വചനമനസ്‌കാരം: No.87

വചനമനസ്‌കാരം: No.87

പരിശുദ്ധനും ദോഷരഹിതനും നിഷ്‌കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാന പുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു.

ഹെബ്രായര്‍ 7:26

  • 'ക്രിസ്തു മാത്രമാണ് യഥാര്‍ത്ഥ പുരോഹിതന്‍. എന്നാല്‍, മറ്റുള്ളവര്‍ അവിടുത്തെ ശുശ്രൂഷകരാണ്.'

  • വി. തോമസ് അക്വീനാസ്

'സെമിനാരിയില്‍ പോയിട്ടുണ്ടോ?'

'ഉണ്ട്. പല സെമിനാരികളില്‍ പലവട്ടം പോയിട്ടുണ്ട്.'

'അതല്ല; അച്ചന്‍ പട്ടത്തിന് പഠിക്കാന്‍ പോയിട്ടുണ്ടോ?'

'ഇല്ല. എന്തേ ചോദിച്ചത്?'

'കണ്ടിട്ട് അങ്ങനെ തോന്നുന്നു!'

'മാമ്മോദീസയും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവരെയും കണ്ടാല്‍ അങ്ങനെ തോന്നും!'

'അങ്ങനെ പറയാന്‍ കാരണമെന്താണ്?'

'ഒരര്‍ത്ഥത്തില്‍ മാമ്മോദീസയും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവര്‍ക്കും സെമിനാരിയില്‍ പോകുന്നവരുടെ അതേ ദൗത്യമാണല്ലോ ഉള്ളത്. അപ്പോള്‍ നമ്മെ എല്ലാവരെയും കണ്ടാല്‍ സെമിനാരിയില്‍ പോയവരും പോകേണ്ടവരുമൊക്കെയാണെന്ന് തോന്നും.'

'സെമിനാരിയില്‍ പോകുന്നവരുടെ ദൗത്യമെന്താണ്?'

'പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നതാണല്ലോ ഒരു പുരോഹിതന്റെ ത്രിവിധ ദൗത്യങ്ങള്‍. വചനപ്രഘോഷണത്തിലൂടെ പഠിപ്പിക്കാനും ബലിയര്‍പ്പണത്തിലൂടെ വിശുദ്ധീകരിക്കാനും അജപാലനത്തിലൂടെ നയിക്കാനുമാണ് ഒരാള്‍ വൈദികനാകുന്നത്. മാമ്മോദീസയിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നാമെല്ലാവരും യേശുവിന്റെ പൊതുപൗരോഹിത്യത്തില്‍ പങ്കാളികളാണ്. എന്നാല്‍ തിരുപ്പട്ടം എന്ന കൂദാശ സ്വീകരിക്കുന്നവര്‍ പ്രത്യേകമായി ശുശ്രൂഷാപൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ടവരാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'വചനവും കൃപയും കൊണ്ടു സഭയെ മേയ്ക്കുന്നതിന്' പ്രത്യേകമായി അവര്‍ പ്രതിഷ്ഠിക്കപ്പെടുകയാണ്. 'കര്‍ത്താവിനു ശുശ്രൂഷ ചെയ്യാനും പുരോഹിതധര്‍മ്മം അനുഷ്ഠിക്കാനും അവിടുത്തെ നാമത്തില്‍ തന്റെ ജനത്തെ ആശീര്‍വദിക്കാനും വേണ്ടി' (പ്രഭാ. 45:15) അവര്‍ നിയോഗിക്കപ്പെടുകയാണ്. അത് അടിസ്ഥാനപരമായി കര്‍ത്താവിന്റെ ഇഷ്ടവും വിളിയും ദാനവും സമ്മാനവുമാണ്.'

'അതു സമ്മതിച്ചു. പക്ഷേ നമുക്കെല്ലാവര്‍ക്കും സെമിനാരിയില്‍ പോയവരുടെ മുഖഛായ വരുന്നതിന്റെ കാരണം പറയൂ!'

'അതോ! പഠിച്ചുകൊണ്ട് പഠിപ്പിക്കാനും സ്വയം വിശുദ്ധീകരിച്ചുകൊണ്ട് മറ്റുള്ളവരെ വിശുദ്ധീകരിക്കാനും സ്വര്‍ഗോന്മുഖമായി ജീവിതം നയിച്ചുകൊണ്ട് മറ്റുള്ളവരെ അതിന് സഹായിക്കാനും നമുക്കെല്ലാവര്‍ക്കും കടമയുണ്ട്. ശുശ്രൂഷാപൗരോഹിത്യത്തിന്റെ ധര്‍മ്മങ്ങള്‍ ഓരോ ക്രിസ്ത്യാനിയിലേക്കും സംക്രമിക്കുന്നുണ്ട് എന്ന് സാരം. വിശാലാര്‍ത്ഥത്തില്‍ നമുക്കെല്ലാവര്‍ക്കും പുരോ ഹിതരുടെ 'ഛായ' വരുന്നതിന്റെ കാരണമതാണ്. വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളാണല്ലോ. എല്ലാ വൈദികര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org