
അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
യോഹന്നാന്‍ 19:27
ഭൂമി കരയുന്നു
ഭൂതമൊരു ഭാരം!
ഭാവിയോ ഭീകരം!
വര്‍ത്തമാനം പരമദാരുണം,
ദുസ്സഹം!
- കാവാലം നാരായണപണിക്കര്‍
ഓഫീസിലേക്കുള്ള പതിവുയാത്രയ്ക്ക് മെട്രോ കാത്തുനില്‍ക്കുകയാണ്. പെരിയാറും നിളയും കബനിയും ഗംഗയും കാവേരിയും തപ്തിയുമെല്ലാം ചേര്‍ന്ന് നഗരയാത്രയെ നവീകരിച്ചു എന്നതാണ് സത്യം. റോഡിലെ ദുസ്സഹമായ തിരക്കും തടസ്സവുമില്ല. റെയില്‍വേയുടെ ഔദാര്യമായ പാസഞ്ചര്‍ തീവണ്ടികള്‍ക്കായി അക്ഷമരായി കാത്തുനില്‍ക്കേണ്ടതില്ല. ചൂടും പൊടിയും പുകയുമില്ല. ഓരോ ഏഴു മിനിറ്റിലും സുഖശീതളിമയില്‍ ഒഴുകിനീങ്ങാം. അതാ വരുന്നു 'യമുന.' പതിവില്ലാത്ത വിധം തിരക്കാണ്. നിറയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഇളംനീലയും ക്രീമും നിറത്തിലുള്ള യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍. ആദ്യമായി മെട്രോയില്‍ കയറുന്നതിന്റെ കൗതുകത്തിലും വിനോദയാത്രയുടെ ആഹഌദത്തിലുമാണ് എല്ലാവരും. ചെറുസംഘങ്ങളായി കൂടി നിന്ന് പൊട്ടിച്ചിരികളും കലപിലകളും! ഒരു സംഘത്തോട് സംഭാഷണമാരംഭിച്ചു.
'എവിടെ നിന്നാണ്?'
'തൃശൂര്‍ അടുത്ത് ചൂണ്ടല്‍'
'എങ്ങോട്ടാണ് യാത്ര?'
'എറണാകുളം'
'എവിടെയൊക്കെ പോകും?'
'ചരിത്ര മ്യൂസിയം, ഹില്‍ പാലസ്, ചെറായി ബീച്ച്.'
'ലുലുവില്‍ പോകുന്നില്ലേ?'
'ഇല്ല.'
'ഈ L.I.G.H.S. ന്റെ മുഴുവന്‍ പേരെന്താണ്?'
'ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് ഹൈസ്‌കൂള്‍.'
'ഇമ്മാക്കുലേറ്റ് ആരാണെന്നറിയാമോ?'
'മാതാവ്.'
'ആരുടെ മാതാവ്?'
'നമ്മുടെ മാതാവ്!'
'മിടുക്കി! സിസ്റ്റേഴ്‌സിന്റെ സ്‌കൂളാണോ?'
'അതെ'
പത്തടിപ്പാലം സ്റ്റേഷനില്‍ അവര്‍ ഇറങ്ങാനൊരുങ്ങവെ നല്ല ദിവസം ആശംസിച്ചു. ഉള്ളില്‍ ചിന്തകളുടെ പ്രവാഹം. ഹൃദയം സ്വയമേവ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ദൈവമേ! ഈ കുഞ്ഞുങ്ങളെ അങ്ങയുടെ പരിപാലന നിര്‍മ്മലരായി കാക്കട്ടെ. വിനയത്തിലും വിജ്ഞാനത്തിലും വിശുദ്ധിയിലും അവര്‍ വളരട്ടെ. 2022 ല്‍ മാത്രം നാലായിരത്തി അഞ്ഞൂറിലേറെ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നാട് അങ്ങയുടെ 'സ്വന്തം' എന്നറിയപ്പെടുന്നത് അങ്ങേയ്ക്ക് അപകീര്‍ത്തിയാണെന്നറിയാം. പരമദാരുണവും ദുസ്സഹവുമായ വര്‍ത്തമാനവും ഭീകരമായ ഭാവിയുമാണ് ഞങ്ങള്‍ അവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നതെന്നും അറിയാം. എങ്കിലും അവരുടെ നാളെകള്‍, ഇന്നേ അങ്ങയുടെ കരുണയില്‍ ഭദ്രമായിരിക്കട്ടെ. കരുത്തരും നിര്‍ഭയരും സമര്‍ത്ഥരും കരുണയുള്ളവരുമായി വളര്‍ന്ന് നാളെയുടെ ലോകത്തെ നയിക്കാന്‍ അവര്‍ പ്രാപ്തരാകട്ടെ.
വീണ്ടും ഒരു ഒക്‌ടോബര്‍ വരികയാണ്. കുരിശില്‍ അവന്‍ നമുക്കു തന്ന 'ലേഡി ഇമ്മാക്കുലേറ്റിന്' സകലരെയും സര്‍വതിനെയും സമര്‍പ്പിക്കാം.