വചനമനസ്‌കാരം: No.72

വചനമനസ്‌കാരം: No.72

തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!

യോഹന്നാന്‍ 20:28

'കരുണയുടെ ഉറവിടത്തില്‍ നിന്നു കൃപകള്‍ സ്വീകരിക്കാന്‍ സമീപിക്കേണ്ട ഒരു പാത്രമാണു ഞാന്‍ മനുഷ്യര്‍ക്കു നല്‍കുന്നത്. ആ പാത്രം 'ഈശോയേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു!' എന്ന കൈയൊപ്പോടുകൂടിയ ഈ ചിത്രമാണ്.'

(വിശുദ്ധ സിസ്റ്റര്‍ ഫൗസ്റ്റീനയുടെ ഡയറി, 327)

മറ്റുള്ളവര്‍ ഭയത്തോടെ അകത്ത് അടച്ചിരിക്കുമ്പോള്‍ പുറത്ത് സഞ്ചരിക്കുന്നത് അയാളുടെ രീതിയായിരുന്നു. അങ്ങനെയാണ് അമൂല്യമായ ആ ആദ്യദര്‍ശനം അയാള്‍ക്ക് നഷ്ടമായത്. മറ്റു ള്ളവര്‍ മൗനമവലംബിക്കുമ്പോള്‍ സംസാരിക്കുന്നതും അയാളുടെ രീതിയായിരുന്നു! 'അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം' എന്നത് അയാള്‍ക്ക് വെറും അലങ്കാരമോ ഔപചാരികതയോ അല്ല; അകതാരില്‍ തുടിക്കുന്ന സ്‌നേഹസത്യമാണ്. പക്ഷേ തിരസ്‌കൃത നായതിന്റെ വിങ്ങലില്‍ അയാള്‍ക്ക് അയാളെ നഷ്ടപ്പെട്ടു. അങ്ങ നെയാണ് ഉത്ഥിതന്റെ 'ക്ലിനിക്കല്‍ എക്‌സാമിനേഷന്‍' എന്ന അതി സാഹസത്തിന് അയാള്‍ മുതിര്‍ന്നത്! 'അവന്റെ കൈകളില്‍ ആണി കളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല' എന്ന കഠിനപദങ്ങളില്‍ നിറയുന്നത് അവിശ്വാസവും സ്‌നേഹരാഹിത്യവും മാത്രം. എ ന്നാല്‍ യേശുവിന് അയാളെ മനസ്സിലായി! മനസ്സിലാക്കലിന്റെ മൂര്‍ ത്തരൂപമാണല്ലോ യേശുക്രിസ്തു! അതിനാലാണ് നിലയ്ക്കാതെ രക്തമിറ്റുന്ന ആ മുറിവ് എട്ടാം ദിവസം നിത്യമായി അടയ്ക്കാന്‍ അവിടുന്ന് മനസ്സായത്. വിരല്‍ കൊണ്ടുവരാനും തന്റെ കൈകള്‍ കാണാനും കൈനീട്ടി തന്റെ പാര്‍ശ്വത്തില്‍ വയ്ക്കാനുമുള്ള ക്ഷണ ത്തില്‍ അയാള്‍ അമ്പേ തകര്‍ന്നു. പിന്നെ ഉയര്‍ന്നത് മാനവചരിത്ര ത്തിലെ ഏറ്റവും നിര്‍മ്മലവും അഗാധവും അര്‍ത്ഥപൂര്‍ണ്ണവും ദൃഢ വുമായ സ്‌നേഹസങ്കീര്‍ത്തനമാണ്. ആണിപ്പഴുതുകളില്‍ വിരല്‍ ഇടാതെയും പാര്‍ശ്വത്തില്‍ കൈവയ്ക്കാതെയും അയാള്‍ സ്‌നേഹവിശ്വാസശരണങ്ങളുടെ മഹാമേരുവായി. യേശുവിന്റെ പുനരുത്ഥാനത്തിന്റെ എട്ടാം ദിവസമാണ് ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ് പുനരുത്ഥാനം ചെയ്തത്!

അവിശ്വാസത്തോളം അഗാധവും വേദനാജനകവുമായ മുറി വില്ല. 'എല്ലാ മുറിവുകളുടെയും മാതാവായ' ആ മുറിവാണ് തന്റെ തിരുമുറിവുകളാല്‍ എന്നേയ്ക്കുമായി യേശു സൗഖ്യമാക്കുന്നത്. കാണാതെ വിശ്വസിക്കുന്നതിന്റെ സൗഭാഗ്യങ്ങളിലേക്കാണ് തന്റെ കൈകളും പാര്‍ശ്വവും കാട്ടിക്കൊണ്ട് നമ്മെയും യേശു ക്ഷണിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org