
നിര്‍മ്മലമായ ഹൃദയത്തിന്റെ മൂല്യം നിര്‍ണ്ണയാതീതമാണ്.
പ്രഭാഷകന്‍ 26:15
ഓഫീസ് മുറിയിലേക്ക് ഒരാള്‍ കടന്നുവന്നു. അമ്പതുകളുടെ മധ്യത്തില്‍ പ്രായം കാണും. വിവര്‍ണ്ണമായ മുഖം. ഇരിക്കാന്‍ ആംഗ്യം കാട്ടി. പതിഞ്ഞ ശബ്ദത്തില്‍ അയാളാണ് സംഭാഷണം ആരംഭിച്ചത്.
'സര്‍, ആശുപത്രി ബില്ലുകളുടെ കോപ്പി കിട്ടുമോ?'
'ആരാണ് പേഷ്യന്റ്?'
'എന്റെ അമ്മയാണ്.'
'എന്തിനാണ് ബില്ലുകളുടെ പകര്‍പ്പുകള്‍?'
'അടുത്തകാലത്തായി മൂന്നു തവണ അമ്മയെ ഇവിടെ കിടത്തി ചികിത്സിച്ചിട്ടുണ്ട്. അമ്മയെ നോക്കിയതും ബില്ലടച്ചതുമെല്ലാം ഞാനാണ്. എന്നാല്‍ ഒറിജിനല്‍ ബില്ലുകള്‍ നഷ്ടപ്പെട്ടുപോയി.'
'നിങ്ങളുടെ ആവശ്യമെന്താണെന്ന് പറഞ്ഞില്ല.'
'അമ്മയുടെ കാര്യങ്ങളെല്ലാം നോക്കിയത് ഞാനാണല്ലോ! മൂന്നു തവണ കിടന്നതിന് തന്നെ നല്ലൊരു തുകയായിട്ടുണ്ട്. തുടര്‍ചികിത്സകള്‍ക്കും പരിശോധനകള്‍ക്കുമൊക്കെ വേറെയും പണം ചെലവായിട്ടുണ്ട്. എന്നാല്‍ ഞാന്‍ അമ്മയ്ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. ബില്ലുകളുടെ പകര്‍പ്പ് കിട്ടുകയാണെങ്കില്‍ തെളിവായി അവരെ കാണിക്കാമല്ലോ!'
'ഇത് വളരെ വിചിത്രമാണല്ലോ!'
'എന്റെ അമ്മയെ നോക്കാന്‍ എനിക്ക് മടിയില്ല. അതെന്റെ കടമയാണ്. എന്നാല്‍ ചെയ്യാനുള്ളതൊക്കെ ചെയ്തിട്ടും ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി ക്രൂശിക്കുന്നത് സഹിക്കാനാവില്ല.'
'അല്ല സുഹൃത്തേ! നിങ്ങളാണ് അമ്മയെ നോക്കിയതെന്നും പണം ചെലവാക്കിയതെന്നുമൊക്കെ അമ്മയ്ക്ക് അറിയാമല്ലോ?'
'അറിയാം. പക്ഷേ അമ്മ അതൊന്നും പറയില്ല.'
'ചങ്ങാതി! ഇതാണ് ലോകഗതി. പക്ഷേ വിഷമിക്കേണ്ടതില്ല. കര്‍ത്താവിന്റെ കണക്കുപുസ്തകത്തില്‍ എല്ലാം കൃത്യമായി കുറിക്കപ്പെട്ടിട്ടുണ്ട്. അവിടെ ബില്ലുകളൊന്നും ആവശ്യമില്ല.'
'അത് ശരിയാണ്. എങ്കിലും സഹിക്കുന്നതിന് ഒരു പരിധിയില്ലേ സര്‍!'
അങ്ങനെയും മനുഷ്യരുണ്ട്. കണക്കുപുസ്തകങ്ങളില്‍ വിശ്വാസമില്ലാത്തവര്‍. സ്‌നേഹത്തിന്റെ രസങ്ങളിലും തന്ത്രങ്ങളിലും നൈപുണ്യമില്ലാത്തവര്‍. ഹൃദയനൈര്‍മ്മല്യത്തിന്റെ ആധിക്യത്താല്‍ തെളിവുകള്‍ സൂക്ഷിക്കാതെ കടമകള്‍ നിറവേറ്റുന്നവര്‍. 'എന്തു ചെയ്തു' എന്ന ചോദ്യത്തിന് വാക്കുകളില്‍ ഉത്തരം നല്‍കാന്‍ കഴിയാതെ സ്വര്‍ഗത്തിലേക്കും സ്വന്തം ഹൃദയത്തിലേക്കും മാത്രം നോക്കുന്നവര്‍. ചെയ്യാനുള്ളതൊക്കെ ചെയ്തിട്ടും ഉറ്റവരാല്‍ത്തന്നെ വിധിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്നവര്‍. ആ ക്രൂശീകരണത്തിന്റെ തീവ്രവേദന അനുഭവിച്ചു മാത്രം അറിയാനാകുന്നതാണ്. പക്ഷേ കുരിശുമരണങ്ങള്‍ അവരുടേതെന്നതുപോലെ പുനരുത്ഥാനങ്ങളും അവരുടേതത്രെ. അത്തരം മനുഷ്യരെ മറിയത്തിന് വേഗം മനസ്സിലാകും. ഹൃദയനൈര്‍മ്മല്യമാണല്ലോ സമസ്ത സങ്കടങ്ങളും സഹനങ്ങളും മഹത്വങ്ങളും സ്തുതികളുമൊക്കെ അവള്‍ക്ക് നേടിക്കൊടുത്തത്.