വചനമനസ്‌കാരം: No.67

വചനമനസ്‌കാരം: No.67

അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാ സികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു വോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടു പോലുമില്ല.

അപ്പ. പ്രവ. 19:2

'കര്‍ത്താവേ, നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ. നിന്റെ ദാസരുടെ ഈ കുര്‍ബാനയില്‍ അവിടുന്ന് ആവസിച്ച് ഇതിനെ ആശീര്‍വദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ.'

ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസില്‍ എത്തിയപ്പോള്‍ അവിടെ കണ്ട ശിഷ്യരോട് പൗലോസ് അപ്പസ്‌തോലന്‍ ഉന്നയിച്ച ചോദ്യവും അവര്‍ പറഞ്ഞ മറുപടിയുമാണ് ആമുഖവചനം. യോഹന്നാന്റെ അനുതാപത്തിന്റെ സ്‌നാനം സ്വീകരിച്ചിരുന്ന അവര്‍ തുടര്‍ന്ന് പൗലോസില്‍നിന്ന് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്‌നാനവും അദ്ദേഹത്തിന്റെ കൈവയ്പിലൂടെ പരിശുദ്ധാത്മാവിനെയും സ്വീകരിക്കുന്നുണ്ട്. വിശ്വാസജീവിതം പരിശുദ്ധാത്മാവിന്റെ ശക്തിസൗന്ദര്യങ്ങള്‍ നുകര്‍ന്നുള്ള യാത്രയായതിനാല്‍ 'പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് കേട്ടിട്ടുപോലുമില്ലാത്ത' ക്രിസ്തുവിശ്വാസികള്‍ ശോകാകുലമായ ഒരു വൈരുദ്ധ്യമാണ്.

ക്രിസ്തീയജീവിതം അവിരാമമായ ഒരു റൂഹാക്ഷണ പ്രാര്‍ത്ഥനയാണ്. അവിടുന്ന് ആവസിച്ച് ആശീര്‍വദിക്കുകയും പവിത്രീകരിക്കുകയും ചെയ്യേണ്ടത് കുര്‍ബാന മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയുമാണ്. അതിനാല്‍ ആ പ്രാര്‍ത്ഥന ഇപ്രകാരം തുടരാം - കര്‍ത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ. അങ്ങയുടെ ദാസരായ ഞങ്ങളുടെ ആത്മാവിലേക്കും ഹൃദയത്തിലേക്കും ശരീരത്തിലേക്കും ജീവനിലേക്കും എഴുന്നള്ളി വരട്ടെ. ഞങ്ങളുടെ ഓര്‍മ്മകളിലേക്കും സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും പ്രയത്‌നങ്ങളിലേക്കും വിജയപരാജയങ്ങളിലേക്കും എഴുന്നള്ളി വരട്ടെ. ഞങ്ങളുടെ ബോധ്യങ്ങളിലേക്കും നിലപാടുകളിലേക്കും ബന്ധങ്ങളിലേക്കും കാലുഷ്യങ്ങളിലേക്കും നന്മകളിലേക്കും ചപലതകളിലേക്കും എഴുന്നള്ളി വരട്ടെ. ഞങ്ങളുടെ നെടുവീര്‍പ്പുകളിലേക്കും നൈരാശ്യങ്ങളിലേക്കും സഹനങ്ങളിലേക്കും ഹര്‍ഷങ്ങളിലേക്കും പ്രാര്‍ത്ഥനകളിലേക്കും നിയോഗങ്ങളിലേക്കും എഴുന്നള്ളി വരട്ടെ. ഞങ്ങളുടെ വരണ്ട ഹൃദയത്തിലേക്കും കത്തിക്കരിഞ്ഞ മനസ്സാക്ഷിയിലേക്കും എഴുന്നള്ളിവരട്ടെ. ഞങ്ങളുടെ കുടുംബങ്ങളിലേക്കും സഭയിലേക്കും നവമായി എഴുന്നള്ളി വന്ന് ആവസിക്കട്ടെ. ഞങ്ങളുടെ മനോവാക്കര്‍മ്മങ്ങളുടെ പടിവാതില്ക്കല്‍ പാപം പതിയിരിക്കുന്നുണ്ടെന്നും നീതിയുടെ ഓരോ നിരാകരണത്തിനും ഞങ്ങള്‍ വില കൊടുക്കേണ്ടി വരുമെന്നും ന്യായവിധി കെട്ടുകഥയല്ലെന്നും ബോധ്യപ്പെടുത്താന്‍ എഴുന്നള്ളി വരട്ടെ. ഞങ്ങളുടെ ഒരുക്കമില്ലാത്ത ജീവിതത്തിലേക്കും മരണവിനാഴികയുടെ സംഭീതിയിലേക്കും ഉയിര്‍പ്പിന്റെ പ്രത്യാശയിലേക്കും എഴുന്നള്ളിവരട്ടെ. ആമ്മേന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org