വചനമനസ്‌കാരം: No.77

വചനമനസ്‌കാരം: No.77

ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതും സ്ഫടികം പോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദി അവന്‍ എനിക്കു കാണിച്ചു തന്നു.

വെളിപാട് 22:1

'തീ പോലെ ഇറങ്ങണമേ

അഗ്‌നി നാവായി പതിയേണമേ

കൊടുംകാറ്റായി വീശേണമേ

ആത്മനദിയായി ഒഴുേകണമേ'

തീയുടെ തിരുനാളാണ്. ഈ തീ പക്ഷേ ചാമ്പലാക്കുകയല്ല; വിശുദ്ധീകരിക്കുകയാണ്. കാറ്റിന്റെ തിരുനാളാണ്. ഈ കാറ്റ് പക്ഷേ തച്ചുതകര്‍ക്കുകയല്ല; പടുത്തുയര്‍ത്തുകയാണ്. ആത്മനദിയുടെ തിരുനാളാണ്. ഈ നദി പക്ഷേ കുത്തിയൊഴുകി മലിനമാക്കുകയല്ല; പ്രശാന്തമായി വിമലീകരിക്കുകയാണ്. ഹോറെബില്‍ ജ്വലിച്ചുയര്‍ന്ന അഗ്‌നിയിലേക്ക് നോക്കാനാവാതെ മോശ മുഖം മറച്ചു (പുറ. 3:6). എന്നാല്‍ ഈ അഗ്‌നിയുടെ പ്രഭയും കാന്തിയും മഹത്വവും മൂടുപടമണിയാത്ത സര്‍വമനുഷ്യരുടെയും മുഖത്തു പ്രതിഫലിക്കും (2 കോറി. 3:18). കലവറ തുറന്ന് കാറ്റിനെ പുറത്തു വിടുന്നത് കര്‍ത്താവാണ് (സങ്കീ. 135:7). സമയത്തിന്റെ പൂര്‍ണ്ണതയില്‍ കുരിശില്‍ പിളര്‍ക്കപ്പെട്ട തന്റെ ഹൃദയത്തിലൂടെ നവ്യമായ ഒരു കാറ്റിനെ പുറത്തുവിടുന്നത് അവനാണ്. അവന്റെ ഹൃദയത്തില്‍നിന്ന് പുറപ്പെടുന്ന 'സ്ഫടികം പോലെ തെളിഞ്ഞ' ജീവജലത്തിന്റെ അരുവിയില്‍ (യോഹ. 7:37) ഒഴുകി നീരാടി മാത്രമേ ദൈവൈക്യത്തിന്റെ മഹാസമുദ്രത്തില്‍ നമുക്ക് ലയിക്കാനാകുകയുള്ളൂ. 'അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമായ' (ഏശ. 6:5) ഓരോ മനുഷ്യനും ആഗ്രഹിക്കേണ്ടത് 'അഗ്‌നിജ്വാലകള്‍ പോലുള്ള നാവുകള്‍' (അ. പ്രവ. 2:3) സ്വന്തമാക്കാനാണ്. അപ്പോള്‍ മാത്രമേ സര്‍വമനുഷ്യര്‍ക്കും ഗ്രഹിക്കാനാകുന്ന സ്‌നേഹത്തിന്റെ വാമൊഴിയും വരമൊഴിയും നമുക്ക് സ്വായത്തമാകുകയുള്ളൂ.

'നമ്മുടെ ആത്മാവിന്റെ പ്രശാന്തനായ അതിഥി' എന്നാണ് പരിശുദ്ധാത്മാവിനെ വിശുദ്ധ ആഗസ്തീനോസ് വിശേഷിപ്പിക്കുന്നത്. നമ്മെ പവിത്രീകരിക്കുകയും പ്രകാശിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയും സഹായിക്കുകയും നയിക്കുകയും ചെയ്യുന്ന ഈ അതിഥിയെ ആരാധിക്കാം. ആതിഥേയനെ അത്യുന്നതന്റെ ആലയമായി പരിണമിപ്പിക്കുന്ന ഈ അതിഥിയെ സര്‍വാത്മനാ സ്വാഗതം ചെയ്യാം. 'ഇഷ്ടമുള്ളിടത്തേക്ക്' വീശുന്ന (യോഹ. 3:8) അവിടുത്തെ സഞ്ചാരപഥങ്ങളില്‍ നമ്മുടെ ചെറുജീവിതത്തിന്റെ കൂടാരമടിക്കാം. പുതുതായി പിറക്കാന്‍ നമ്മെയും സഹായിക്കണമേ എന്ന് 'സഭയുടെ ജന്മദിനത്തില്‍' അവിടുത്തോട് പ്രാര്‍ത്ഥിക്കാം. പന്തക്കുസ്താ തിരുനാള്‍ മംഗളങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org