വചനമനസ്‌കാരം: No.230

vachana manaskaram 230
Published on

ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽ നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ!

ഗലാത്തിയാ 1 : 8

“നല്ല തിരക്കുള്ള ഒരു തെരുവ്. മനുഷ്യർ തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും പായുകയാണ്. ഞാനും അക്കൂട്ടത്തിലുണ്ട്. ഒരു നാൽക്കവലയിൽ എത്തിയപ്പോൾ ഒത്ത നടുവിൽ ഒരാൾ നിൽക്കുന്നു. നല്ല പരിചയമുള്ള മുഖം. സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി. യേശുവാണ് ! മ്ലാനമായ മുഖം. തിരക്കിട്ട് പായുന്ന മനുഷ്യരെ നിർന്നിമേഷനായി നോക്കി നിൽക്കുകയാണ്. വിസ്മയഭരിതനായ ഞാൻ ഓരോരുത്തരുടെയും അടുത്ത് ചെന്ന്, ‘ദാ, യേശു നിൽക്കുന്നു’ എന്ന് ആവർത്തിച്ചു പറഞ്ഞു. ആരും ഗൗനിച്ചില്ല. അപ്പോൾ ഒരു സ്വരം കേട്ടു: ‘എനിക്കാരുമില്ല; എനിക്കാരുമില്ല’. ഇതാണ് ആദ്യം കണ്ട സ്വപ്നം. അധികം വൈകാതെ മറ്റൊരു സ്വപ്നം കണ്ടു. ഒരു പുഴ. പുഴയെന്ന് പറഞ്ഞാൽ കറുത്തിരുണ്ട ഒരു മാലിന്യപ്പുഴ. കുറെ മനുഷ്യർ അതിൽ കിടന്ന് നീന്തിത്തിമിർക്കുകയാണ്. പെട്ടെന്ന്, ഒരു സ്വരം ഞാൻ കേട്ടു: ‘അരുതെന്ന് ആരെങ്കിലും ഇവരോട് ഒന്ന് പറയൂ.’ ആദ്യസ്വപ്നത്തിലെ അതേ ശബ്ദം! ഞാൻ സഭയുടെ കൂടെ നിൽക്കാൻ കാരണം ഈ രണ്ടു സ്വപ്നങ്ങളാണ്.”

നാളുകൾക്കുശേഷമാണ് ആ സുഹൃത്തിനെ കണ്ടത്. ക്ഷേമാന്വേഷണങ്ങൾക്കൊടുവിൽ സംസാരം മേജർ അതിരൂപതയിലെ കുർബാനത്തർക്കത്തിലെത്തി. സംസാരത്തിലുടനീളം ‘ഞാൻ സഭയുടെ കൂടെയാണ്’ എന്ന് ആവർത്തിച്ച അദ്ദേഹത്തോട് കാരണം ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ് മുകളിൽ ഉദ്ധരിച്ചത്. സഭയുടെ കൂടെ ആയിരിക്കുന്നത് നല്ലതാണെന്നും എന്നാൽ, യേശുവിന്റെ കൂടെ ആയിരിക്കുന്നതാണ് കൂടുതൽ നല്ലതെന്നും അദ്ദേഹത്തിന് മറുപടി നൽകി. സഭ എപ്പോഴും യേശുവിന്റെ കൂടെ അല്ലാത്തതിനാൽ, സഭയുടെ കൂടെയാണ് എന്നതു കൊണ്ട് യേശുവിന്റെ കൂടെയാകണമെന്നില്ലെന്നും പറഞ്ഞു.

ആത്മാവും സത്യവുമാണ് യഥാർത്ഥ ആരാധനാസ്ഥലങ്ങളെന്ന് യേശു പഠിപ്പിച്ചു. ആത്മാവിലും സത്യത്തിലും ദൈവത്തോടൊപ്പം ആയിരിക്കുക എന്നതാണ് പരമപ്രധാനം. സഭയോടും സഭാധികാരികളോടും ഒപ്പം എന്നാവർത്തിക്കുമ്പോഴും ആത്മാവിലും സത്യത്തിലും ദൈവത്തോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നില്ലെങ്കിൽ അതിൽപരം ദുരന്തമില്ല. സഭയുടെ സുവിശേഷം എന്നൊരു സുവിശേഷമില്ല. സഭയ്ക്കുള്ളത് യേശുക്രിസ്തുവിന്റെ സുവിശേഷം മാത്രമാണ്. സഭ രൂപം കൊണ്ടത് ആ സുവിശേഷത്താലാണ്; നിലനിൽക്കുന്നത് ആ സുവിശേഷത്തിനുവേണ്ടിയാണ്. ആ സുവിശേഷം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യാതെ സഭയുടെ സുവിശേഷം എന്ന പേരിൽ ‘സഭാധികാരത്തിന്റെ വിശേഷം’ പ്രസംഗിക്കുന്നവർ, അപ്പസ്തോലൻ പറഞ്ഞതുപോലെ, വ്യത്യസ്തമായ സുവിശേഷമാണ് പ്രസംഗിക്കുന്നത്. കാലാതിവർത്തിയായ സഭ, കാലത്തിനും ലോകത്തിനും സുവിശേഷമാകുന്നത് യേശുവിന്റെ സുവിശേഷം കലർപ്പില്ലാതെ പ്രഘോഷിക്കുമ്പോൾ മാത്രമാണ്. അത്തരമൊരു സഭയാണ് യേശു വിഭാവനം ചെയ്തത്. അത് സാക്ഷാൽക്കരിക്കാനാണ് മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും നാം ഓരോരുത്തരും നിയോഗിക്കപ്പെട്ടിരിക്കുന്നത്.

സ്വപ്നത്തിന്റെ വ്യാഖ്യാനത്തോടു വിയോജിക്കുമ്പോഴും അതിന്റെ സത്ത ഉള്ളുലയ്ക്കുന്നുണ്ട്. സകലത്തിന്റെയും നാഥനായ ദൈവം നമ്മെ നോക്കി ‘എനിക്കാരുമില്ല’ എന്ന് വിലപിക്കുന്നത് സ്വപ്നദർശനത്തിലാണെങ്കിൽ പോലും വേദനാജനകമാണ്. ‘ക്വോ വാദിസ്’ എന്ന ചോദ്യത്തിന് ഒരാൾക്ക് പണ്ട് നൽകിയ ഉത്തരം ഇന്ന് നമ്മെ ഓരോരുത്തരെയും നോക്കി യേശുവിന് ആവർത്തിക്കേണ്ടി വരുമോ? ഗോൽഗോഥായിലേക്കും റോമായിലേക്കുമല്ല; നിങ്ങൾക്കു പകരം മരിക്കാൻ ഞാൻ നിങ്ങളുടെ ആവൃതികളിലേക്ക് പോവുകയാണ് എന്ന് അവിടുത്തേക്ക് പറയേണ്ടി വരുമോ? രാജ്യസ്‌നേഹത്തിന്റെ വ്യാജനിർമ്മിതികളാണ് രാജ്യം മുഴുവനും നിറയുന്നത്. അതുപോലെ സഭാസ്‌നേഹത്തിന്റെ വ്യാജനിർമ്മിതികൾ സഭയിലും നിറയുന്നത് ദുഃഖകരമാണ്. യേശുക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടുമുള്ള സ്‌നേഹത്തിൽ നിന്ന് ഉയിരെടുക്കുന്ന സഭാസ്‌നേഹം മാത്രമാണ് സത്യവും സ്വീകാര്യവുമാകുന്നത്. ആരുടെ കൂടെയാണെങ്കിലും സത്യം, നീതി, സ്നേഹം, കരുണ എന്നിവയുടെ കൂടെയല്ലെങ്കിൽ യേശുക്രിസ്തുവിന്റെയും അവിടുത്തെ ശരീരവും മണവാട്ടിയുമായ സഭയുടെയും കൂടെയല്ലെന്ന് സ്പഷ്ടമാണ്.

logo
Sathyadeepam Online
www.sathyadeepam.org