വചനമനസ്‌കാരം: No.43

വചനമനസ്‌കാരം: No.43

വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.
2 കോറിന്തോസ് 12:7

'ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചുകോടി കുട്ടികള്‍ ടെന്നീസ് കളിക്കാന്‍ ആരംഭിച്ചു. അമ്പതുലക്ഷം പേര്‍ കളി പഠിച്ചു. അഞ്ചുലക്ഷം പേര്‍ പ്രൊഫഷണല്‍ കളിക്കാരായി. അമ്പതിനായിരം പേര്‍ കളികള്‍ക്കായി ക്ഷണിക്കപ്പെട്ടു. അയ്യായിരം പേര്‍ ഗ്രൗണ്ടില്‍ പൊരുതി. അമ്പതുപേര്‍ വിംബിള്‍ഡണ്ണിലെത്തി. നാലു പേര്‍ സെമി ഫൈനലില്‍, രണ്ടുപേര്‍ ഫൈനലില്‍. അവസാനം ഒന്നാമത്തവനാ യി തെരഞ്ഞെടുക്കപ്പെട്ട് കപ്പിന് അര്‍ഹനായപ്പോള്‍ ദൈവത്തോടു ഞാന്‍ ചോദിച്ചില്ല; എന്തുകൊണ്ട് ഞാന്‍ എന്ന്. ഇന്ന് വേദനയിലും ഞാന്‍ എന്റെ ദൈവത്തോടു ചോദിക്കുന്നില്ല എന്തുകൊണ്ട് ഞാന്‍ എന്ന്. ആനന്ദിക്കാന്‍ എന്നെ തെരഞ്ഞെടുത്തവന് വേദനിപ്പിക്കാന്‍ അവകാശമുണ്ട്.'

'ഇത്തരം ഒരു രോഗം ഇപ്രകാരം ബാധിക്കാന്‍ ദൈവം എന്തു കൊണ്ട് താങ്കളെ തെരഞ്ഞെടുത്തു?' എന്നതായിരുന്നു ഹൃദയശ സ്ത്രക്രിയയ്ക്ക് രക്തം സ്വീകരിച്ചതിലൂടെ എയഡ്‌സ് രോഗബാധി തനായ ആര്‍തര്‍ ആഷെയോട് അനേകര്‍ ഉന്നയിച്ച ചോദ്യം. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് മുകളിലെ വാക്കുകള്‍. അദ്ദേഹം പനിനീര്‍ച്ചെടിയെ ധ്യാനിക്കാറുണ്ടെന്ന് വേണം കരുതാന്‍. വിവിധ വര്‍ണ്ണങ്ങളില്‍ വലിയ പുഷ്പങ്ങളുണ്ടാകുന്ന ആ മുള്‍ച്ചെടിയുടെ സാകല്യതയുടെ അവബോധമുണരാത്ത ഒരാള്‍ക്ക് ഇപ്രകാരം കുറിക്കാനാവില്ല.

roses all the way, bed of roses, under the rose എന്നതൊക്കെ കാല്‍പനിക കവിതകളില്‍ മാത്രം കാണുന്ന ഭ്രമകല്പനകളാണ്. ജീവിതം - അതൊരിക്കലും പനിനീര്‍പ്പൂമെത്തയല്ല. പൂക്കള്‍ തരുന്ന ഉടയവന്‍ തന്നെയാണ് മുള്ളുകളും തരുന്നതെന്ന തിരിച്ചറിവ് അനേ കം ആത്മീയസമസ്യകള്‍ക്ക് ഉത്തരമാണ്. 'ദൈവകരങ്ങളില്‍ നിന്നു നന്‍മ സ്വീകരിച്ച നാം തിന്‍മ സ്വീകരിക്കാന്‍ മടിക്കുകയോ?' എന്ന ജോബിന്റെ ചോദ്യം (2:10) പരിപക്വമായ ആത്മീയതയുടെ രസക്കൂട്ടു കളിലേക്കുള്ള കൈചൂണ്ടിയാണ്. ദൈവത്തെ ഓര്‍മ്മിക്കാനും ദൈവം നമ്മെ ഓര്‍മ്മിക്കുന്നുണ്ടെന്ന് ഓര്‍മ്മിക്കാനുമുള്ള കൃപയുടെ ജാലകങ്ങളാണ് മുള്ളുകളെന്ന് തിരിച്ചറിയാം. പൂക്കളെ മാത്രമല്ല മുള്ളുകളെയും ചേര്‍ത്തുപിടിച്ച്, 'അവര്‍ണ്ണനീയമായ ഈ ദാനത്തിന് കര്‍ത്താവേ അങ്ങേക്ക് സ്തുതി' എന്ന് കരളില്‍ കലക്കങ്ങളില്ലാതെ ആവര്‍ത്തിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org