വചനമനസ്‌കാരം: No.44

വചനമനസ്‌കാരം: No.44
എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! അങ്ങയുടെ അവകാശത്തിന്‍മേല്‍ കരുണയുണ്ടാകണമേ; ഞങ്ങളുടെ വിലാപത്തെ ഉത്സവമാക്കി മാറ്റണമേ; കര്‍ത്താവേ, ഞങ്ങള്‍ ജീവിക്കുകയും അങ്ങയുടെ നാമത്തിനു സ്തുതിപാടുകയും ചെയ്യട്ടെ!
എസ്‌തേര്‍ 13:17

എങ്കിലും സ്വപ്നങ്ങള്‍ കാണുന്ന നമ്മുടെ

കണ്ണുകള്‍ കാലം കവര്‍ന്നില്ലിതുവരെ

കന്നിവെറിയില്‍ മകരക്കുളിരിനെ,

കര്‍ക്കിടകക്കരിവാവില്‍ തെളിവുറ്റ

ചിങ്ങപ്പുലരിയെ,

സാന്ദ്രമൗനങ്ങളില്‍ സംഗീതധാരയെ,

കാളും വിശപ്പിലും

നല്ലോണമുണ്ണുന്ന നാളിനെ,

കല്ലിന്റെയുള്ളിലുമേതോ

കരുണതന്‍ മൂര്‍ത്തിയെ

നമ്മള്‍ കിനാവു കാണുന്നൂ!

കിനാവുകള്‍

നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു !!

ഓ.എന്‍.വി

വിലാപത്തെ ഉത്സവമാക്കി മാറ്റാനാണ് മൊര്‍ദേക്കായ് പ്രാര്‍ത്ഥി ക്കുന്നത്. സാന്ദ്രമൗനങ്ങളില്‍ സംഗീതധാരയും കാളുന്ന വിശപ്പില്‍ ഓണനാളിനെയും കല്ലിന്റെ ഉള്ളിലും കരുണയുടെ മൂര്‍ത്തിയെയും കിനാവു കാണുന്ന കവിയുടെ അര്‍ത്ഥനയും അതുതന്നെയാണ്. ഉത്സവങ്ങളെ വിലാപങ്ങളാക്കി മാറ്റുന്ന ആധുനിക മനുഷ്യന് ഒരു പക്ഷേ ഈ പ്രാര്‍ത്ഥന അരോചകമായിരിക്കാം. സമൂലം നശിപ്പി ക്കപ്പെടുമെന്ന ഭീഷണിയില്‍ നിന്ന് എസ്‌തേര്‍ വഴി ദൈവം യഹൂദ രെ രക്ഷിച്ചതിന്റെ വിജയസ്മരണയ്ക്കായാണ് അവര്‍ പൂരിം ഉത്സ വം ആഘോഷിച്ചത്. മഹാബലി ചക്രവര്‍ത്തി തന്റെ ത്രൈലോക്യ സാമ്രാജ്യം സത്യത്തിനുവേണ്ടി പരിത്യജിച്ചതിന്റെ സ്മാരകമത്രേ ഓണം. ഉത്സവങ്ങളൊക്കെ സ്മാരകങ്ങളാണ്. അവ പാലങ്ങള്‍ പോ ലെയാണ്. ഓര്‍മ്മകളില്‍ നിന്ന് സ്വപ്നങ്ങളിലേക്കും പറുദീസയുടെ നഷ്ടവിശുദ്ധികളില്‍ നിന്ന് പുലരാന്‍ കൊതിക്കുന്ന ദൈവരാജ്യ ത്തിന്റെ കിനാക്കളിലേക്കുമുള്ള പാലങ്ങള്‍. ഉത്സവങ്ങള്‍ ജീവിത ത്തെ ശുദ്ധീകരിക്കട്ടെ! ജീവിതംതന്നെ ദൈവാരാധനയുടെ ഉത്സവമാകട്ടെ! തിരുവോണാശംസകള്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org