

അതുകൊണ്ട് മഹത്തരവും സുന്ദരവുമായ കിരീടം അവർക്ക് കർത്താവിൽ നിന്നു ലഭിക്കും. അവിടുത്തെ വലത്തുകരം അവരെ രക്ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും.
ജ്ഞാനം 5 : 16
വിശ്വാസപരിശീലകരുമായുള്ള ഇന്ററാക്ടീവ് സെഷന് മുന്നോടിയായി നൽകിയ ചോദ്യങ്ങളിൽ ഒന്നിന് അവർ നൽകിയ ഉത്തരങ്ങളായിരുന്നു കഴിഞ്ഞ ലക്കത്തിലെ പ്രതിപാദ്യവിഷയം. നിങ്ങൾ പരിശുദ്ധ കത്തോലിക്കാ സഭയിൽ വിശ്വാസപരിശീലന ശുശ്രൂഷ ചെയ്യാനുളള കാരണം എന്താണ് എന്ന ആദ്യചോദ്യത്തിന് ലഭിച്ച ഉത്തരങ്ങളായിരുന്നു വിവരിച്ചത്. വിശ്വാസപരിശീലന ശുശ്രൂഷ കൊണ്ട് നിങ്ങൾക്കുള്ള നേട്ടങ്ങൾ എന്തെല്ലാം എന്ന നാലാമത്തേതും അവസാനത്തേതുമായ ചോദ്യത്തിന് വിശ്വാസപരിശീലകർ നൽകിയ ഉത്തരങ്ങളുടെ വെളിച്ചത്തിലാണ് ഇത് കുറിക്കുന്നത്.
സന്യാസിനികൾ, അധ്യാപകർ, അധ്യാപികമാർ എന്ന ഭേദമില്ലാതെ ഏറെപ്പേരും നൽകിയ ഒരുത്തരം ദൈവവുമായി ആഴമായ വ്യക്തിബന്ധം സ്ഥാപിക്കാൻ കഴിയുന്നു എന്നതാണ്. അത് വളരെ പ്രസക്തവും ശ്ലാഘനീയവുമാണ്. ‘ഔട്ട് ഓഫ് റേഞ്ച്’ ആകാൻ ഒട്ടേറെ സാധ്യതകളുള്ള ഒരു ജീവിതക്രമത്തിൽ ദൈവസ്‌നേഹത്തിന്റെ കാന്തികപരിധിയിൽ തുടരാൻ വിശ്വാസപരിശീലന ശുശ്രൂഷ അവരെ സഹായിക്കുന്നു. അതിസൂക്ഷ്മവും അതിമൃദുലവുമായ ദൈവതരംഗങ്ങൾ ഈ ശുശ്രൂഷയിലൂടെ അവരുടെ അകതാരിൽ ലഭ്യമാകുന്നു. യേശുക്രിസ്തുവുമായുള്ള ഹൃദയബന്ധത്തിലൂടെ കൈവരുന്ന പ്രഭയും ഊർജവുമാണ് വിശ്വാസപരിശീലകരുടെ ശുശ്രൂഷയും ജീവിതവും ആദ്ധ്യാത്മികമായ ഒരു പ്രഭാവലയ ത്തിലേക്ക് (aura) ഉയർത്തുന്നത്.
പൗലോസായി മാറിയ സാവൂളിന് വീണ്ടും സാവൂളായി മാറാനാകാത്തതുപോലെ, യേശുവിനോടുള്ള അനുരാഗത്തിൽ വളർന്ന നിക്കൊദേമോസിന് പിന്നീടൊരിക്കലും രാത്രിയിൽ അവനെ തേടിയെത്തുന്ന പഴയ നിക്കൊദേമോസ് ആകാൻ കഴിയാത്തതുപോലെ, ഹൃദയത്തിൽ യേശുവിനോടൊത്തുള്ള വിരുന്നനുഭവം സ്വന്തമാക്കിയ സക്കേവൂസിന് ഇനിയൊരിക്കലും ഒളിഞ്ഞിരിക്കുന്ന സക്കേവൂസ് ആകേണ്ട ആവശ്യമില്ലാത്തതുപോലെ, വ്യക്തിപരമായ ക്രിസ്‌ത്വാനുഭവം അനേകം വിശ്വാസപരിശീലകരെ, മുമ്പുള്ള ജീവിതാവസ്ഥയിൽ നിന്ന് എന്നേക്കുമായി വീണ്ടെടുക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ട്. കുടുംബത്തിലും സഭയിലും സമൂഹത്തിലും സുവിശേഷ സന്ദേശത്തിന്റെ വിശ്വാസ്യതയുള്ള സാക്ഷികളാകാൻ അനേകരെ ഈ ശുശ്രൂഷ സഹായിക്കുന്നു. ‘ഞാൻ ക്രിസ്‌തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങൾ എന്നെ അനുകരിക്കുവിൻ’ (1 കോറി. 11:1) എന്ന് പ്രചോദിപ്പിച്ച അപ്പസ്തോലനെപ്പോലെ, കുട്ടികൾക്ക് മാതൃകയും ഉദാഹരണവുമായി സ്വയം മാറാൻ അനേകർക്ക് ഇതിലൂടെ കഴിയുന്നു.
വിശുദ്ധ ഗ്രന്ഥം, സഭാപ്രബോധനങ്ങൾ എന്നിവയിൽ താൽപര്യവും അറിവും വർധിക്കുന്നു എന്നത് മറ്റൊരു നേട്ടമായി ഏറെപ്പേർ അഭിപ്രായപ്പെട്ടു. പ്രാർഥന, കൗദാശിക ജീവിതം, വിശുദ്ധരുടെ ജീവിതമാതൃകകൾ, ക്ഷമ, പരസ്പരസ്‌നേഹം എന്നിവയിൽ വളരാൻ സഹായിക്കുന്നു എന്ന് ഒട്ടേറെ പേർ എഴുതി. എല്ലായ്പ്പോഴും ദൈവത്തിൽ ആശ്രയിക്കാനുള്ള ധൈര്യവും ശക്തിയും ലഭിക്കുന്നുവെന്നും ജീവിതത്തിലെ വിജയങ്ങളിലും പരാജയങ്ങളിലും ദൈവഹിതം തിരിച്ചറിയാൻ പഠിച്ചുവെന്നും ദൈവസ്നേഹം അനുഭവിച്ചറിയാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു വെന്നും എഴുതിയവരുണ്ട്. ജീവിതത്തിലുടനീളം; വിശേഷിച്ചും പ്രതിസന്ധികളിൽ, പരിശുദ്ധാരൂപിയുടെ സാന്നിധ്യവും സഹായവും അനുഭവിക്കാൻ കഴിയുന്നു എന്നാണ് ഒരു ടീച്ചർ എഴുതിയത്.
‘ഒരു ഞായറാഴ്ച ഞാൻ ഈശോയ്ക്ക് കൊടുക്കുമ്പോൾ ഒരാഴ്ച മുഴുവൻ ഓടാനുള്ള ഊർജം എനിക്ക് കിട്ടുന്നുണ്ട്’ എന്നെഴുതിയ ടീച്ചർ എത്ര ഹൃദ്യമായാണ് കൂടെ വസിക്കുന്ന സർവ്വേശ്വരന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നത്! സ്വർഗത്തിൽ ദൈവദൂതന്മാരുടെ അകമ്പടിയോടെ, മഹത്വത്തിന്റെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന യേശുക്രിസ്തു, മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന ഒരാളുടെ ശിരസ്സിൽ കിരീടം വയ്ക്കുന്ന ചിത്രം വെട്ടി ഒട്ടിച്ച്, ‘ഞാൻ പ്രതീക്ഷിക്കുന്ന നേട്ടം’ എന്നെഴുതിയ അധ്യാപകൻ വിശ്വാസപരിശീലന ശുശ്രൂഷയുടെ പരമമായ നേട്ടത്തെ എത്ര കൃത്യവും വിസ്മയകരവുമായാണ് വ്യക്തമാക്കുന്നത്!
ആമുഖവചനം നീതിമാൻമാരെക്കുറിച്ചുള്ളതാണ്. അതുപക്ഷേ, വിശ്വാസപരിശീലകർക്കും അനുയോജ്യമാണ്. മഹത്തരവും സുന്ദരവുമായ കിരീടം കർത്താവിൽ നിന്നു ലഭിക്കുന്ന അവരാണ് കുഞ്ഞുങ്ങളെയും ആ കിരീടത്തിന് സംപ്രാപ്‌തരാക്കുന്നത്. അവരാണ് സദാ കർത്താവിന്റെ വലത്തുകരത്തിന്റെ കീഴിൽ നിൽക്കുകയും നിൽക്കാൻ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നത്. എന്താണ് ചെയ്യുന്നതെന്നും അതെന്തിനുവേണ്ടിയാണെന്നും ഉത്തമബോധ്യമുള്ള വിശ്വാസപരിശീലകർ സഭയ്ക്ക് മാത്രമല്ല; ലോകത്തിനുതന്നെയും അനുഗ്രഹവും സമ്പത്തുമാണ്.