
ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.
1 തിമോത്തേയോസ് 6:6-7
ഇഹത്തിലെ ധനം സുഖം
യശസുമാഭിജാത്യവും
വഹിച്ചുകൊണ്ടുപോകയില്ല
മര്‍ത്യനന്ത്യയാത്രയില്‍
അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത
പുണ്യമൊന്നുതാന്‍
മഹത്തരം പ്രയോജനം
പരത്തിലും വരുത്തിടും
- സിസ്റ്റര്‍ മേരി ബനീജ്ഞ
'നവംബറിനെ മരിച്ചവരുടെ മാസം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?'
'മരിച്ചവര്‍ക്ക് മാസവും ദിവസവുമൊന്നുമില്ല. അവര്‍ സമയകാലങ്ങളില്‍ നിന്ന് സ്വതന്ത്രരാണ്. നവംബറിനെ ആരും മരിച്ചവരുടെ മാസമെന്ന് വിളിക്കുന്നില്ല. മരിച്ച വിശ്വാസികളെ സവിശേഷമായി ഓര്‍മ്മിക്കുന്ന മാസമാണ് നവംബര്‍. അതുകൊണ്ടാണ് ആത്മാക്കളുടെ മാസം എന്ന് നവംബര്‍ അറിയപ്പെടുന്നത്.'
'എന്തിനാണ് മരിച്ച ആത്മാക്കളെ ഓര്‍മ്മിക്കുന്നത്?'
'സഭയ്ക്ക് എല്ലാവരും ആത്മാക്കളാണ്. മരിച്ചുപോയ ആത്മാക്കളും ജീവിച്ചിരിക്കുന്ന ആത്മാക്കളും. മരിച്ചുപോയ ആത്മാക്കളെ ഓര്‍ക്കണമെന്ന് ജീവിച്ചിരിക്കുന്ന ആത്മാക്കളോട് സഭ പറയുന്നത് മരിച്ചുപോയ ആത്മാക്കള്‍ക്കുവേണ്ടി എന്നതിനേക്കാള്‍ ജീവിച്ചിരിക്കുന്ന ആത്മാക്കള്‍ക്കുവേണ്ടിയാണ്. കാരണം ഒരിക്കല്‍ അവരും മരിക്കുമല്ലോ. അതായത്, മരിച്ചവരെ ഓര്‍ക്കണം എന്നു ജീവിച്ചിരിക്കുന്നവരായ നമ്മോടു പറയുന്നത് നമ്മുടെ മരണത്തെ ഓര്‍മ്മിക്കാനാണ്.'
'ജീവിതത്തെ തന്നെ നേരാംവണ്ണം ഓര്‍ക്കാന്‍ നേരമില്ലാത്തപ്പോള്‍ എന്തിനാണ് മരണത്തെ ഓര്‍മ്മിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്?'
'നിര്‍ബന്ധമില്ല! സമയവും സൗകര്യമുണ്ടെങ്കില്‍ ഓര്‍മ്മിച്ചാല്‍ മതി. ഒരു കാര്യം ഓര്‍മ്മിക്കുന്നത് നല്ലതാണ്. നമ്മള്‍ മരണത്തെ ഓര്‍മ്മിച്ചാലും ഇല്ലെങ്കിലും മരണം നമ്മെ ഓര്‍മ്മിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ നമ്മോടൊപ്പം സദാ 'ജീവിക്കുന്ന' ഒരു യാഥാര്‍ത്ഥ്യമാണ് മരണം. ഭയമല്ല, കരുതലും ജാഗ്രതയുമാണ് വേണ്ടത് എന്ന് പറയാറില്ലേ. അതാണ് ഇക്കാര്യത്തിലും അഭികാമ്യം. ഓര്‍മ്മയും ഒരുക്കവുമുണ്ടായിരിക്കുക എന്നതാണ് പ്രധാനം.'
ആത്മായനങ്ങളുടെ നവംബര്‍ വീണ്ടും വന്നണഞ്ഞു. അയനം എന്ന വാക്കിന് ഗതി, സഞ്ചാരം, വഴി, വ്യാഖ്യാനം, വീട്, പ്രാപ്യസ്ഥാനം എന്നൊക്കെ അര്‍ത്ഥമുണ്ട്. ഏതര്‍ത്ഥത്തിലായാലും ആത്മായനം എന്ന പദം ആത്മാവിന്റെ അവസ്ഥാന്തരങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളുന്നുണ്ട്. കവയിത്രി പറയുന്നതുപോലെ, കുഴിമാടം വരെ മാത്രം അനുഗമിക്കാന്‍ കഴിയുന്നവ സ്വരൂപിക്കുന്നതിനാണോ നമ്മുടെ സര്‍വപ്രയത്‌നങ്ങളും? അതോ ഒരു നുള്ള് മണ്ണും കുന്തുരുക്കവും പൂവും നിക്ഷേപിച്ച് ഉറ്റവര്‍ മടങ്ങിയതിനുശേഷവും ആത്മാവിന്റെ അയനത്തെ അനുയാത്ര ചെയ്യാന്‍ കെല്പുള്ളവ സ്വന്തമാക്കാനോ? നവംബര്‍ ആചരണം ഈ ചോദ്യത്തിന് ഉത്തരമേകട്ടെ.