
ദൈവത്തിന്റെ നല്ല കാര്യസ്ഥനും ദൈവജനത്തിന് പ്രിയങ്കര നുമായിരുന്ന ഒരിടയന്‍ കഴിഞ്ഞ ദിവസം പടിയിറങ്ങിപ്പോയി. പടി യിറക്കിവിട്ടതാണ്. ബുദ്ധിക്കും ഹൃദയത്തിനും ആ രാജിയോട് ഇനി യും രാജിയാകാന്‍ കഴിഞ്ഞിട്ടില്ല. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? ആര്‍ക്കുമറിയില്ല. ആരും പറഞ്ഞില്ല. 'സഭയുടെ നന്മയ്ക്കു' വേണ്ടി യാണത്രെ അദ്ദേഹത്തെ ഇറക്കിവിട്ടത്. ആ നന്മ പക്ഷേ, സീറോ മലബാര്‍ മെത്രാന്‍ സിനഡിനും ചില തീവ്രചിന്താധാരക്കാര്‍ക്കു മല്ലാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ഇരുണ്ട മധ്യകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ആ നന്മ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയും അറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. കുറച്ചു പേര്‍ക്ക് മാത്രം മനസ്സിലാകുന്ന നന്മ വലിയ തിന്മയായിരിക്കുമെന്ന തിന് ചരിത്രത്തില്‍ അനേകം ദുര്‍മാതൃകകളുണ്ട്.
കുരിശുകളോട് രാജിയോ സന്ധിയോ ചെയ്യാതിരിക്കുക ക്രൈ സ്തവരുടെ തലവരയും വിധിയുമാണ്. കാരണം അന്തിമനിമിഷം വരെ കുരിശില്‍നിന്ന് രാജിവയ്ക്കാതെ സഹനത്തെ സ്വീകരിച്ചവ നാണ് അവരുടെ കര്‍ത്താവ്. ആല വിട്ടിറങ്ങിയ ഇടയന് അതറിയാം. അതുകൊണ്ടാണ് കര്‍ത്താവിനോടും കര്‍ത്താവിന്റെ പ്രിയ ജന ത്തോടും സ്വന്തം മനസ്സാക്ഷിയോടും കൂറുപുലര്‍ത്തിയതിന്റെ ചാരി താര്‍ത്ഥ്യം നിറഞ്ഞ ചിരിയോടെ പടിയിറങ്ങാനായത്. ആ പേരില ല്ലാതെ, ഹൃദയത്തിലോ ജീവിതത്തിലോ നിലപാടുകളിലോ ബന്ധ ങ്ങളിലോ അധികാരപ്രമത്തത, അഹങ്കാരം, ലാഭക്കൊതി, അനീതി, അവിവേകം എന്നിവയുടെ കരിയോ കളങ്കമോ തെല്ലുമില്ല. ഇറക്കി വിട്ടിട്ടും കലിയടങ്ങാത്ത തീവ്രവാദികള്‍ അദ്ദേഹത്തെ മണ്ടന്‍ എന്ന് വിശേഷിപ്പിച്ചു കണ്ടു. അതില്‍ അസ്വാഭാവികതയില്ല. 'സമര്‍പ്പിക്കാ നും തിരികെയെടുക്കാനും അധികാരമുണ്ടായിരിക്കെ' (യോഹ. 10:18) പരമപാപിയെ പോലെ തന്നെത്തന്നെ മനുഷ്യകരങ്ങളില്‍ സമര്‍പ്പിച്ച ഒരു 'തിരുമണ്ടന്റെ' സഹജരും സഹയാത്രികരുമാണല്ലോ നാം!
അപ്പോഴും അങ്ങയുടെ നിര്‍മ്മലമായ ചിരിയെ നാടുകടത്താന്‍ അവര്‍ക്കായില്ലല്ലോ. 'കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ ഞാന്‍ എന്റെ കൈ കഴുകുന്നു' എന്ന് (സങ്കീ. 26:6) ഹൃദയപരമാര്‍ത്ഥതയോടെ അങ്ങേയ്ക്കും ആവര്‍ത്തിക്കാമല്ലോ. ഒടുവില്‍, കാര്യസ്ഥതയുടെ കണക്ക് ബോധിപ്പിക്കാന്‍ (ലൂക്കാ 16:2) അവിടുത്തെ മുമ്പില്‍ ആത്മ ധൈര്യത്തോടെ അങ്ങേയ്ക്ക് നില്‍ക്കാമല്ലോ. കസേരയില്‍ നിന്നല്ലാതെ കര്‍ത്താവിന്റെയും ഞങ്ങളുടെയും ഹൃദയങ്ങളില്‍ നിന്ന് അങ്ങയെ കുടിയിറക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.