണ്ടായിരുന്നു എന്ന സത്യം ലോകത്തിന് മറക്കാനാകുമോ? ഇറ്റലി പോലുള്ള ക്രൈസ്തവ രാജ്യങ്ങള്‍ എത്രയോ മുസ്ലീങ്ങളെയാണ് അഭയാര്‍ത്ഥികളായി സ്വീകരിച്ചിരിക്കുന്നത്.
ഒരു പക്ഷേ ഫ്രാന്‍സില്‍ ഇത്തരത്തില്‍ ഒരു നാടകം കളിച്ചത് അസംതൃപ്തരായ ഇസ്ലാമിലെ യുവാക്കളെയും യുവതികളെയും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിലേയ്ക്ക് ആ കര്‍ഷിക്കാനായിരിക്കും. ഫാ. ഷാകിനെ വധിച്ച ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചാര്‍ളി അബ്ദോ കേസില്‍ ഭീകരവാദത്തിന് പിടിക്കപ്പെടുകയും പിന്നിട് വിട്ടയയ്ക്കുകയും ചെയ്ത യുവാവാണ് ഇപ്പോള്‍ ഈ കുറ്റകൃത്യം നടത്തിയത്. ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കു കൃത്യതയും പൂര്‍ണതയും ഇനിയും കൈ വന്നിട്ടില്ല. ഭീകരര്‍ നിഷ്കളങ്കരെ കൊല്ലാന്‍ കാണിക്കുന്ന ശുഷ്കാന്തി അവരുടെ വളര്‍ച്ച തടയാന്‍ ലോകരാഷ്ട്രങ്ങളിലെ സംവിധാനങ്ങള്‍ക്കും ആവശ്യമാണ്. ഭീകരര്‍ അവരുടെ ആക്രമണം നടത്താനെ ളുപ്പമായി കണ്ടെത്തിയിരിക്കുന്നത് ക്രൈസ്തവരുടെ പള്ളികളാണ്. പകല്‍ മുഴുവനും തുറന്നിടുകയും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ആരാധനാലയങ്ങളെ ആക്രമിക്കാന്‍ എളുപ്പമായതുകൊണ്ടും അവരുടെ ലക്ഷ്യം ക്രൈസ്തവ സഭകളെ ഇല്ലായ്മ ചെയ്യലുമായതിനാല്‍ ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന നിലയില്‍ കാര്യങ്ങള്‍ എളുപ്പമാണ് എന്നതും ഇതിനൊരു കാരണമാണ്.
ലോകമെങ്ങുമുള്ള യുവതീ യുവാക്കള്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ്. മറ്റുള്ളവരുടെ കഴുത്തറക്കുന്ന കാഴ്ചകള്‍ യുട്യൂബിലും സ്മാര്‍ട്ട് ഫോണിലും കാണുന്ന കുട്ടികള്‍ക്ക് ദുഃഖമോ, ഭയമോ അല്ല ഉണ്ടാകുന്നത്. ഇത് ഒരു രസമാണ്. കഴുത്തറുക്കുന്നതിന് പരിശീലനം കൊടുക്കുന്ന ഇസ്ലാമിക ഭീകരരുടെ കൂടെ പോകുന്ന ഇതര മതത്തില്‍ പെട്ടയുവതീയുവാക്കളും കേരളത്തില്‍ പോലും ഉണ്ട്. ഇവരുടെ മാനസിക വളര്‍ച്ചയില്‍ എവിടെയോ കുഴപ്പമുണ്ട്. ഇസ്ലാമിക ഭീകരതയെ ചെറുക്കുവാന്‍ ബാഹ്യമായതു മാത്രം ചെയ്തിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ കാലഘട്ടത്തിലെ സംസ്കാരത്തെയും സമൂഹത്തെയുമാണ് നാം മാറ്റിയെടുക്കേണ്ടത്. ഇവിടെ എല്ലാ തലങ്ങളിലും മാറ്റം ഉണ്ടാകണം. ക്ഷമയുടെയും സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും ആദ്യപാഠങ്ങള്‍ കുടുംബത്തുനിന്നും തന്നെ ലഭിക്കണം. യൂറോപ്പിലെങ്ങും കുടുംബങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ചയാണ് യുവജനങ്ങളെ വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നത്.
ഫുള്‍സ്റ്റോപ്പ്: മതതീവ്രവാദത്തെയും ഭീകരവാദത്തെയും വാക്കുകൊണ്ടും നമ്മുടെ പ്രവൃത്തികൊണ്ടും ശക്തമായി നാം ചെറുക്കണം. അതിന്‍റെ ആരംഭം നമ്മുടെ കുടുംബത്തുനിന്നും ചെറിയ ചെറിയ സമൂഹത്തില്‍ നിന്നുമാകണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org