സ്‌നേഹപൂര്‍വം വിളമ്പുന്ന സസ്യാഹാരമാണ് വെറുപ്പോടെ വിളമ്പുന്ന കാളയിറച്ചിയേക്കാള്‍ മെച്ചം.
സുഭാഷിതങ്ങള്‍ 15:17
എറണാകുളത്തെ ജസ്യൂട്ട് സാംസ്‌കാരികകേന്ദ്രം സംഘടിപ്പിച്ച പുസ്തകപ്രകാശനത്തിലും സംവാദത്തിലും പങ്കെടുത്തു. 'പൊതുതിരഞ്ഞെടുപ്പും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും' എന്നതായിരുന്നു സംവാദവിഷയം. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ മുഖ്യപ്രഭാഷകന്‍ സമഗ്രമായും സന്തുലിതമായും അവതരിപ്പിച്ചു. ജനാധിപത്യത്തിന്റെ മറവില്‍ ഭരണഘടനയെത്തന്നെയും ഇല്ലാതാക്കി രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ തെളിവുകള്‍ അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. ശേഷം നടന്ന ശ്രോതാക്കളുടെ പ്രതികരണങ്ങളില്‍ ചിലത് വല്ലാതെ അമ്പരപ്പിച്ചു. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് രാജ്യം നേടിയ 'പുരോഗതിയെ' മുന്‍നിര്‍ത്തിയും ലോകത്തിലെ തന്നെ ഒരു വന്‍ശക്തിയായി മാറിയത് ചൂണ്ടിക്കാട്ടിയും ഭരണകൂടത്തെ അകമഴിഞ്ഞ് പുകഴ്ത്താന്‍ ആളുണ്ടായി. വീണ്ടും അധികാരത്തില്‍ വന്നാലും ക്രിസ്ത്യാനികള്‍ക്ക് കാര്യങ്ങളെല്ലാം ശുഭമായിരിക്കുമെന്നും ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും ചിലര്‍ പറയുകയുണ്ടായി. ഉള്ളില്‍ തിളയ്ക്കുന്ന വെറുപ്പിന്റെ ലാവ അനൗചിത്യത്തോടെ ചിലര്‍ പുറത്തേക്ക് വമിപ്പിക്കുന്നതിനും ചടങ്ങ് സാക്ഷ്യം വഹിച്ചു.
വെറുപ്പോടെ വിളമ്പുന്ന കാളയിറച്ചി കൊണ്ടുള്ള വിരുന്നുകളാ ണ് എമ്പാടും നടക്കുന്നത്. വിളമ്പുന്നവരെയും വിരുന്നുണ്ണുന്നവരെയും ഒടുവില്‍ ഇത് ഒരുപോലെ നശിപ്പിക്കുമെന്ന് വിളമ്പുന്നവരും വിരുന്നുണ്ണുന്നവരും ഓര്‍ക്കുന്നില്ല. രാഷ്ട്രീയ-സാമൂഹിക-മത -സാമുദായിക-സോഷ്യല്‍ മീഡിയ മണ്ഡലങ്ങളിലെല്ലാം വെറുപ്പിന്റെ വിരുന്നുകള്‍ക്കാണ് ഇന്ന് ആളുകള്‍ ഇരമ്പിക്കയറുന്നത്. കേരള സഭയും വെറുപ്പിന്റെ ഈ പന്തിഭോജനത്തില്‍ വിളമ്പുകാരായും വിരുന്നുകാരായും കാണപ്പെടുന്നു എന്നത് ദുഃഖകരമാണ്.
സത്യവേദം എന്ന് ക്രിസ്തുമാര്‍ഗം അറിയപ്പെട്ടിരുന്നു. സ്‌നേഹമെന്ന അനശ്വര സത്യത്തെ കുരിശില്‍ ശാശ്വതീകരിച്ച യേശുക്രിസ്തുവാണ് ആ പേരിന്റെ പ്രഭവകേന്ദ്രം. എന്നാല്‍, കേരളത്തില്‍ വെറുപ്പ് എന്ന പുതിയ വേദത്തിന്റെ പ്രചാരകരായ ചിലര്‍ ചേര്‍ന്ന് ഒരു പ്രത്യേക യേശുവിനെ രൂപപ്പെടുത്തിയിട്ടുണ്ട്. അവരുടെ യേശു, 'പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല' എന്ന് പ്രാര്‍ത്ഥിക്കുന്നവനല്ല; 'എന്തിനാണ് എന്നെ അടിച്ചത്' എന്ന് ശക്തിയോടെ ആവര്‍ത്തിക്കുന്നവനാണ്. അവരുടെ യേശു, 'നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും' സമൃദ്ധമായുള്ള ദൈവരാജ്യം എന്ന അനശ്വര സാമ്രാജ്യത്തിന്റെ അധിപനായ സുവിശേഷത്തിലെ മിശിഹായല്ല; അവസരവാദവും അടവുനയങ്ങളും പ്രായോഗിക ബുദ്ധിയും കൈമുതലായുള്ള രാഷ്ട്രീയ മിശിഹായാണ്. അവരുടെ യേശു, 'പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതന്‍' അല്ല; സമുദായത്തിന്റെ ഉന്നമനത്തിനും ശക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സമുദായാചാര്യനാണ്. അവരുടെ യേശു, അധികാരികളുടെ കൊള്ളരുതായ്മകളെ നിശിതമായി വിമര്‍ശിക്കുന്നവനല്ല; സ്വാര്‍ത്ഥപൂരണത്തിനായി അധികാരത്തോടും അധികാരികളോടും സന്ധി ചെയ്യുന്നവനാണ്. അവരുടെ യേശു, സത്യത്തേക്കാള്‍ സംഘബലത്തിനും നീതിയേക്കാള്‍ കൗശലങ്ങള്‍ക്കും മനുഷ്യസ്‌നേഹത്തേക്കാള്‍ പാരമ്പര്യാചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവനാണ്. അവരുടെ യേശു, ശാശ്വതമായ സത്യങ്ങളേക്കാള്‍ താല്ക്കാലികമായ ശരികള്‍ക്ക് പ്രാധാന്യം നല്‍കുന്നവനാണ്.
ക്രിസ്തുമൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനങ്ങളെ അടയാളപ്പെടുത്താന്‍ 'നസറത്തിലെ യേശു, ക്രിസ്ത്യാനികളുടെ യേശു' എന്ന് വേര്‍തിരിച്ചത് സാക്ഷാല്‍ ഖലില്‍ ജിബ്രാനാണ്. ഇന്നായിരുന്നെങ്കില്‍ ഒരുപക്ഷേ, 'കേരളത്തിലെ യേശു' എന്ന് അദ്ദേഹം പറയുമായിരുന്നു!