വചനമനസ്‌കാരം: No.98

വചനമനസ്‌കാരം: No.98

അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ലൂക്കാ 1:48

  • 'അവനാല്‍ സൃഷ്ടിക്കപ്പെട്ട അമ്മയില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്. അവന്‍ രൂപപ്പെടുത്തിയ കൈകള്‍ അവനെ വഹിച്ചു. വാക്കുകളില്ലാത്ത ശൈശവാവസ്ഥയില്‍ അവന്‍ പുല്‍ത്തൊട്ടിയില്‍ നിലവിളിച്ചു. അവന്‍, വചനം - അവനില്ലാതെ മനുഷ്യന്റെ വാചാലത നിശ്ശബ്ദമാണ്.'

  • - വിശുദ്ധ അഗസ്റ്റിന്‍

അതിരൂപത വിശ്വാസപരിശീലനകേന്ദ്രം വിശ്വാസപരിശീലകര്‍ക്കായി സംഘടിപ്പിച്ച ബേസിക് ഓറിയന്റേഷന്‍ കോഴ്‌സില്‍ ക്ലാസ് എടുക്കാന്‍ അവസരം ലഭിച്ചു. 'വിശ്വാസപരിശീലകര്‍ - വിളിയും ദൗത്യവും' എന്ന വിഷയമാണ് അവതരിപ്പിച്ചത്. ക്ലാസ് കഴിഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ ഒരാള്‍ വന്ന് പരിചയപ്പെട്ടു. ക്ലാസ് നന്നായിരുന്നെന്നും കുറച്ചു സമയം കൂടി വേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിനയാന്വിതമായ ഭാവത്തില്‍ പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. നഗരത്തിലെ ഒരു ചെറിയ പള്ളിയില്‍ വിശ്വാസപരിശീലനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായാണ് പരിശീലനപരിപാടിയില്‍ സംബന്ധിക്കാന്‍ വന്നത്. വികാരിയച്ചനെ ചെന്നു കണ്ട് ആഗ്രഹം അറിയിച്ച് അവസരം തേടുകയായിരുന്നു. എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് എയര്‍ഫോഴ്‌സിലാണ് എന്ന് ഒറ്റവാക്കില്‍ മറുപടി ലഭിച്ചു. എയര്‍ഫോഴ്‌സില്‍ എന്താണ് തസ്തിക എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന് മറുപടി ലഭിച്ചു. ഇത്രയും 'ഉന്നത നിലയിലുള്ള' ഒരു വിശ്വാസപരിശീലകനെ ആദ്യമായി കാണുകയാണെന്നും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞതിനുള്ള പ്രതികരണം ചെറുപുഞ്ചിരിയില്‍ ഒതുങ്ങി. വ്യക്തിപരമായ ചില സഹനാനുഭവങ്ങളിലൂടെയാണ് വിശ്വാസപരിശീലകനാകാന്‍ ദൈവം അദ്ദേഹത്തെ ഒരുക്കിയത്. ഉന്നതങ്ങളില്‍ ആകാശയാനങ്ങളില്‍ പറക്കുകയും പറക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നയാള്‍ ഇതാ, അത്യുന്നതന്റെ വ്യോമവീഥിയില്‍ വിശ്വാസയാനത്തില്‍ പറക്കുകയും പറക്കാന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു! പരസ്പരം പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് മടങ്ങുമ്പോള്‍ വിനയം നിറഞ്ഞ അദ്ദേഹത്തിന്റെ വശ്യമായ വ്യക്തിത്വം ഹൃദയത്തില്‍ നിത്യമായി പതിഞ്ഞിരുന്നു.

ലഭിച്ച സൗഭാഗ്യങ്ങളുടെയും അനുഭവിച്ച സഹനങ്ങളുടെയും പേരില്‍ മേനി നടിക്കാമെങ്കില്‍ മറിയത്തിനോളം അത് സാധ്യമായിരുന്ന മറ്റൊരാളില്ല. അവനെ ഉദരത്തില്‍ വഹിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്ത സൗഭാഗ്യവതിയുടെ പേരില്‍ അവന് തന്നെയും പ്രശംസ ലഭിക്കുന്നുണ്ട് (ലൂക്കാ 11:27). എന്നാല്‍, താഴ്മയുടെ തിരശ്ശീലയില്‍ സ്വയം പൊതിഞ്ഞ് തന്റെ പുത്രന്റെ നിഴലിനും നിലാവിനും പിന്നില്‍ മറിയം മറയുകയായിരുന്നു. അതിനാലാണ് സമയത്തിന്റെ പൂര്‍ത്തിയില്‍ തിരശീലകളൊക്കെ മാറ്റി 'സൂര്യനെ ഉടയാടയാക്കിയ സ്ത്രീയെ' സകലര്‍ക്കും അഭയവും സങ്കേതവുമായി രംഗവേദിയുടെ മുന്നില്‍ ദൈവം അവതരിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org