

പിന്നെ, അവൻ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്കു ചെന്നു.
മർക്കോസ് 3 : 13
വിശ്വാസപരിശീലന വർഷാരംഭത്തിന് മുന്നോടിയായി ഒരു ഫൊറോന പള്ളിയിലെ വിശ്വാസപരിശീലകരുമായി സംവദിക്കാൻ അവസരം ലഭിച്ചു. നാല് ചോദ്യങ്ങൾ മുൻകൂട്ടി നൽകി ഉത്തരങ്ങൾ ശേഖരിച്ചതിനുശേഷമാണ് നേരിട്ടുള്ള സെഷന് ചെന്നത്. മൂന്നോ നാലോ വാചകങ്ങളിലുള്ള ഉത്തരങ്ങൾ മതിയെന്നും പരിശുദ്ധാരൂപിയോട് വ്യക്തിപരമായി സംസാരിച്ചതിനുശേഷം മാത്രം ഉത്തരം എഴുതണമെന്നും പ്രത്യേകം പറഞ്ഞിരുന്നു. നിങ്ങൾ പരിശുദ്ധ കത്തോലിക്കാസഭയിൽ വിശ്വാസപരിശീലന ശുശ്രൂഷ ചെയ്യാനുള്ള കാരണം എന്താണ് എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ലഭിച്ച ധ്യാനാത്മകമായ ചില ഉത്തരങ്ങൾ ഇവയാണ്:
1) എനിക്കു ലഭിച്ച ക്രിസ്ത്വാനുഭവം വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകി യേശുവിനോടുള്ള ആഴമേറിയ വിശ്വാസത്തിലും സ്‌നേഹത്തിലും വളർത്തിയെടുക്കാൻ എന്നെക്കൊണ്ടാവുന്ന വിധം സഹായിക്കുക എന്നതാണ് ഈ ശുശ്രൂഷവഴിയുള്ള എന്റെ ലക്ഷ്യം.
2) വിശ്വാസപരിശീലന ശുശ്രൂഷ ദൈവവിളിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വാസവും പ്രത്യാശയും ദൈവ സ്‌നേഹവും വരുംതലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടത് എന്റെ കടമയാണെന്നും ഞാൻ കരുതുന്നു.
3) എനിക്ക് ലഭിച്ച വിശ്വാസം സ്‌നേഹത്തോടെ പകർന്നു കൊടുക്കുന്നു. ദൈവരാജ്യശുശ്രൂഷയിൽ പങ്കുചേരുന്നു. ക്രിസ്‌തുവിനെ അറിയാതെ ആർക്കും ക്രിസ്‌തുവിനെ സ്‌നേ ഹിക്കാൻ കഴിയില്ല. അതിനാൽ പകർന്നു കൊടുക്കുന്നു.
4) ക്രിസ്തുവിനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു തലമുറ വളർന്നു വരണമെന്നാണ് ആഗ്രഹം. ഞാൻ അനുഭവിച്ചറിഞ്ഞ ദൈവസ്‌നേഹം ഇളംതലമുറയ്ക്ക് പകർന്നു കൊടുത്ത് അവരെയും വിശ്വാസജീവിതത്തിൽ ആഴപ്പെടുത്തുക എന്നതാണ് ലക്ഷ്യം. എല്ലാ മനുഷ്യരും ദൈവത്തിൽ എത്തിച്ചേരണം എന്ന ആഗ്രഹം കൊണ്ടാണ് ഈ ശുശ്രൂഷ ഏറ്റെടുത്തത്.
5) ദൈവത്തെ ഒരാൾക്ക് കൂട്ടായി കൊടുക്കുവാൻ സഹായിക്കുന്നതിനേക്കാൾ വലിയ ഒരു പ്രവർത്തി വേറെ എന്തുണ്ട്? അതിനാലാണ് ഞാൻ ഈ ശുശ്രൂഷ ചെയ്യുന്നത്. ഒപ്പം അവിടുന്ന് തന്ന കൃപകൾക്ക് ഉത്തരം നൽകാനുള്ള അവസരമായും കാണുന്നു.
6) വിശ്വാസപരിശീലന ശുശ്രൂഷയ്ക്ക് എന്നെ നിയോഗിച്ചത് ദൈവമാണെന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ഈ ശുശൂഷ ചെയ്യുന്നത്. ദൈവസ്‌നേഹത്തിൽ അധിഷ്‌ഠിതവും ദൈവാശ്രയബോധമുള്ളതുമായ ഒരു തലമുറയെ രൂപപ്പെടു ത്തുന്നതിൽ പങ്കുവഹിക്കുന്നതിലുള്ള സന്തോഷവും ഈ ശുശ്രുഷയിൽ തുടരാനുള്ള കാരണമാണ്.
7) ഞാൻ വിശ്വാസപരിശീലന ശുശ്രൂഷ ചെയ്യണമെന്ന് ഈശോ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. യേശുക്രിസ്തുവിന്റെ സ്‌നേഹവും മറ്റു സുവിശേഷമൂല്യങ്ങളും കുഞ്ഞുങ്ങളിലേക്ക് എത്തിക്കുകയെന്നത് വലിയ ഉത്തരവാദിത്വമായതിനാൽ ഞാൻ ഈ ശുശ്രൂഷ തുടരുന്നു.
8) പരിശുദ്ധ കത്തോലിക്കാ സഭയിൽ അംഗമായ എനിക്ക് കർത്താവിന്റെ സുവിശേഷം മറ്റുള്ളവരെ അറിയി ക്കാനും സഭയുടെ വിശ്വാസസത്യങ്ങളെക്കുറിച്ച് നമ്മുടെ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താനും കടമയുണ്ട്. കത്തോലിക്കാ വിശ്വാസപാരമ്പര്യം അതിന്റെ ശരിയായ അർഥത്തിലും കൃത്യമായ മൂല്യത്തിലും പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാൻ പറ്റുന്ന ഏറ്റവും നല്ല മാർഗം വിശ്വാസപരിശീലനമാണ്.
യേശു അപ്പസ്‌തോലൻമാരെ തിരഞ്ഞെടുക്കുന്ന സന്ദർഭ മാണ് ആമുഖവചനം. കൗതുകകരമായ രണ്ട് കാര്യങ്ങൾ ആ തിരഞ്ഞെടുപ്പിലുണ്ട്. കടൽത്തീരത്തു നിന്ന് മലമുകളിലേക്കു കയറിയാണ് അവൻ അവരെ തിരഞ്ഞെടു ത്തത്. ജനക്കൂട്ടത്തിൽ നിന്ന് തനിക്ക് ഇഷ്‌ടമുള്ളവരെ റാൻഡെം ആയി തിരഞ്ഞെടുക്കുകയായിരുന്നു. ഇവ രണ്ടും വിശ്വാസപരിശീലകരുടെ സവിശേഷ ബോധ്യങ്ങളാകേണ്ടതാണ്. തീരങ്ങളിലും സമതലങ്ങളിലുമുള്ള സാധാരണവും മദ്ധ്യമവുമായ വിശ്വാസജീവിതം നയിക്കാനല്ല വിശ്വാസപരിശീലകരായ നാം വിളിക്കപ്പെട്ടിരിക്കുന്നത്; ഉയരങ്ങളിൽ കർത്താവിനോടു കൂടെ ആയിരിക്കാനാണ്. നമ്മുടെ മികവോ സ്വഭാവഗുണമോ കുലമഹിമയോ അല്ല; കർത്താവിന്റെ ഇഷ്ടമാണ് നമ്മുടെ തിരഞ്ഞെടുപ്പിന്റെ ആധാരം. അപ്പസ്‌തോലൻമാരായി തിരഞ്ഞെടുത്തവരെ കർത്താവ് എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നത് സുവിശേഷത്തിൽ വ്യക്തമല്ലാത്തതുപോലെ നമ്മെയും അവിടുന്ന് എന്തുകൊണ്ട് ഇഷ്‌ടപ്പെടുന്നു എന്നത് അജ്ഞാതമാണ്. ആ ഇഷ്‌ടത്തിനുള്ള പ്രതിഫലവും പ്രതിസമ്മാനവുമാകട്ടെ നമ്മുടെ വിശ്വാസപരിശീലനശുശ്രൂഷ.