വചനമനസ്‌കാരം: No.45

വചനമനസ്‌കാരം: No.45
അങ്ങയുടെ ജ്ഞാനത്തിന്റെ പ്രവൃത്തികള്‍ നിഷ്ഫലമാകരുതെന്നത് അങ്ങയുടെ ഹിതമാണ്. മനുഷ്യര്‍ തീരെ ചെറിയ തടിക്കഷണത്തില്‍പോലും ജീവിതരക്ഷ ഉറപ്പിച്ച് തിരകളിലൂടെ ചങ്ങാടത്തില്‍ സുരക്ഷിതരായി കരയ്ക്കടുക്കുന്നു.
ജ്ഞാനം 14:5

അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍

പൊന്തി 'ണാം-ണാം'മെന്നു ദീനം മണിസ്വനം

രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-

ത്തുണ്ടായൊരാ മഹാത്യാഗത്തെയിപ്പോഴും

മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-

മേകമുഖമാം കുരിശിനെ മുത്തുവാന്‍

ആരാലിറങ്ങിവരും ചില 'മാലാഖ'-

മാരയ്വരാം കണ്ട തൂവെണ്‍മുകിലുകള്‍

പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍

പാത കാണിക്കും കുരിശേ ജയിക്കുക!!

മഹാകവി ജി. ശങ്കരക്കുറുപ്പ്

ആരാധനാക്രമം ഏലിയാ-സ്ലീവാ-മൂശക്കാലത്തിലേക്ക് കടന്നു. അല്ലെങ്കില്‍ത്തന്നെ ഏതു കാലമാണ് സ്ലീവായുടെ കാലമല്ലാത്തത്? സ്ലീവായിലൂടെ മനുഷ്യനെ വിമോചിപ്പിച്ചവനില്‍ നിന്നും സ്ലീവായില്‍ നിന്നും ഇനി ഒരു കാലത്തും മനുഷ്യന് വിമോചനമില്ല. സംസാരസാഗരത്തിലൂടെ നിത്യതയുടെ തീരം തേടി തുഴയുന്നവര്‍ക്ക് ജീവിതരക്ഷ ഉറപ്പിക്കാനായി ആ 'തീരെ ചെറിയ തടിക്കഷണങ്ങള്‍' അല്ലാതെ മറ്റൊന്നും ദൈവത്തിന്റെ ജ്ഞാനത്തിന് നല്കാനില്ല. കുരിശുകളെ സ്‌നേഹിക്കാം. 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ' ഭാവിക്കാതിരിക്കാം (ഗലാ. 6:14). ''എന്റെ ദൈവമേ, മോക്ഷത്തെ ആശിച്ചോ, നരകത്തെ ഭയന്നോ അല്ല; നിന്നെ കുരിശില്‍ കാണുന്നതു കൊണ്ട് നിന്നെ ഞാന്‍ സ്‌നേഹിക്കട്ടെ'' എന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഹൃദയഹാരിയായ പ്രാര്‍ത്ഥന ആവര്‍ത്തിക്കാം. നമ്മുടെ ജീവിതം കുരിശിന്റെയും ക്രൂശിതന്റെയും പുകഴ്ചയ്ക്കും കീര്‍ത്തിക്കും നിമിത്തമാകട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org