
നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്‍മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ വിലപിക്കുന്നു.
സുഭാഷിതങ്ങള്‍ 29:2
രാമന്‍ വാണാലും, രാവണന്‍ വാണാലും
സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപ്പാത്രം.
രാവിതുപോയിപ്പകല്‍വേള വന്നാലും
നാവു നനയ്ക്കുവാന്‍ കണ്ണീര്‍ മാത്രം.
അഴിമതി നാടു വാഴുന്ന കാലം
അധികാരമുള്ളവരൊന്നുപോലെ.
ആമോദത്തോടവര്‍ ഭരിക്കും കാലം
ആപത്തവര്‍ക്കാര്‍ക്കുമില്ലതാനും.
കള്ളവുമില്ലേ ചതിവുമില്ലേ
എള്ളോളം ചെറിയ പൊളിയുമില്ലേ.
വര്‍ണ്ണക്കൊടികളും, ജാഥകളും
എല്ലാം കണക്കിനു തുല്യമായി
പക്ഷപ്രതിപക്ഷ കുക്ഷികളില്‍....
- അയ്യപ്പപ്പണിക്കര്‍
വീണ്ടും ഒരോണം കടന്നുപോകുമ്പോള്‍ ധ്യാനിക്കാന്‍ ഇതിലും മികച്ച വചനവും കവിതയുമില്ല. ജനങ്ങള്‍ യജമാനരും ഭരണാധികാരികള്‍ ദാസരും എന്നതാണ് ജനാധിപത്യത്തിന്റെ സങ്കല്പം. എന്നാല്‍ ഫലത്തില്‍ നേര്‍വിപരീതമായി. ആരു ഭരിച്ചാലും ജനം എന്നും അടിമകളും ഭിക്ഷാര്‍ത്ഥികളുമാണ്. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അധികാരികളോട് ഇരന്നു മേടിക്കേണ്ട ദുരവസ്ഥയായി. 'ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി' എന്ന ജനാധിപത്യത്തിന്റെ വിഖ്യാതമായ നിര്‍വചനം അധികാരികള്‍ അധികാരികളാല്‍ അധികാരികള്‍ക്കുവേണ്ടി എന്ന് തിരുത്തേണ്ട സമയം അതിക്രമിച്ചു. അങ്ങിങ്ങ് ഒറ്റപ്പെട്ട നീതിമാന്‍മാര്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ജനത്തിന്റെ തോളില്‍ കയറിയിരുന്ന് അവരുടെ ചെവി കടിക്കുന്ന കഠിനഹൃദയരും ഗര്‍വിഷ്ഠരുമായ അധികാരികളാണ് ഭൂരിപക്ഷം. രാജവീഥികളിലൂടെ അവര്‍ ചീറിപ്പാഞ്ഞു വരുമ്പോള്‍ ഇടവഴികളില്‍ ജനം ബന്ദികളായി. അധികാരിക്ക് അനിഷ്ടമുള്ള നിറത്തിനും വേഷത്തിനുമെല്ലാം അപ്രഖ്യാപിത നിരോധനമുണ്ടായി.
മഹാബലിചക്രവര്‍ത്തി തന്റെ ത്രൈലോക്യസാമ്രാജ്യം സത്യത്തിനുവേണ്ടി പരിത്യജിച്ചതിന്റെ സ്മാരകമാണ് ഓണം. മിത്തായാലും സത്യമായാലും ചില നന്മകളെ അത് നിത്യമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആമോദത്തിന്റെയും സമത്വത്തിന്റേതുമായിരുന്നു ബലിയുടെ കാലം. എന്നാല്‍, അഭിനവ ജനായത്തചക്രവര്‍ത്തിമാരുടേത് കലിയുടെ കാലമാണ്. വാമനരൂപം പൂണ്ട അധികാരികളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്ന ജനത്തിന്റെ വിലാപങ്ങളാണ് ഈ കറുത്ത കാലത്തെ അടയാളപ്പെടുത്തുന്നത്. രാഷ്ട്രമെന്നതു പോലെ സഭയിലും ആ വിലാപം ഉച്ചത്തില്‍ മുഴുങ്ങുന്നു എന്നതാണ് ദുഃഖകരം. 'കാണം വിറ്റും ഓണംകൊള്ളണം' എന്നാണ് പ്രമാണം. വിറ്റു നശിച്ചാലും ഓണം ഘോഷിക്കണം എന്നര്‍ത്ഥം. രാഷ്ട്രത്തിന്റെയും സഭയുടെയും അധികാരികള്‍ അത് കൃത്യമായി അനുവര്‍ത്തിക്കുന്നത് കൊണ്ടാണ് പൗരന്റെയും കുഞ്ഞാടിന്റെയും നിലവിളികള്‍ നിലയ്ക്കാതെ ഇവിടെ ഉയരുന്നത്.