
എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
എഫേസോസ് 6:12
സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായി എറണാകുളത്തെ ഉയര്‍ത്തിയതിന്റെ ശതാബ്ദിയോടനുബന്ധിച്ച് സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് സംഘടിപ്പിച്ച ദ്വിദിന സിംപോസിയത്തില്‍ സംബന്ധിച്ചു. 'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാ ദര്‍ശനവും എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ ഭാവിയും' എന്ന ചര്‍ച്ചായോഗത്തിന്റെ കേന്ദ്രപ്രമേയത്തിന്റെ പാരസ്പര്യം അര്‍ത്ഥപൂര്‍ണ്ണവും ചിന്തോദ്ദീപകവുമായി തോന്നി. 'യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' എന്ന കര്‍ത്താവിന്റെ വാഗ്ദാനം വിശ്വാസബോധ്യമായ ഒരു സഭയ്ക്ക് ഭാവി ഒരിക്കലും ആശങ്കാകുലമാകേണ്ടതില്ല. വര്‍ത്തമാനകാലത്തില്‍ 'ക്രിസ്തുവിന്റെ പരിമളമാകാന്‍' (2 കോറി. 2:15) കഴിയുന്നുണ്ടോ എന്നു മാത്രം പരിശോധിച്ചാല്‍ മതിയാകും. എന്നാല്‍ സീറോ മലബാര്‍ സഭയുടെ വര്‍ത്തമാനകാലം കലുഷിതവും ഭാവി ഒരു വലിയ ചോദ്യവുമാണെന്നതാണ് സത്യം. അതിന് ഒരു പ്രധാന കാരണം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനങ്ങളോടു സഭാ നേതൃത്വം മുഖം തിരിച്ചു എന്നതാണ്. ദൈവജനമാണ് സഭ എന്നിരിക്കെ ആ ദൈവജനത്തെപാടെ വിസ്മരിച്ചത് വലിയ അപരാധമായി. യേശു മായിച്ചുകളയുകയും കുരിശില്‍ തറച്ചു നിഷ്‌കാസനം ചെയ്യുകയും ചെയ്ത ദോഷകരമായ ലിഖിതനിയമങ്ങളെ പുനഃസ്ഥാപിക്കാനും നിരായുധമാക്കി കുരിശില്‍ വിജയം ആഘോഷിച്ചുകൊണ്ട് പരസ്യമായി അവഹേളനപാത്രങ്ങളാക്കിയ ആധിപത്യങ്ങളെയും അധികാരങ്ങളെയും (കൊളോ. 2:14-15) വീണ്ടും ആയുധമണിയിച്ച് യുദ്ധം ചെയ്യാനും ശ്രമിച്ചത് മറ്റൊരു മഹാപരാജയമായി. പരിശുദ്ധാത്മാവ് ആരുടെയും കുത്തകയല്ലെന്നും 'തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും' (അപ്പ. 2:39) അവിടുന്ന് സമൃദ്ധമായി നല്‍കുന്ന സൗജന്യദാനമാണെന്നും മറന്നതും വിനയായി. ഇരുട്ടിനെ വെളിച്ചമെന്നും നുണയെ സത്യമെന്നും അനീതിയെ നീതിയെന്നും ഭിന്നതയെ ഐക്യമെന്നും വിളിക്കേണ്ടി വന്നതിന്റെയും സ്വന്തം കുടിലതകള്‍ക്കും കൗശലങ്ങള്‍ക്കും മറയും ബലവുമായി മാര്‍പാപ്പയെ കരുവാക്കേണ്ടി വന്നതിന്റെയും കാരണമതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവച്ച സിനഡാത്മകശ്രവണവും സിനഡാത്മക മാനസാന്തരവുമൊക്കെ ജലരേഖകളായി.
അടച്ചുപൂട്ടിയിട്ട് 150 ദിവസങ്ങള്‍ പിന്നിട്ട ആസ്ഥാനദേവാലയം, യേശുവിനും സുവിശേഷമൂല്യങ്ങള്‍ക്കും രണ്ടാം വത്തിക്കാന്‍ കൗ ണ്‍സിലിനും കഠിനഹൃദയരായ അഭിനവ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ നല്കിയ 'കാണിക്ക'യല്ലേ?