വചനമനസ്‌കാരം: No.226

Word of Wisdom: No.225 - Proverbs 22:6
Published on

ശൈശവത്തിൽത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാർധക്യത്തിലും അതിൽ നിന്നു വ്യതിചലിക്കുകയില്ല.

സുഭാഷിതങ്ങൾ 22 : 6

ഓറ (aura) എന്നത് ജെൻ സി, ആൽഫാ തലമുറകൾക്ക് പ്രിയങ്കരമായ പദമാണ്. a distinctive character or quality around a person or in a place; ഒരു വ്യക്തിയെയോ സ്ഥലത്തെയോ വലയം ചെയ്തു നിൽക്കുന്ന ഒരു പ്രത്യേക സ്വഭാവം അല്ലെങ്കിൽ ഗുണം എന്നാണ് ആ വാക്കിന്റെ അർഥം. തേജോമണ്ഡലം അഥവാ പ്രഭാവലയം എന്ന് ലളിതമായി പറയാം. എലിസബത്തിന്റെയും ക്രിസ്റ്റഫറിന്റെയും വീട്ടിൽ നിറഞ്ഞു നിൽക്കുന്ന ആത്മീയ ഓറയെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ചത്.

വീട്ടിലെ മുറികളിലും ചുവരുകളിലും രൂപങ്ങളായും ചിത്രങ്ങളായും സന്നിഹിതരായിരിക്കുന്ന നവവൃന്ദം മാലാഖമാരും മുഖ്യദൂതൻമാരും അപ്പസ്തോലൻമാരും വിശുദ്ധരും മാർപാപ്പമാരും യൗസേപ്പിതാവും ദൈവമാതാവും പരിശുദ്ധ ത്രിത്വവുമെല്ലാം ഉൾപ്പെടുന്ന ഒരു ഓറയിലാണ് കുഞ്ഞുന്നാൾ മുതൽ അവർ ജീവിക്കുന്നത്. ആദ്യമായി സന്ദർശിച്ച ആ ഭവനത്തിൽ കണ്ട അതിഗംഭീരമായ വിശ്വാസപരിശീലനം ഹൃദയം കവർന്നു. അതിന്റെ എല്ലാ ബഹുമതിയും അവരുടെ മാതാപിതാക്കൾക്കുള്ളതാണ്. മക്കളുടെ വിശ്വാസരൂപീകരണം തങ്ങളുടെ പ്രഥമവും പ്രധാനവുമായ കടമയായി അവർ കരുതുന്നു. കുടുംബത്തെ ‘ഗാർഹിക സഭ’ എന്നു വിശേഷിപ്പിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനം അവർ സാക്ഷാൽക്കരിക്കുന്നു. ‘കുടുംബത്തിലെ മതബോധനം വിശ്വാസത്തിന്റെ മറ്റു രൂപങ്ങൾക്കു മുമ്പേ പോകുകയും സഹഗമിക്കുകയും അവയെ സമ്പന്നമാക്കുകയും ചെയ്യുന്നു’ എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത് (CCC 2226) അവർ പാലിക്കുന്നു.

‘ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചു തരണമേ’ എന്ന് പരിശുദ്ധരാജ്ഞീ എന്നാരംഭിക്കുന്ന പ്രാർഥനയിൽ മറിയത്തോട് നാം യാചിക്കുന്നുണ്ട്. അത് നല്ലതു തന്നെ. എന്നാൽ, പ്രവാസകാലത്ത് തന്നെ ഈശോയെ കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ പ്രവാസത്തിനുശേഷവും അതിനു സാധ്യമാകൂ. അതിനുള്ള ഏറ്റവും നല്ല മാധ്യമം കുടുംബങ്ങളാണ്. മാതാപിതാക്കളിലൂടെ അതിന് കഴിയുന്ന കുട്ടികൾ അനുഗ്രഹിക്കപ്പെട്ടവരാണ്. ഇക്കാണുന്ന ലോകത്തിൽത്തന്നെ ദൈവരാജ്യം എന്ന മറ്റൊരു ലോകം സന്നിഹിതമാണെന്ന് മാതാപിതാക്കളിലൂടെ അവർ തിരിച്ചറിയുന്നു. ദൈവം സ്‌നേഹമാണെന്നും ഹൃദയമാണ് ദേവാലയമെന്നും ആത്മാവിനും വിശപ്പും ദാഹവുമുണ്ടെന്നും സത്യവും നീതിയും അതിജീവിക്കുമെന്നും കരുണ വിധി നിർണ്ണയിക്കുമെന്നും പുനരുത്ഥാനം കെട്ടുകഥയല്ലെന്നും പറുദീസ പാഴ്ക്കിനാവല്ലെന്നും കുടുംബത്തിൽ നിന്ന് വെളിപ്പെട്ടു കിട്ടുന്ന കുട്ടികളോളം അനുഗ്രഹീതർ മറ്റാരുമുണ്ടാകില്ല. ‘വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്നാണ് പ്രമാണം.

എന്നാൽ, ഒരു കത്തോലിക്കാ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം കൂടുതൽ ശരിയായത് വിശ്വാസധനം സർവ്വധനാൽ പ്രധാനം എന്നതാണ്. ദൈവവിശ്വാസം വഴി സംലഭ്യമാകുന്ന വിശുദ്ധിയും വിമുക്തിയും വിരക്തിയും വലയം ചെയ്യാത്ത വിദ്യ കൊണ്ട് ആത്യന്തികമായി എന്ത് പ്രയോജനമാണുള്ളത്? അത് തിരിച്ചറിയുന്ന മാതാപിതാക്കൾ മക്കളുടെ വിശ്വാസപരിശീലനത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകും. ‘തൊട്ടിലിലെ ശീലം ചുടലയിലേ’ എന്ന് അറിയാവുന്നതിനാൽ ശൈശവത്തിൽത്തന്നെ നടക്കേണ്ട വഴി പഠിപ്പിക്കും. ദൈവത്തെ പകർന്നു നൽകാതെ നാം മക്കൾക്കുവേണ്ടി എന്തെല്ലാം ആർജ്ജിച്ചാലും അതെല്ലാം നിഷ്പ്രയോജനമാണ്. ദൈവവിശ്വാസം പകർന്നു നൽകാതെ എന്തെല്ലാം നേട്ടങ്ങളും നൈപുണ്യങ്ങളും ആർജ്ജിക്കാൻ അവരെ നാം സഹായിച്ചാലും അതെല്ലാം ഫലശൂന്യമാണ്.

‘കർത്താവിന്റെ അൾത്താര അലങ്കരിക്കുന്ന പൂക്കൾ നിർമ്മിക്കുന്ന ഉദ്യാനമാണ് കുടുംബം’ എന്ന മനോഹരമായ വാക്കുകൾ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടേതാണ്. ആഹ്ലാദത്തോടെ വിശ്വസിക്കുകയും വിശ്വാസത്തിന്റെ ആഹ്ലാദം അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യർ അധിവസിക്കുമ്പോഴാണ് കുടുംബങ്ങൾ അപ്രകാരമുള്ള ഉദ്യാനങ്ങളാകുന്നത്. വീട് മാത്രമാകാതെ, ദേവാലയവും വിദ്യാലയവും കൂടിയാകുന്ന വീടുകളിൽ നിന്നാണ് വിശ്വമാനവർ രൂപപ്പെടുന്നത്. എന്നും സ്‌കൂളിൽ പോകുന്നതിനു മുൻപായി ഈശോയുടെ തിരുഹൃദയത്തിന്റെ മുന്നിൽ നിന്ന് പ്രാർഥിക്കുകയും ബൈബിൾ വായിക്കുകയും ചെയ്യുന്ന എലിസബത്തും ക്രിസ്റ്റഫറും അത്തരമൊരു പരിണാമത്തിന്റെ ആദ്യ പടവുകളിലാണ്.

logo
Sathyadeepam Online
www.sathyadeepam.org