വചനമനസ്‌കാരം: No.219

വചനമനസ്‌കാരം: No.219
Published on

നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല. കാരണം, ഇപ്പോൾ ദിവസത്തിന്റെ മൂന്നാം മണിക്കൂറല്ലേ ആയിട്ടുള്ളൂ? മറിച്ച്, ജോയേൽ പ്രവാചകൻ പറഞ്ഞതാണിത്.

അപ്പ. പ്രവർത്തനങ്ങൾ 2 : 15, 16

festival of the Jews on fiftieth day after the Passover, യഹൂദന്മാരുടെ അമ്പതാം നാൾ വാർഷികോത്സവം എന്നാണ് Pentecost എന്ന വാക്കിന് നിഘണ്ടു നൽകുന്ന ആദ്യത്തെ അർഥം. the Seventh Sunday after Easter commemorating the descent of the Holy Spirit at Pentecost, പെന്റെക്കോസ്റ്റിൽ അപ്പസ്തോലന്മാരുടെ മുമ്പിൽ ദിവ്യരൂപം ഇറങ്ങിയതിനെ അനുസ്മരിപ്പിക്കുന്ന, ഈസ്റ്ററിനുശേഷം വരുന്ന ഏഴാം ഞായറാഴ്ച എന്ന വിശദീകരണത്തോടെ Whit Sunday എന്ന് രണ്ടാമത്തെ അർഥമായും കാണുന്നുണ്ട്.

അർഥമെന്തായാലും ചൈതന്യം ഒന്നുതന്നെ - ഉൽപത്തിയിൽ വെള്ളത്തിന് മീതെ ചലിച്ചുകൊണ്ടിരുന്ന അതേ ‘ആൾ’ തന്നെ! അഗ്നിജ്വാലകൾ പോലുള്ള നാവ്, ജലം, കാറ്റ് എന്നിങ്ങനെ രൂപവും രൂപകവു മെന്തായാലും ലഹരി ഒന്നുതന്നെ - ഭയചകിതരായി ‘വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിൽ’ അടച്ചിരുന്നവരെ, ‘ലോകത്തെ തലകീഴ് മറിച്ച മനുഷ്യർ’ (അപ്പ. പ്രവ. 17:6) ആയി രൂപാന്തരപ്പെടുത്തിയ അതേ ശക്തിയും ലഹരിയും തന്നെ!

പാവം പത്രോസ്! ആദ്യപ്രസംഗത്തിൽ തന്നെ താനും കൂട്ടുകാരും പുതുവീഞ്ഞ് കുടിച്ച് ലഹരി പിടിച്ചിട്ടില്ലെന്ന് സ്‌ഥാപിക്കേണ്ടി വന്നു! യഥാർത്ഥത്തിൽ വീഞ്ഞ് പഴയതാണ്. പിതാവിനോളവും പുത്രനോളവും പഴക്കമുള്ള വീഞ്ഞാണ്. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നതും പിതാവിനും പുത്രനും സമനായതുമായ വീഞ്ഞാണ്. യഥാർത്ഥത്തിൽ അത് ലഹരി തന്നെയാണ്; എന്നാൽ, യഹൂദജനങ്ങൾ വിചാരിച്ച ലഹരിയല്ലെന്ന് മാത്രം. അവർ കണ്ടത് യേശുക്രിസ്തുവിന് നാനൂറ് വർഷം മുമ്പ് പ്രവചിക്കപ്പെട്ട ലഹരിയാണ്. അത് പുത്രന്മാരെയും പുത്രിമാരെയും പ്രവാചകരാക്കുന്ന ലഹരിയാണ്. അത് വൃദ്ധന്മാരെ സ്വപ്നശാലികളും യുവാക്കളെ ദാർശനികരുമാക്കുന്ന ലഹരിയാണ്. ദാസന്മാരെയും ദാസികളെയും സമ്പന്നരാക്കുന്ന ലഹരിയാണ്.

സൂര്യൻ അന്ധകാരമായും ചന്ദ്രൻ രക്തമായും മാറിയതിനു ശേഷം ആഗതമാകുന്ന കർത്താവിന്റെ മഹത്തും ഭയാനകവുമായ ദിനത്തിൽ അതിജീവിപ്പിക്കുന്നത് ആ ലഹരിയാണ് (ജോയേൽ 2:31). ‘നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്‌ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ്’ എന്ന് തന്റെ പ്രസംഗം കേട്ട് ഹൃദയം നുറുങ്ങിയ ആദ്യവിശ്വാസികളോട് പത്രോസ് തുടർന്ന് പറയുന്നത് ആ ലഹരിയെപ്പറ്റിയാണ്. യേശു തന്നെയാണ് ക്രിസ്‌തു എന്ന് ബോധ്യപ്പെടുത്തുന്നത് ആ ലഹരിയാണ്. ദൈവത്തെ ആബ്ബാ എന്ന് വിളിപ്പിക്കുന്നതും ആത്മാവിലും സത്യത്തിലും ആരാധിപ്പിക്കുന്നതും യേശുക്രിസ്‌തുവിനോടുളള അനുരാഗത്തിൽ വളർത്തുന്നതും ഹൃദയത്തിൽ സ്നേഹവും പ്രത്യാശയും നിറയ്ക്കുന്നതും ആ ലഹരിയാണ്. തിരുസാന്നിധ്യത്തിന്റെ സന്തോഷം സദാ പകരുന്നതും നിത്യജീവന്റെ നിയോഗത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ആ ലഹരിയാണ്.

ആണ്ടുവട്ടത്തിൽ ഒരിക്കൽ മാത്രം ആവർത്തിക്കുന്ന വെറുമൊരു തിരുനാളല്ല പന്തക്കുസ്ത; പിന്നെയോ ക്രിസ്തുവിശ്വാസികൾ എന്ന നിലയിൽ നമ്മുടെ ആയുസിൽ അനുനിമിഷവും ആവർത്തിക്കേണ്ട ഉത്സവമാണ്; ആത്മീയാസ്തിത്വത്തിന്റെ ആഘോഷമാണ്. അതൊരിക്കലും കഴിയുന്നില്ല. പിന്നെയോ, അത് വന്നുകൊണ്ടേയിരിക്കുകയാണ്; യേശുവിന്റെ ഹൃദയത്തിൽ നിന്ന് അത് വന്നു കൊണ്ടേയിരി ക്കുകയാണ്. യേശുവിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിലൂടെ അത് തുടർന്നുകൊണ്ടേയിരിക്കുകയാണ് (യോഹ. 7:37).

ആ അരുവിയൊഴുക്കുന്ന മനുഷ്യരില്ലായിരുന്നെങ്കിൽ ഈ അണ്ഡകടാഹം പണ്ടേ ഒരു മരുത്തടാകമായി മാറിയേനെ! ആ കാറ്റ് പ്രവഹിപ്പിക്കുന്ന മനുഷ്യരില്ലായിരുന്നെങ്കിൽ ഈ ഭൂമി പണ്ടേ ഒരു ഉഷ്ണമേഖലയായി ഒടുങ്ങിയേനെ! ആ അഗ്നി കടഞ്ഞെടുത്ത് ഉജ്വലിപ്പിക്കുന്ന മനുഷ്യരില്ലായിരുന്നെങ്കിൽ ഈ മഹാപ്രപഞ്ചം പണ്ടേ ഒരു ഹിമഗോളമായി ഉറഞ്ഞേനെ! പരിശുദ്‌ധാരൂപിക്ക് സ്വയം പണയപ്പെടുത്തിയ ആത്മാക്കളോട് നന്ദിയുളളവരാകാം!

അധികാരം, സമ്പത്ത്, പദവി, പ്രശസ്തി, ആസക്തികൾ എന്നിങ്ങനെ മനുഷ്യർക്ക് നാനാതരം ലഹരികളുണ്ട്. എന്നാൽ, ദൈവത്തിന്റെ പക്കൽ ഒരേയൊരു ലഹരിയേയുള്ളൂ - ദൈവം തന്നെയായ പരിശുദ്ധാത്മാവ്. നമ്മുടെ ജീവിതത്തിൽ യേശുവിനെ ഇതളിതളായി വിടർത്തി സുഗന്ധം പ്രസരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. ഒരിക്കൽ സാവൂൾ ആയിരുന്നവരെ പിന്നീട് ‘ദൈവത്തിനുവേണ്ടി ഉന്മത്തരാകുന്ന’ പൗലോസായി പരിണമിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. ഒരിക്കൽ ആവോളം നുകർന്നാൽ പിന്നീടൊരിക്കലും ‘കെട്ട്’ വിടാത്ത പരിശുദ്ധാത്മാവ് എന്ന ലഹരിക്ക് അടിപ്പെട്ടതാകട്ടെ നമ്മുടെ ജീവിതം.

logo
Sathyadeepam Online
www.sathyadeepam.org