വചനമനസ്‌കാരം: No.75

വചനമനസ്‌കാരം: No.75

ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?

ഏശയ്യാ 58:6-7

സ്വര്‍ഗത്തിലെത്താന്‍ ഉപവസിച്ചു മരിച്ചവരുടെ 58 മൃതദേഹങ്ങള്‍ കെനിയയിലെ വനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തീരദേശ പട്ടണമായ മലിന്‍ഡിക്ക് സമീപം ദ് ഗുഡ് ന്യൂസ് ഇന്റര്‍നാഷനല്‍ ചര്‍ച്ച് നേതാവ് പാസ്റ്റര്‍ പോള്‍ മക്കെന്‍സിയുടെ ഉടമസ്ഥതയിലുള്ള 800 ഏക്കര്‍ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതില്‍ 50 മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളില്‍ നിന്നായിരുന്നു. മക്കെന്‍സിയെ അറസ്റ്റ് ചെയ്തു. കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. 'യേശുവിനെ കാണാന്‍' മരണം വരെ ഉപവസിക്കാനുള്ള പാസ്റ്ററുടെ ആഹ്വാനം അനുസരിച്ച അനുയായികളുടേതാണ് മൃതദേഹങ്ങളെന്ന് പൊലീസ് പറഞ്ഞു. ആളുകളെ കാണാതായ പരാതിയെ തുടര്‍ന്ന് മക്കെന്‍സിയുടെ ആരാധനാകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പട്ടിണികിടന്ന് അവശരായവരെ കണ്ടെത്തിയിരുന്നു. 29 പേരെ രക്ഷപ്പെടുത്തി. വനത്തില്‍ നടത്തിയ തിരച്ചിലില്‍ ആഴംകുറഞ്ഞ ഒട്ടേറെ കുഴിമാടങ്ങള്‍ കണ്ടെത്തി. എല്ലാ കുഴിമാടത്തിലും കുരിശു നാട്ടിയിരുന്നു.

2023 ഏപ്രില്‍ 25-ലെ പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. യേശുവിനെ കാണാന്‍ മരണം വരെ ഉപവസിക്കാന്‍ ആഹ്വാനം ചെയ്ത പാസ്റ്റര്‍ ഉപവസിക്കുകയോ മരിക്കുകയോ ചെയ്തില്ല. 'താങ്കള്‍ക്ക് സ്വര്‍ഗത്തിലെത്തി യേശുവിനെ കാണണ്ടേ?' എന്ന് അനുയായികളാരും അയാളോട് ചോദിച്ചില്ല. പകരം അവര്‍ പട്ടിണി കിടന്ന് മരിച്ചു. ആത്മീയതയെ സ്വന്തം ഒളി അജന്‍ഡകള്‍ക്ക് മറയും മാധ്യമവുമാക്കുന്ന മതിഭ്രഷ്ടര്‍ (psychopath) എന്നുമുണ്ടായിരുന്നു. വിവേകവും ചിന്താശക്തിയുമില്ലാത്ത ചപലഭക്തരെ ചൂഷണം ചെയ്താണ് അത്തരക്കാര്‍ ആര്‍ത്തുവളരുന്നത്. യഥാര്‍ത്ഥ ഉപവാസത്തെ പ്രവാചകന്‍ മനോഹരമായി നിര്‍വചിക്കുന്ന വചനമാണ് അവസാന വിധിയെക്കുറിച്ചുള്ള വിവരണത്തില്‍ യേശു ഉദ്ധരിക്കുന്നത് (മത്താ. 25:35, 36). യേശുവിനെ കാണണമെങ്കില്‍ പട്ടിണി കിടക്കണമെന്നില്ല; ആഹാരം പങ്കുവച്ചാല്‍ മതി. യേശുവിനെ കാണണമെങ്കില്‍ സ്വയം പീഡിപ്പിച്ച് രോഗിയാകണമെന്നില്ല; രോഗികളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചാല്‍ മതി. യേശുവിനെ കാണണമെങ്കില്‍ കപടവും നിരര്‍ത്ഥകവുമായ ഭക്താനുഷ്ഠാനങ്ങളുടെ തടവറയില്‍ കഴിയണമെന്നില്ല; കാരാഗൃഹത്തിലായിരിക്കുന്നവരെ ചെന്ന് കണ്ടാല്‍ മതി. യേശുവിനെ ഏറ്റവും തെളിമയോടെ കാണാനാകുന്നത് ഏറ്റവും എളിയ സഹോദരരിലാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org