
നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.
റോമാ 8:26
'രണ്ടു തവണ ഭരണം കിട്ടുന്നതു പ്രസ്ഥാനത്തിന് അഹങ്കാരം നല്‍കുമെന്നും മൂന്നു തവണ കിട്ടുന്നതു പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാ നന്ദന്‍ പറഞ്ഞു. അടുത്ത തവണ അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നാണു താന്‍ സുഹൃത്തുക്കളായ സഖാക്കളോടു പറയാറുള്ളതെന്നും വന്നാല്‍ അതു പ്രസ്ഥാനത്തിന്റെ അവസാനമായിരിക്കുമെന്നും അദ്ദേഹം മാധ്യമ അഭിമുഖത്തില്‍ പറഞ്ഞു.'
ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതിയിലെ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണിത്. പ്രസ്താവനയിലെ രാഷ്ട്രീയമല്ല ഇവിടെ വിചാരവിധേയമാക്കുന്നത്. സഖാക്കളോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞതിലെ 'വൈരുധ്യാത്മക ആത്മീയവാദം' മാത്രമാണ്. കവികള്‍ക്ക് ഭ്രമകല്പനകളും മോഹനസങ്ക ല്പങ്ങളും അനുവദനീയമാണ്. എങ്കിലും അദ്ദേഹത്തോട് ചില ചോദ്യങ്ങളുണ്ട്. ഗതികെടുമ്പോള്‍ ശ്രമിച്ചുനോക്കേണ്ട ഒന്നാണോ പ്രാര്‍ത്ഥന? സഖാക്കള്‍ ആരോട് പ്രാര്‍ത്ഥിക്കും? വിശ്വാസമില്ലാതെ എങ്ങനെ പ്രാര്‍ത്ഥിക്കും? കലികാലത്തില്‍ കമ്മ്യൂണിസ്റ്റും പ്രാര്‍ത്ഥിക്കുമെന്ന് കരുതിയാലും ഏതു മൂര്‍ത്തിയോടും പ്രതിഷ്ഠയോടുമാണ് അവര്‍ പ്രാര്‍ത്ഥിക്കേണ്ടത്? അവര്‍ 'വിശ്വസിക്കുകയും ആരാധിക്കുകയും' ചെയ്യുന്ന സൈദ്ധാന്തികവിഗ്രഹങ്ങള്‍ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം നല്‍കാനും ത്രാണിയുള്ളവരാണോ?
നൈരാശ്യത്തില്‍ നിന്നുയര്‍ന്ന നെടുവീര്‍പ്പാണ് കവിയുടേത് എന്ന് വ്യക്തമാണ്. ആരു ഭരിച്ചാലും ജനത്തിന്റെ അവസ്ഥയില്‍ മാറ്റമില്ല. ജോബ് പറഞ്ഞതുപോലെ, നെടുവീര്‍പ്പുകള്‍ ഭക്ഷിച്ചു (3:24) ജീവിക്കാനാണ് അവരുടെ വിധി. സമകാലിക സഭയിലും അതാണ് സ്ഥിതി. അടച്ചുപൂട്ടിയ ആരാധനാലയത്തിനു മുന്നില്‍ നിന്ന് ദൈവജനം നെടുവീര്‍പ്പിടാന്‍ തുടങ്ങിയിട്ട് മൂന്നൂറു ദിവസങ്ങളാകുന്നു. ആത്മാവിന്റെ സഹായത്താലും മാധ്യസ്ഥ്യത്താലുമുള്ള പ്രാര്‍ത്ഥനയാണ് നെടുവീര്‍പ്പ് എന്നാണല്ലോ അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നത്. 'എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ' എന്ന് മറ്റൊരാളും പ്രാര്‍ത്ഥിക്കുന്നുണ്ട് (സങ്കീ. 5:1). അതിനാല്‍ നെടുവീര്‍പ്പുകളുടെ ഉപരിമൂല്യം അധികാരികള്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്. ജനത്തിന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കുന്ന ദൈവം അവയെ സാക്ഷിയാക്കിയും അധികാരികളെ വിധിക്കാനിടയുണ്ട്. praying mantis അഥവാ പ്രാര്‍ത്ഥിക്കുന്ന പ്രാണി എന്നറിയപ്പെടുന്ന ഒരു പ്രാണിവര്‍ഗമുണ്ട്. പ്രാര്‍ത്ഥനാസമയത്തുള്ള ചലനങ്ങള്‍പോലുള്ള ചലനങ്ങളോടെ ഇരപിടിക്കുന്നതിനാലാണ് അപ്രകാരം വിളിക്കപ്പെടുന്നത്. ഏറ്റവും സഹജമായും ശക്തമായും പ്രാര്‍ത്ഥിക്കാനാകുന്ന 'പ്രാണി' മനുഷ്യനാണല്ലോ!