വചനമനസ്‌കാരം: No.91

വചനമനസ്‌കാരം: No.91

അവിടുത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയില്ല, അവിടുത്തെ നാമത്തില്‍ മേലില്‍ സംസാരിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്‌നി എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാന്‍ ശ്രമിച്ചു ഞാന്‍ തളര്‍ന്നു; എനിക്കു സാധിക്കുന്നില്ല.

ജറെമിയാ 20:9

ഇരുണ്ട നാദത്തിന്‍ തുരങ്കത്തില്‍ നിന്നും

വരുന്നതാരിവന്‍ പുരാഭവന്‍ കവി

കിളിക്കുരുന്നിനെ കരത്തിലേന്തുവോന്‍

കനല്‍ ചിലങ്കയില്‍ കുതിര്‍ന്നു തുള്ളുവോന്‍

ഭയ പിശാചിയെ പിഴിഞ്ഞ ചോരയില്‍

തൊടുത്ത കണ്‍കളാല്‍ സ്വരം കുറിപ്പവന്‍

കരിങ്കനാക്കളെ കുടഞ്ഞെറിഞ്ഞവന്‍

ഉടഞ്ഞു പെയ്യുവാന്‍ മുഴങ്ങി നില്‍പ്പവന്‍

അവന്റെ ചെഞ്ചിട പരപ്പില്‍ നിന്നതാ

തുനിഞ്ഞു ചീറ്റമിട്ട് ഉണര്‍ന്ന കാറ്റുകള്‍

അവന്റെ നെഞ്ചിലെ ചുവപ്പില്‍ നിന്നിതാ

പിളര്‍ന്ന തീക്കനല്‍ തുറിച്ച വാക്കുകള്‍

  • - മധുസൂദനന്‍ നായര്‍

ആരാണ് ഇരുണ്ട നാദത്തിന്‍ തുരങ്കത്തില്‍ നിന്ന് വെളിച്ചമൊഴുകുന്ന വാക്കുകളുമായി നമ്മെ തേടി വരുന്നത്? കനകച്ചിലങ്കയ്ക്കു പകരം കനല്‍ച്ചിലങ്കയില്‍ നമുക്കു വേണ്ടി കുതിര്‍ന്നു തുള്ളുന്നത് ആരാണ്? ഭയപ്പിശാചിയെ പിഴിഞ്ഞ ചോരയില്‍ തൊടുത്ത കണ്‍കളാല്‍ സ്വരം കുറിച്ച് നമ്മെ ധൈര്യപ്പെടുത്തുന്നത് ആരാണ്? കരള്‍ പിളര്‍ക്കുന്ന കാലത്തിന്റെ കറുത്ത കിനാക്കളെ കുടഞ്ഞെറി ഞ്ഞ് നമ്മുടെ ഊഷരതകള്‍ക്കുമേല്‍ ഉടഞ്ഞു പെയ്യുവാന്‍ മുഴങ്ങി നില്‍ക്കുന്നത് ആരാണ്? കവി എന്നാണ് എല്ലാത്തിന്റെയും ഉത്തരം! സമയകാലങ്ങളില്‍ ജീവിക്കുന്നെങ്കിലും സമയകാലങ്ങളെ ഭേദിക്കുന്ന സ്‌നേഹസത്യസ്വപ്‌നങ്ങളുടെ വെളിപാടുകളാണ് കവികളെ പ്രവാചകരാക്കുന്നത്. 'ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്‌നി അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ അനുഭവപ്പെട്ടു' എന്നു കുറിക്കുന്ന പ്രവാചകന്‍ സത്യത്തില്‍ കവിയല്ലേ? പ്രവാചകന്‍ കവിയും കവി പ്രവാചകനുമാകുന്ന വശ്യത! പ്രവചനം കവിതയും കവിത പ്രവചനവുമാകുന്ന മാസ്മരികത!

അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതും ഹൃദയത്തെ ദഹിപ്പിക്കുന്നതുമായ അഗ്‌നി ഓരോരുത്തരിലുമുണ്ട്. കവിക്ക് അത് കവിതയാണ്. പ്രവാചകന് ദൈവസ്‌നേഹമാണ്. ദമ്പതികള്‍ക്ക് അത്യഗധാമായ പരസ്പരസ്‌നേഹമാണ്. മാതാപിതാക്കള്‍ക്ക് വാത്സല്യമാണ്. കുഞ്ഞുങ്ങള്‍ക്ക് നിര്‍മ്മലതയും യുവജനങ്ങള്‍ക്ക് ചേതനാചൈതന്യവുമാണ്. സമര്‍പ്പിതര്‍ക്ക് വിശുദ്ധിയും ക്രിസ്തു വിശ്വാസിക്ക് പരിശുദ്ധാത്മാവുമാണ്. ലോകമായകള്‍ക്കിടയിലും അത് കണ്ടെത്താനും ഉജ്വലിപ്പിക്കാനുമായാല്‍ ജീവിതം സഫലമാകും. അതിനെ അടക്കാനും തടുക്കാനും ശ്രമിക്കുന്നത് പാഴ്‌വേലയാകും. ആ അഗ്‌നിയിലും അഗ്‌നിയാലുമാണല്ലോ നമ്മുടെ സ്വത്വത്തെയും സത്തയെയും അവിടുന്ന് ശാശ്വതമായി അടയാളപ്പെടുത്തിയിരിക്കുന്നത്. അഗ്‌നിസ്ഫുടം - അതാകട്ടെ നമ്മുടെ സിദ്ധിയും സാധനയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org