വചനമനസ്‌കാരം: No.96

വചനമനസ്‌കാരം: No.96
Published on

ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!

ലൂക്കാ 1:28

'ദൈവം മാലാഖമാര്‍ക്കുവേണ്ടി ഒരു ലോകം സൃഷ്ടിച്ചു സ്വര്‍ഗം. മനുഷ്യര്‍ക്കുവേണ്ടി ഒരു ലോകം സൃഷ്ടിച്ചു ഭൂമി. തനിക്കുവേണ്ടിത്തന്നെ ഒരു ലോകം സൃഷ്ടിച്ചു - മറിയം.' - വിശുദ്ധ ബെര്‍ണ്ണാര്‍ദ്

പ്രിയസുഹൃത്തായ ഒരു വൈദികന്റെ അപ്പച്ചന്‍ മരിച്ചു. നാട്ടിന്‍ പുറത്തിന്റെ സമൃദ്ധമായ നന്മകളുള്ള ഒരു പച്ചമനുഷ്യന്‍. 89 വര്‍ഷം അദ്ദേഹം ഭൂമിയിലുണ്ടായിരുന്നു. മണ്ണില്‍ കഠിനമായി അധ്വാനിച്ചു. മനുഷ്യരോട് നിര്‍മ്മലമായി ഇടപെട്ടു. ദൈവത്തോട് അഗാധമായ ഹൃദയബന്ധം സൂക്ഷിച്ചു. അനുദിനം ദിവ്യപൂജയ്ക്ക് അള്‍ത്താരയ്ക്കു മുന്നിലണഞ്ഞു. ചായക്കടയിലും നാല്‍ക്കവലകളിലും നിറസാന്നിധ്യമായിരുന്നു. തോളില്‍ ഒരു വെളുത്ത തോര്‍ത്ത് എപ്പോഴും ഉണ്ടായിരുന്നു. മഹാനഗരത്തില്‍ വരുമ്പോഴും അതുപേക്ഷിച്ചില്ല. ആ വെളുത്ത തുണിശീലയാല്‍ അദ്ദേഹം തുടച്ചുനീക്കിയത് വിയര്‍പ്പുതുള്ളികളും പൊടിപടലങ്ങളും മാത്രമായിരുന്നില്ല; കപടതയും സ്വാര്‍ത്ഥതയും നിറഞ്ഞ ഈ കറുത്ത ലോകത്തിന്റെ മുഴുവന്‍ മാലിന്യങ്ങളുമായിരുന്നു. ജ്ഞാനസ്‌നാനത്തില്‍ ആത്മാവില്‍ പതിഞ്ഞ പാവനമുദ്ര കളങ്കിതമാകാതിരിക്കാന്‍ കഴിയുന്നത്ര പരിശ്രമിച്ച ഒരാള്‍! പ്രിയതമയെ പ്രാണനു തുല്യം സ്‌നേഹിച്ചു. മൂന്നു മക്കളെ അധ്വാനിച്ചു വളര്‍ത്തി. ഒരാളെ കര്‍തൃശുശ്രൂഷയ്ക്കായി സ്‌നേഹപൂര്‍വം വിട്ടുനല്‍കി. മൃതസംസ്‌കാര ശുശ്രൂഷയ്ക്കിടെ സന്ദേശം നല്‍കിയ സുഹൃദ്‌വൈദികന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് മാതാവിന്റെ 'കഠിനഭക്തന്‍' എന്നാണ്. തുടര്‍ച്ചയായി 50 വര്‍ഷം അദ്ദേഹം വേളാങ്കണ്ണിയില്‍ പോയിരുന്നു. ഒരു തവണ നടന്നാണത്രെ പോയത്!

എങ്ങനെയാണ് മറിയത്തിന് ഇത്തരത്തില്‍ കഠിനഭക്തര്‍ ഉണ്ടാകുന്നത്? ഒരിക്കലും സ്വയം 'പ്രൊജെക്റ്റ് ' ചെയ്യാതിരുന്നിട്ടും, 'അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍' എന്ന് എപ്പോഴും ആവര്‍ത്തിച്ചിട്ടും പരസഹസ്രം മനുഷ്യര്‍ മറിയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണമെന്താണ്? ഫാത്തിമ മാതാവ്, വേളാങ്കണ്ണി മാതാവ്, കൊരട്ടിമുത്തി, പള്ളിപ്പുറത്തമ്മ, വല്ലാര്‍പാടത്തമ്മ, കൃപാസനം മാതാവ് എന്നിങ്ങനെ പേരുകള്‍ മാറിയാലും അനേകായിരം മനുഷ്യര്‍ക്ക് മറിയം ദൈവത്തിലേക്കുള്ള പാലമാകുന്നതിന്റെ പൊരുളെന്താണ്? മരിയോളജിയൊന്നും അറിയില്ലെങ്കിലും ജീവിതസമസ്യകള്‍ക്ക് ഉത്തരം തേടി അനേകം മനുഷ്യര്‍ അവളെ അഭയം പ്രാപിക്കുന്നതിന്റെ കാരണമെന്താണ്? മുഖ്യദൂതനായ ഗബ്രിയേലിന്റെ അഭിവാദനവാക്യത്തില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമുണ്ട്. ദൈവകൃപയുടെ നിശ്ചയവും നിയോഗവുമാണത്. തനിക്കുവേണ്ടി സൃഷ്ടിച്ച കൃപയുടെ ആ ലോകത്തെയാണ് കുരിശില്‍ കിടക്കവെ യേശു നമ്മുടെ ലോകമായി പതിച്ചു നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org