
മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.
ലൂക്കാ 2:19
ബെത്ലെഹമിലെ പുല്ത്തൊട്ടിയില് ആദ്യ ക്രിസ്മസിന്റെ ആരവങ്ങളൊടുങ്ങി. വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ആട്ടിട യന്മാരെ അറിയിച്ച കര്‍ത്താവിന്റെ ദൂതന് കൃതാര്‍ത്ഥതയോടെ മട ങ്ങി. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവ കൃപ ലഭിച്ചവര്‍ക്കു സമാധാനം!' എന്നു പാടിയ സ്വര്‍ഗീയ സൈന്യ ത്തിന്റെ വ്യൂഹവും സ്വര്‍ഗത്തിലേക്കു തിരികെപ്പോയി. അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്ത്തൊട്ടിയില് കിട ക്കുന്ന ശിശുവിനെയും കാണുകയും തങ്ങളോടു പറയപ്പെട്ട കാര്യ ങ്ങള് മറ്റുള്ളവരെ അറിയിക്കുകയും ചെയ്ത രക്ഷകന്റെ ആദ്യ പ്ര ഘോഷകരായ ആട്ടിടയന്മാരും ആലയിലേക്ക് മടങ്ങി. പൗരസ്ത്യ ദേശത്തെ ജ്ഞാനികള്‍ക്കു വഴികാട്ടി മുമ്പേ നീങ്ങിക്കൊണ്ടിരുന്ന നക്ഷത്രം പ്രഭയുടെ പുതിയ ഭ്രമണപഥങ്ങളിലൂടെ പ്രയാണം തുടര്‍ ന്നു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിക്കുകയും യഹൂദന്മാരുടെ രാജാവായി ജനിച്ചവനെ സന്തോഷത്തോടെ കുമ്പിട്ട് ആരാധിക്കുകയും ചെയ്ത ജ്ഞാനി കളും മറ്റൊരു വഴിയേ സ്വദേശത്തേക്കു മടങ്ങിക്കഴിഞ്ഞു. പുല് ത്തൊട്ടിയില്‍ ഇപ്പോള്‍ മറിയവും ജോസഫും ശിശുവും തനിച്ചാണ്. അല്‍പ്പം മുമ്പ് വരെ ഉജ്വലഗീതങ്ങള് മുഴങ്ങിയ അവിടം ഇപ്പോള്‍ സാന്ദ്രമൗനത്തിലാണ്. മധുരതരവും രക്ഷാകരവുമായ മൗനം; സര് വശക്തന്റെ അനന്തകാരുണ്യത്തെ ആയിരം നാവോടെ വാഴ്ത്തുന്ന മൗനം; തമസ്സിന്റെ വാഴ്ചകളെ വെളിച്ചത്തിന്റെ ഖഡ്ഗം കൊണ്ട് നെടുകെ പിളര്‍ക്കുന്ന മൗനം; ആരാധനയോടെ മിഴി പൂട്ടിയാല്‍ സര്‍വേശ്വരനെ മുന്നില്‍ ദര്‍ശിക്കാനാകുന്ന തേജോമയമായ മൗനം. മൗനത്തിന്റെ രാജ്ഞീ എന്ന് ലുത്തിനിയയില്‍ മറിയം പ്രകീര്ത്തി ക്കപ്പെടുന്നില്ല. പക്ഷേ, അവള് അതായിരുന്നു. പവിത്രമായ മൗന ത്തിന്റെ ആ കളരിയിലാണ് മറിയം എന്ന മാനവചരിത്രത്തിലെ കൃപനിറഞ്ഞ 'ചിന്തക' രൂപപ്പെട്ടത്.
ആരവങ്ങളൊക്കെ ഒടുങ്ങുമ്പോള്‍ ഒരുവേള പുല്ത്തൊട്ടിയിലെ ചിന്തകയെപ്പോലെ മൗനമായിരിക്കണം. അവളെപ്പോലെ ഗാഢ മായി ചിന്തിച്ച് എമ്മാനുവേല്‍ എനിക്ക് ആരെന്ന് കണ്ടെത്തണം. എല്ലാ ഘോഷങ്ങള്ക്കുമപ്പുറം ഗാഢമായ മൗനത്തിന്റെ കൂടി മഹോ ത്സവമായ ക്രിസ്മസ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കാതോര്‍ക്ക ണം - ഇത്തിരിപ്പോന്നതെങ്കിലും എന്റെ ഹൃദയമാകുന്ന സാമ്രാജ്യ ത്തില്‍ സര്വേശ്വരന് സ്ഥലമുണ്ടോ? യൗസേപ്പിനെയും മറിയത്തെ യും പോലെ ദൈവത്തിന് യെസ് പറയുന്നതിലെ രക്ഷാകരമായ അപകടത്തെ പുല്കാന് ഞാന്‍ സന്നദ്ധനാണോ? ഈ ചോദ്യങ്ങള്‍ ക്ക് ഭാവാത്മകമായി ഉത്തരം കണ്ടെത്തിയാല്‍, ആണ്ടറുതിയിലെ വെറുമൊരു ആഘോഷമായി ക്രിസ്തുജനനോത്സവം ഒടുങ്ങില്ല; പിന്നെയോ അനുദിനം നമ്മെ പുല്കുന്ന ആനന്ദാനുഭൂതിയാകും.
നവവത്സരാശംസകള്‍!