വചനമനസ്‌കാരം: No.61

വചനമനസ്‌കാരം: No.61

നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.

കൊളോസോസ് 1:24

'വിലയിടാനാകാത്ത വിശുദ്ധ കുര്‍ബാന എന്ന ഈ സമ്മാനം കൊണ്ട് ദൈവികകോപവും അവിടുത്തെ ക്രോധവും പൂര്‍ണ്ണമായി ശമിപ്പിക്കപ്പെടുന്നു.' - മഹാനായ വിശുദ്ധ ആല്‍ബര്‍ട്ട്

'ബലിപീഠത്തില്‍ കൂടു ചമച്ച' പ്രാവുകളെപ്പോലെയായിരുന്നു അവരും. കൂടു തകര്‍ത്ത് അവരെ കുരുതി കഴിക്കാന്‍ ഒരുനാള്‍ പൊടുന്നനെ സര്‍പ്പമണഞ്ഞു. ഉഗ്രവിഷമുള്ള അതിന്റെ ദംശനമേറ്റ് അവരുടെ ബലിപീഠവും അള്‍ത്താരയും ഹൃദയവും തകര്‍ന്നു. ആത്മതാപത്തോടും ആത്മരോഷത്തോടും കൂടെ കായല്‍ക്കര യില്‍ അവര്‍ ഒത്തുചേര്‍ന്നു. ആ തപ്തഹൃദയങ്ങളെ തണുപ്പിക്കാന്‍ പടിഞ്ഞാറുനിന്ന് പ്രവഹിച്ച തണുത്ത കാറ്റുകള്‍ക്കുമായില്ല. സദാ നിന്ദനമേല്‍ക്കുന്നവരും നിന്ദനങ്ങളുടെ ഇരകളുമാണെങ്കിലും നിന്ദ നങ്ങള്‍ക്കെല്ലാം പരിഹാരം ചെയ്യാനാണ് അവര്‍ ഒത്തുകൂടിയത്. ബലിപീഠത്തെക്കൊണ്ടും ദേവാലയത്തെക്കൊണ്ടും ആണയിടുക പോലും ചെയ്യരുതെന്ന് അനുശാസിച്ചവന്റെ (മത്താ. 23:20-21) ബലി പീഠവും അള്‍ത്താരയും തകര്‍ക്കപ്പെട്ടിരിക്കുന്നു. മാലാഖമാര്‍ കാലൂന്നാന്‍ ഭയപ്പെടുന്നിടത്തേക്ക് ചില മലിനബുദ്ധികള്‍ ഓടി ക്കയറി അതിക്രമം കാട്ടിയിരിക്കുന്നു.

ക്രിസ്തുവിന്റെ കുരിശിലെ പാപപരിഹാരബലി പരിപൂര്‍ണ്ണ മായിരുന്നു. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്റെ പീഡകളുടെ കുറവ് എന്നതിന്റെ അര്‍ത്ഥമെന്താണ്? സഭ അവന്റെ ശരീരമാകയാല്‍ (എഫേ. 1:23) ആ മൗതികശരീരത്തോട് അനുരൂപരാകാന്‍ നമുക്ക് ലഭിക്കുന്ന കഷ്ടതകളും ഞെരുക്കങ്ങളും സഹനങ്ങളുമാണ് 'പീഡകളുടെ കുറവ്' എന്ന് നാം തിരിച്ചറിയണം. അപ്പോള്‍ മാത്രമേ നമ്മെ നിന്ദിക്കുന്നവരോട് ഹൃദയപൂര്‍വം ക്ഷമിക്കാന്‍ നമുക്കാവുകയുള്ളൂ. അപ്പോള്‍ മാത്രമേ ഏകപക്ഷീയവും ദയാരഹിതവുമായി നമ്മോട് ഇടപെടുന്ന അധികാരികളോട് നമുക്ക് പൊറുക്കാനാവുക യുള്ളൂ. അപ്പോള്‍ മാത്രമേ പരിശുദ്ധ കുര്‍ബാന എന്ന വിസ്മയജനകമായ (amazement) കൂദാശയെ സ്വന്തം ഗൂഢതാത്പര്യ സംര ക്ഷണത്തിനും പ്രതികാര പൂര്‍ത്തീകരണത്തിനുമുള്ള വിനോദോ പാധിയാക്കി (amusement) മാറ്റുന്ന ക്രൂരരായ മനുഷ്യരോട് നമുക്ക് പൊറുക്കാനാവുകയുള്ളൂ. അപ്പോള്‍ മാത്രമേ ദൈവികകോപത്തെയും ക്രോധത്തെയും പൂര്‍ണ്ണമായി ശമിപ്പിക്കുന്ന അമൂല്യദാനത്തെ തന്നെ നിന്ദിച്ചവരെ ദൈവകരുണയ്ക്ക് ഭരമേല്പിക്കാന്‍ നമുക്കാവുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org