വചനമനസ്‌കാരം: No.95

വചനമനസ്‌കാരം: No.95

ചിലര്‍ രഥങ്ങളിലും മറ്റു ചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു.

സങ്കീര്‍ത്തനങ്ങള്‍ 20:7

'മാതാവിന്റെ ബലത്തിലാണ് സാറേ, ജീവിച്ചുപോകുന്നത്.'

ഓഫീസ് മുറിയിലേക്ക് ഒരു യുവതി കടന്നുവന്നു. മങ്ങിയ ചുരിദാറാണ് വേഷം. ഷാള്‍ കൊണ്ട് ശിരസ് മൂടിയിട്ടുണ്ട്. പ്രശാന്തമായ മുഖം; തീക്ഷ്ണമായ കണ്ണുകള്‍. പാവപ്പെട്ടവളെങ്കിലും പൊരുതി ജീവിക്കുന്നവളാണെന്ന് വ്യക്തമാണ്. ഇരിക്കാന്‍ ആംഗ്യം കാട്ടി. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി എത്ര ചെലവാകും എന്ന സാക്ഷ്യപത്രമാണ് വേണ്ടത്. ഏതോ ചാരിറ്റബിള്‍ സ്ഥാപനത്തില്‍ കൊടുക്കാനാണ്. നമ്പര്‍ കാര്‍ഡ് വാങ്ങി കംപ്യൂട്ടറില്‍ നോക്കി. അണ്ഡാശയത്തില്‍ (ഓവറി) കാന്‍സറാണ്. ആറു കീമൊതെറെപി കഴിഞ്ഞു. ഇനിയുള്ളത് വലിയൊരു ശസ്ത്രക്രിയയാണ്. അതിനു സഹായം സ്വരൂപിക്കാനാണ് എസ്റ്റിമേറ്റ് വേണ്ടത്. ആരും കൂടെയില്ലേ എന്ന ചോദ്യത്തിന് ഉത്തരമായി അവള്‍ സ്വന്തം ജീവിതം ചുരുക്കി പറഞ്ഞു. ഭര്‍ത്താവ് മനോദൗര്‍ബല്യമുള്ള ആളാണ്. ഇടയ്ക്ക് അക്രമാസക്തനാകും. പിന്നെ മാസങ്ങളോളം പ്രത്യേക കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കും. രോഗം കുറഞ്ഞാലും വീട്ടില്‍ കൊണ്ടുവന്ന് നോക്കാന്‍ പലപ്പോഴും പറ്റാറില്ല. നാട്ടിന്‍പുറത്തെ ചെറിയ പണികള്‍ക്കു പോലും പോകാന്‍ പിന്നെ അവള്‍ക്ക് കഴിയാത്തതാണ് കാരണം. പതിമൂന്നും എട്ടും അഞ്ചും വയസുള്ള മൂന്നു പെണ്‍കുട്ടികള്‍. മൂന്നുപേരും നന്നായി പഠിക്കും. അക്കാരണത്താല്‍ അടുത്തുള്ള സിസ്റ്റേഴ്‌സിന്റെ സ്‌കൂളില്‍ ഫീസ് വാങ്ങാതെ പഠിപ്പിക്കുന്നുണ്ട്. എങ്കിലും അധ്യയനവര്‍ഷാരംഭത്തില്‍ മൂന്നു പേരുടെ പാഠപുസ്തകങ്ങളും യൂണിഫോമും അവള്‍ക്ക് വെല്ലുവിളിയാണ്. മക്കള്‍ മൂവരുടെയും പേരിന്റെ രണ്ടാമത്തെ വാക്കായി മരിയ ആവര്‍ത്തിക്കുന്നുണ്ട്. അതേപ്പറ്റി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടിയാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. 39 വയസിനുള്ളില്‍ അവള്‍ ജീവിച്ച ജീവിതത്തെ ഓര്‍ത്ത് മനസാ നമസ്‌കരിച്ചു. നന്ദി പറഞ്ഞ് സാക്ഷ്യപത്രവുമായി അവള്‍ പോയതിനു ശേഷവും ആ വാക്കുകള്‍ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

എന്താണ് അവള്‍ പറഞ്ഞ 'മാതാവിന്റെ ബലം?' രഥങ്ങളും കുതിരകളും സൈന്യദളങ്ങളും സ്വന്തമായില്ലാത്ത നസറത്തിലെ കന്യകയുടെ നിത്യമായ ബലം എന്താണ്? മറ്റു ബലങ്ങളൊന്നുമില്ലാത്ത നിരാലംബരായ പരസഹസ്രം മനുഷ്യര്‍ക്ക് മറിയം ബലവും അഭയവുമാകുന്നത് എങ്ങനെയാണ്? അവളുടെ ബലം ദൈവകൃപയുടെ ബലമാണ്. അവളുടെ ബലം അഗാധമായ താഴ്മയുടെയും സമ്പൂര്‍ണ സമര്‍പ്പണത്തിന്റെയും പരിപൂര്‍ണ വിശ്വസ്തതയുടെയും ബലമാണ്. മറിയത്തിന്റെ അനുപമമായ ബലങ്ങള്‍ ധ്യാനിക്കാനാണ് ഒക്‌ടോബര്‍ നമ്മെ ക്ഷണിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org