
ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.
എഫേസോസ് 2:19
'നീ ഒരു വിശുദ്ധയാണോ?'
'അതെ. ഞാന്‍ ഒരു വിശുദ്ധയാണ്.'
'ഏറ്റവും പ്രിയപ്പെട്ട ത്രേസ്യാ, ഞാന്‍ സ്വര്‍ഗത്തില്‍ പോകുമോ എന്ന് എന്നോടു പറയുമോ?'
'ഉവ്വ്, സഹോദരി സ്വര്‍ഗത്തില്‍ പോകും.'
'ഞാനൊരു വിശുദ്ധയാകുമോ?'
'ഉവ്വ്, നീയൊരു വിശുദ്ധയാകും.'
'എന്നാല്‍ കൊച്ചുത്രേസ്യാ, നിന്നെപ്പോലെ ഞാന്‍ അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു വിശുദ്ധയാകുമോ?'
'ഉവ്വ്, എന്നെപ്പോലെ നീയും ഒരു വിശുദ്ധയാകും. എന്നാല്‍, നീ കര്‍ത്താവീശോയില്‍ ആശ്രയിക്കണം.'
'എന്റെ അപ്പനും അമ്മയും സ്വര്‍ഗത്തില്‍ പോകുമോ?'
'പോകും.'
'എന്റെ സഹോദരിമാരും സഹോദരന്‍മാരും സ്വര്‍ഗത്തില്‍ പോകുമോ?'
'അവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കണം.'
നോവിഷ്യറ്റിലായിരുന്നപ്പോള്‍ എങ്ങനെ തരണം ചെയ്യുമെന്നു ഭയന്ന ചില സഹനങ്ങളിലൂടെ കടന്നുപോകവെ, പല വിശുദ്ധരോടും സിസ്റ്റര്‍ മരിയ ഫൗസ്റ്റീന നൊവേന നടത്തിയിരുന്നു. പെട്ടെന്ന് ഉണ്ണീശോയുടെ വിശുദ്ധ ത്രേസ്യയോട് പ്രാര്‍ത്ഥിക്കണമെന്ന് ഉള്‍പ്രേരണ ലഭിച്ചു. നൊവേനയുടെ അഞ്ചാം ദിവസം സ്വപ്ന ത്തില്‍ കണ്ട വിശുദ്ധയും സിസ്റ്ററും തമ്മില്‍ നടന്ന സംഭാഷണം സിസ്റ്റര്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് മുകളില്‍ ഉദ്ധരിച്ചത് (നമ്പര്‍ 150). വിശുദ്ധരുടെ വലിയ ഒരു സവിശേഷത സ്വര്‍ഗത്തോടുള്ള സഹജവും ഒടുങ്ങാത്തതുമായ അഭിനിവേശമാണ്. ദൈവകൃപയുടെ ദാനമായിരിക്കുമ്പോള്‍ത്തന്നെ സ്വര്‍ഗപ്രാപ്തിക്കായി തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇവിടെ തങ്ങള്‍ക്ക് നിലനില്‍ക്കുന്ന നഗരമില്ലെന്നും (ഹെബ്രാ. 13:14) തങ്ങളുടെ പൗരത്വം സ്വര്‍ഗത്തിലാണെന്നും (ഫിലിപ്പി 3:20) അവര്‍ ഗ്രഹിച്ചിരുന്നു. നമ്മുടെ അജന്‍ഡകളില്‍ സ്വര്‍ഗമുണ്ടോ? നമ്മുടെ കര്‍മ്മങ്ങളെയും മുന്‍ഗണനകളെയും സ്വര്‍ഗം സ്വാധീനിക്കുന്നു ണ്ടോ? വിശുദ്ധരുടെ സഹപൗരരായ വിശുദ്ധരാകാനാണ് മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന സത്യം നാം ഓര്‍മ്മിക്കാറുണ്ടോ? 'അവസാനം ഒരു ദുരന്തമേ ഉള്ളൂ, ഒരു വിശുദ്ധനോ വിശുദ്ധയോ ആയിരുന്നില്ലെന്നതു തന്നെ' എന്ന ലേയോണ്‍ ബ്‌ളോയുടെ വാക്കുകള്‍ എപ്പോഴും നമ്മുടെ ഓര്‍മ്മയിലുണ്ടാകട്ടെ.