
വിളിക്കേണ്ട, വിളിക്കേണ്ട;
വിണ്ണിലേക്കില്ല ഞാന്‍ സഖേ!
വിഹരിക്കട്ടെ നിശ്ശങ്കം;
വിശ്വമാണെന്റെ നന്ദനം.
- വെണ്ണിക്കുളം
'മരണം' എന്നാണ് നാല്‍പ്പത്തിയൊന്നാം അധ്യായത്തിന്റെ തലക്കെട്ട്. സമ്പത്തും ഐശ്വര്യങ്ങളും ആരോഗ്യവുമുള്ളവന് മരണത്തെക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ അരോചകമാണത്രെ. ദരിദ്രനും, ശക്തിക്ഷയിച്ചവനും, വൃദ്ധനും, അല്ലല്‍ നിറഞ്ഞവനും, സഹിഷ്ണുത നഷ്ടപ്പെട്ട് സദാ നീരസം പ്രകടിപ്പിക്കുന്നവനും മരണവിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം തുടരുന്നുണ്ട്. കവി പറയുന്നതിന്റെ പൊരുളും അതത്രെ. ഈ ലോകമാണ് തന്റെ പൂന്തോട്ടമെന്നും ഇവിടെ അല്ലലില്ലാതെ വിഹരിക്കേണ്ടതിനാല്‍ വിണ്ണിലേക്ക് തന്നെ വിളിക്കേണ്ടെന്നുമാണ് കവിഭാഷ്യം.
നവംബര്‍ 'മരിച്ചവരുടെ മാസം' അല്ല; ജീവിച്ചിരിക്കുന്നവര്‍ സ്വന്തം മരണത്തെ സവിശേഷമായി ധ്യാനിക്കേണ്ട മാസമാണ്. 'മനുഷ്യചേതന കര്‍ത്താവ് കൊളുത്തിയ വിളക്കാണ്' (സുഭാ. 20:27) എന്ന് ബോധ്യപ്പെടുകയും ആ വിളക്ക് എപ്പോള്‍ വേണമെങ്കിലും അണഞ്ഞുപോകാമെന്ന് ഓര്‍മ്മിക്കുകയും ചെയ്യേണ്ട മാസമാണ്. വിളക്കിലെ എണ്ണയുടെ അളവും ചൊരിയുന്ന വെളിച്ചത്തിന്റെ കാന്തിയുമൊക്കെ പരിശോധിക്കേണ്ട മാസമാണ്.
'ഈ തീരത്തിന്റെ മനോഹാരിതയാണ് ഒരു ജന്മംകൂടി ഇവിടെ തരുമോ' എന്ന അര്‍ത്ഥനയുണര്‍ത്തുന്നത്. എന്നാല്‍ ചെന്നെത്തേ ണ്ട തീരം ഇതിലും മനോഹരമാണെങ്കിലോ? 'വിശിഷ്ടവും സുഖ സമ്പുഷ്ടവും ദര്‍ശനസുഭഗവുമായ' ആ തീരത്തിന്റെ വശ്യതകളെ ആത്മനാ ദര്‍ശിക്കാനാണ് നവംബര്‍ ക്ഷണിക്കുന്നത്. നെടുവീര്‍ പ്പോടെ കുഴിമാടങ്ങള്‍ക്കരികെ നില്‍ക്കാനല്ല; പ്രത്യാശയോടെ പറുദീസയെ നോക്കിക്കാണാനും, മുമ്പേ യാത്രയായ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കാനുമാണ് നവംബര്‍ നമ്മോട് ആവശ്യപ്പെടുന്നത്.