വചനമനസ്‌കാരം: No.56

വചനമനസ്‌കാരം: No.56

ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.

യോഹന്നാന്‍ 3:17

പ്രീതി, ഇഷ്ടം, സ്‌നേഹം, പ്രിയം, സന്തോഷം, സുഖം, സന്തു ഷ്ടി, തൃപ്തി, ഹിതം, അഭിമതി എന്നൊക്കെ അര്‍ത്ഥങ്ങളുള്ള pleasure എന്ന പദമാണ് അടുത്ത കാലത്ത് കേരളം കൂടുതലായി ചര്‍ച്ച ചെയ്തത്. പ്രീതിയുടെ വ്യക്തിപരവും ഭരണഘടനാപരവും നിയമപരവുമായ മാനങ്ങള്‍ തലനാരിഴ കീറി പരിശോധിക്കപ്പെട്ടു. പ്രീതിയുടെ പക്ഷങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയില്‍ ജനത്തിന്റെ പ്രീതി നോക്കാന്‍ ആളില്ല എന്നത് ഇക്കാലത്ത് ജനാധിപത്യത്തി ന്റെ മാത്രമല്ല സഭയുടെയും ദുരന്തപൂര്‍ണ്ണമായ അപചയമാണ്. ദൈവദത്തമായും ജനസമ്മതിയാലും കൈവരുന്ന അധികാരം വിവേകത്തോടെ വിനിയോഗിച്ച്, നീതിയും സമാധാനവും സന്തോ ഷവും നിറഞ്ഞ ദൈവരാജ്യവും ക്ഷേമരാഷ്ട്രവും പടുത്തുയര്‍ത്തേ ണ്ടവര്‍ സ്വന്തം പ്രീതിയും സുസ്ഥിതിയും മാത്രം നോക്കി മദിച്ചു വാഴുന്നതിന്റെ നേര്‍സാക്ഷ്യമാണല്ലോ നമ്മുടെ സഭയും നാടും.

പ്രീതി നഷ്ടപ്പെട്ടെങ്കിലും മനുഷ്യവംശത്തെ കൈവെടിയാന്‍ ദൈവം തയ്യാറായില്ല. അവിശ്വസ്തതയും അനര്‍ത്ഥങ്ങളും കൊണ്ട് അവന്‍ പങ്കിലമാക്കിയ ബന്ധങ്ങളെയും മലിനമാക്കിയ ജീവിത മണ്ഡലങ്ങളെയും കരുണയോടെ വീണ്ടെടുക്കാന്‍ അവിടുന്ന് തിരു മനസ്സായതിന്റെ ഫലവും അടയാളവുമാണ് 'പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശു' (ലൂക്കാ 2:12). പ്രീതി എന്നതിന് കനിവ് എന്നും അര്‍ത്ഥമുണ്ട്. അതൊന്നു മാത്രമാണല്ലോ അവിടുത്തെ സര്‍വ്വപ്രവൃത്തികളുടെയും ആധാരം!

ആമുഖവചനത്തിലെ 'തന്റെ പുത്രനെ' എന്നിടത്ത് സ്വന്തം പേ ര് ചേര്‍ത്ത് ധ്യാനിക്കുന്നത് നല്ലതാണ്. ദൈവം എന്നെ ലോകത്തി ലേക്ക് അയച്ചത് എന്തിനാണ്? എന്റെ ജന്മനിയോഗങ്ങള്‍ ഞാന്‍ തിരിച്ചറിയുകയും സാക്ഷാത്കരിക്കുകയും ചെയ്യുന്നുണ്ടോ? എ ന്റെ ജീവിതവും പ്രവൃത്തികളും വഴി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എനിക്കു കഴിയുന്നുണ്ടോ? എന്നെ സൃഷ്ടിച്ചതില്‍ അവിടുന്ന് 'പരി തപിക്കുകയും ദുഃഖിക്കുകയും' (ഉല്‍പ. 6:6) ചെയ്യുന്നുണ്ടോ? വെറുമൊരു ഉത്സവകാലത്തിന്റെ ആരവങ്ങള്‍ക്കുള്ള നാന്ദിയല്ല മംഗളവാര്‍ത്തക്കാലം. പിന്നെയോ, തിരുപ്പിറവിക്ക് ഒരുങ്ങുമ്പോള്‍ സ്വന്തം പിറവിയുടെ നിയോഗങ്ങളെയും നാനാര്‍ത്ഥങ്ങളെയും ധ്യാ നിക്കാനുള്ള ക്ഷണമാണ്. ദൈവത്തിന്റെ മനുഷ്യാവതാരത്തെ മാത്രമല്ല, നമ്മുടെ 'മനുഷ്യാവതാരത്തെ'ക്കുറിച്ചും ധ്യാനിക്കണ മെന്നാണ് ഈ ദിനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org