വചനമനസ്‌കാരം: No.79

വചനമനസ്‌കാരം: No.79

സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്.

യോഹന്നാന്‍ 6:51

'ജനിച്ചുകൊണ്ട് അവന്‍ നമുക്ക് സഹയാത്രികനായി. നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന്‍ നമുക്ക് ഭക്ഷണമായി. മരിച്ചുകൊണ്ട് അവന്‍ നമുക്ക് ജീവനായി. സ്‌നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്ക് സ്‌നേഹസമ്മാനമായി.' - വിശുദ്ധ തോമസ് അക്വിനാസ്

a hungry man is an angry man എന്നാണ് പ്രമാണം. വിശക്കുന്നവന്‍ കോപിഷ്ഠനാകും. വയറു പുകഞ്ഞാല്‍ കണ്ണുകത്തും. പൈദാഹത്തേക്കാള്‍ വലിയ ദാഹവും മോഹവുമില്ല. അതിനാലാണ് വിശക്കുന്നവരുടെ മുമ്പില്‍ വേദാന്തം ചെലവാകാത്തത്. craving or strong desire for anything എന്നും hunger എന്നതിന് അര്‍ത്ഥമുണ്ട്. എന്തിനോടെങ്കിലുമുള്ള അടങ്ങാത്ത കൊതിയും മോഹവുമാണ് വിശപ്പ്. അങ്ങനെയെങ്കില്‍ അത് ഭക്ഷണത്തിനുവേണ്ടി മാത്രമാകില്ല. അധികാരം, സമ്പത്ത്, സുഖലോലുപത, പ്രശസ്തി, പദവി എന്നിങ്ങനെ എന്തിനുവേണ്ടിയുമാകാം. അത്തരത്തില്‍ ക്ഷുത്പീഡിതരും ദാഹാര്‍ത്തരുമായ മനുഷ്യരെക്കൊണ്ട് ഭൂമി നിറഞ്ഞിരിക്കുകയാണ്.

ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതോടെ ശമിക്കുമെങ്കിലും ശരീരത്തിന് വീണ്ടും വിശക്കുകയും ദാഹിക്കുകയും ചെയ്യും. എന്നാല്‍ ആത്മാവിന്റെ വിശപ്പും ദാഹവും നിത്യമായി ശമിപ്പിക്കാനും ഹൃദയത്തിന്റെ അഭിനിവേശങ്ങളെ സംപൂര്‍ണ്ണമായി സംതൃപ്തമാക്കാനും കഴിയുന്നത് അവനു മാത്രമാണ്. ദൈവദൂഷകന്‍, രാജദ്രോഹകന്‍, മതനിന്ദകന്‍, കലാപകാരി, ഭ്രാന്തന്‍, പിശാചുബാധിതന്‍, ആത്മഹത്യ ചെയ്യാനിടയുള്ളവന്‍ എന്നൊക്കെ വിളിക്കപ്പെട്ടതു പോലെ ഭോജനപ്രിയനും മദ്യപനും എന്നും അവന്‍ പരിഹസിക്കപ്പെടുന്നുണ്ട് (ലൂക്കാ 7:34). തന്റെ സ്‌നേഹിതരും താ നാകുന്ന ദിവ്യഭോജനത്തെ ആര്‍ത്തിയോടെ ഭക്ഷിക്കുന്ന ഭോജനപ്രിയരാകണമെന്ന് അവന്‍ ആഗ്രഹിക്കുന്നുണ്ട്. തന്നെ അനുഗമിക്കുന്നവര്‍ താന്‍ നല്‍കുന്ന നിത്യലഹരിയായ പരിശുദ്ധാത്മാവിനാല്‍ പൂരിതരാകണമെന്നും അവന്‍ ആഗ്രഹിക്കുന്നുണ്ട്. യുഗാന്തം വരെ എന്നും കൂടെ ഉണ്ടാകാനാണ് അവന്‍ കുര്‍ബാനയായത്. തന്നില്‍ വിശ്വസിക്കുന്നവരും തന്നെപ്പോലെ ചിരംജീവികളാകാനാണ് അവന്‍ കുര്‍ബാനയായത്. മനുഷ്യാവതാരമോ പീഡാസഹനമോ കുരിശുമരണമോ പുനരുത്ഥാനമോ സ്വര്‍ഗാരോഹണമോ അല്ല അവന്‍ നമുക്കായി പ്രവര്‍ത്തിച്ച മഹാത്ഭുതം; പിന്നെയോ, ദിവ്യകാരുണ്യമാണ്. കരുണയുടെ മഹാത്ഭുതമാകുന്ന ഈ കവാടത്തിലൂടെയാണ് അവന്‍ ചൊരിഞ്ഞ മറ്റെല്ലാ അത്ഭുതങ്ങളിലേക്കും സ്ഥലകാലപരിമിതികളില്ലാതെ നമുക്ക് പ്രവേശിക്കാനാകുന്നത്. പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ മംഗളങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org