വചനമനസ്‌കാരം : No. 35

വചനമനസ്‌കാരം : No. 35
ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.
1 തിമോത്തേയോസ് 6:6-7

ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍,

ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍,

വിരസ നിമിഷങ്ങള്‍ സരസമാക്കുവാ-

നിവ ധാരാളമാണെനിക്കെന്നും

-കുഞ്ഞുണ്ണി മാഷ്

ബ്രഹ്മാണ്ഡം തന്നെ സ്വന്തമാക്കിയാലും ആര്‍ത്തി ശമിക്കാത്ത മനുഷ്യരുള്ള ഭൂമിയിലാണ് നിസ്വനും പരമസാത്വികനുമായ കവി വളപ്പൊട്ടിന്റെയും മയില്‍പ്പീലിയുടെയും സമ്പന്നതയില്‍ കൃതാര്‍ത്ഥ നാകുന്നത്!

വ്യാജപ്രബോധകര്‍ എന്നാണ് വചനഭാഗത്തിന്റെ തലക്കെട്ട്. 'ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗമാണെന്നു കരുതുന്നവരുമായ മനുഷ്യര്‍' എന്ന് അക്കൂട്ടരെ അദ്ദേഹം നിര്‍വചിക്കുന്നുമുണ്ട് (വാക്യം 5). ദൈവ ഭക്തിയെ സ്വന്തം ഹീനമായ അജണ്ടകള്‍ക്ക് മറയും മാധ്യമവുമാ ക്കുന്ന അത്തരം മനുഷ്യരാണ് ദൈവാരാധനയുടെ പവിത്രമായ ഇടങ്ങളെ പങ്കിലമാക്കുന്നത്. ദൈവത്തിന്റേതെന്നും ദൈവത്തിനു വേണ്ടിയെന്നും കാണപ്പെടുമ്പോഴും ഫലത്തില്‍ ദൈവത്തെ നിന്ദിച്ച് ജീവിക്കുന്ന ഹൃദയശൂന്യരും 'മനസ്സാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്മാരുമായ' (1 തിമോ. 4:2) മനുഷ്യരാണവര്‍.

'ഈശ്വരങ്കല്‍ തോന്നുന്ന അനുരാഗം, സ്‌നേഹത്തോടുകൂടിയ വണക്കം' എന്നൊക്കെയാണ് ഭക്തി എന്ന വാക്കിന്റെ അര്‍ത്ഥം. ശ്രവ ണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ ഭക്തി 9 വിധമുണ്ട്. ഏതു വിധത്തിലായാലും നിര്‍മ്മലമായ മനസ്സാക്ഷിയുടെയും സത്യസന്ധ വും ലളിതവുമായ ജീവിതത്തിന്റെയും ത്യാഗോജ്ജ്വലമായ മനുഷ്യ സ്‌നേഹത്തിന്റെയും പിന്‍ബലമില്ലാത്ത ദൈവഭക്തി നിഷ്പ്രയോ ജനവും നിരര്‍ത്ഥകവുമത്രെ. ആത്മാവിന്റെ അടരുകൡ അവിടുന്ന് നിക്ഷേപിച്ചിരിക്കുന്ന വരപ്രസാദത്തിന്റെ വളപ്പൊട്ടുകളും കരുണാര്‍ ദ്രസ്‌നേഹത്തിന്റെ മയില്‍പ്പീലികളും കണ്ടെടുക്കാനാകുമ്പോഴാണ് ദൈവഭക്തി യഥാര്‍ത്ഥത്തില്‍ വലിയൊരു നേട്ടമാകുന്നത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org