

ചിലർ രഥങ്ങളിലും മറ്റു ചിലർ കുതിരകളിലും അഹങ്കരിക്കുന്നു. ഞങ്ങളാകട്ടെ, ദൈവമായ കർത്താവിന്റെ നാമത്തിൽ അഭിമാനം കൊള്ളുന്നു.
സങ്കീർത്തനങ്ങൾ 20 : 7
അമേരിക്കയുടെ വൺ ഡോളർ നോട്ടിന്റെ പിൻവശത്തുള്ള മുദ്രയിൽ ചിന്തോദ്ദീപകമായ രണ്ട് ലത്തീൻ പ്രയോഗങ്ങളുണ്ട്. ANNUIT COEPTIS എന്നതാണ് ആദ്യത്തേത്. Providence favours our undertakings എന്നാണ് അർത്ഥം. NOVUS ORDO SECLORUM എന്നതാണ് രണ്ടാമത്തേത്. A New Order of the Ages എന്നാണ് അർത്ഥം. 1776 ലെ ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യപ്രഖ്യാപനവും ഐക്യനാടുകളുടെ രൂപീകരണവും അടിസ്ഥാനമാക്കി അമേരിക്കയുടെ പുതുയുഗം ആരംഭിച്ചതിന്റെ സൂചനയായാണ് നോട്ടിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ എല്ലാ ഡോളർ നോട്ടുകളിലും IN GOD WE TRUST എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
എന്നാൽ, അമേരിക്കയുടെ ഇപ്പോഴത്തെ ഭരണാധികാരികളുടെ വാക്കുകളും ചെയ്തികളും കാണുമ്പോൾ ഇതെല്ലാം വെറും അലങ്കാരത്തിനും നാട്യത്തിനും മാത്രമുള്ളതാണെന്ന് തോന്നിപ്പോകും. ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു എന്ന് കറൻസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു രാഷ്ട്രത്തിന്റെ സമകാലിക ഇടപെടലുകൾ കണ്ടാൽ അവിശ്വാസികൾ പോലും അമ്പരക്കുകയും ലജ്ജിക്കുകയും ചെയ്യും ! അമേരിക്കയ്ക്ക് മാത്രമായി ഒരു ദൈവമുണ്ടോ എന്നറിയില്ല ! സ്‌നേഹവും ശാന്തിയും സമാധാനവും സഹവർത്തിത്വവും പുരോഗതിയുമെല്ലാം അമൂല്യമായി കരുതുന്ന മനുഷ്യർ വിശ്വസിക്കുന്ന ദൈവത്തിലാണ് അമേരിക്കൻ ഭരണാധികാരികൾ വിശ്വസിക്കുന്നതെന്ന് കരുതാൻ പ്രയാസമാണ്. അതിനാൽ, പ്രവർത്തികൾ പുനഃപരിശോധിക്കാൻ തയ്യാറല്ലെങ്കിൽ കറൻസിയിലെ വീരവാദങ്ങളെങ്കിലും അവർ പുനഃപരിശോധിക്കേണ്ടതാണ്.
ഏറ്റവും ഒടുവിൽ പ്രസിഡന്റ് ട്രംപിന്റെ അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്നത് ലിയോ മാർപാപ്പയാണ്. താൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നില്ലെങ്കിൽ ലിയോ മാർപാപ്പ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ചിത്തരോഗിയുടേതിന് സമാനമായ ജല്പനങ്ങളും ചേഷ്ടകളും പതിവാക്കിയ അദ്ദേഹം മാർപാപ്പയെ വിളിച്ചത് ‘ദുർബലൻ’ എന്നാണ്. ഒരർത്ഥത്തിൽ അയാൾ പറഞ്ഞത് ശരിയാണ്.
മാർപാപ്പയ്ക്ക് സ്വന്തമായി മിസൈൽ ശേഖരമോ അത്യാധുനിക ബോംബർ വിമാനങ്ങളോ ഇല്ല. മാർപാപ്പയ്ക്ക് യു എസ് എസ് എബ്രാഹം ലിങ്കണെപ്പോലെയോ യു എസ് എസ് ട്രിപ്പോളിയെപ്പോലെയോ ഉള്ള വമ്പൻ വിമാനവാഹിനികളുമില്ല. മാർപാപ്പയ്ക്ക് ആകെയുള്ളത് കൗതുകകരമായ വേഷം ധരിച്ച ചെറിയ ഒരു സുരക്ഷാവിഭാഗവും അമരത്ത് സാക്ഷാൽ യേശുക്രിസ്തുവുള്ള ഒരു നൗകയുമാണ്. മാർപാപ്പയ്ക്കുള്ളത് ദൈവമായ കർത്താവിന്റെ നാമമാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും പൊതുശത്രുവായ ഒരുവനിൽ നിന്ന് മനുഷ്യവംശത്തിന് അഭയമേകി നിത്യതയുടെ തീരത്ത് സുരക്ഷിതമായി എത്തിക്കാൻ കെല്പുള്ളതാണ് ആ നൗകയും നാമവും.
ഏതു കിരാതമൂർത്തികൾക്കും ആരാധകരുണ്ട് എന്നതാണ് ഇക്കാലഘട്ടത്തിലെ ഖേദകരമായ സമസ്യ. വിശുദ്ധ ഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുദ്ധവെറിയൻമാർക്ക് ആരാധകരുണ്ട്. മതങ്ങളുടെയും അവതാരങ്ങളുടെയും പേരിൽ വംശഹത്യ നടത്തുന്ന ക്രൂരൻമാർക്ക് ആരാധകരുണ്ട്. നിഷ്ഠൂരത വീരത്വമായും കാപട്യം കഴിവായും കള്ളത്തങ്ങൾ നയവും തന്ത്രവുമായും വാഴ്‌ത്തിപ്പാടാൻ അണികളും ആരാധകരുമുണ്ട്. അവരാണ് ഈ ഉന്മാദികൾക്ക് ആവേശവും ഊർജവും പകരുന്നത്. അവരാണ് കോട്ടും സ്യൂട്ടുമിട്ട ഈ കാട്ടാളരെ വീണ്ടും വീണ്ടും അധികാരത്തിലേറ്റുന്നത്.
Make America Great Again - MAGA - എന്നതാണ് ട്രംപിന്റെ മുദ്രാവാക്യം. എന്നാൽ, യഥാർത്ഥത്തിൽ രാഷ്ട്രത്തെ കരുവാക്കി സ്വന്തം കച്ചവടതാൽപര്യങ്ങൾ സംരക്ഷിക്കുകയാണ് അയാൾ ചെയ്യുന്നത്. രാഷ്ട്രത്തേക്കാൾ വലുതാണെന്ന് ഭാവിക്കുന്ന ഭരണാധികാരികളും സഭയെക്കാൾ വലുതാണെന്ന് ഭാവിക്കുന്ന സഭാധികാരികളും രാഷ്ട്രത്തിനും സഭയ്ക്കും കളങ്കമാകുന്നതിന് നമ്മുടെ കൺമുന്നിലും ഉദാഹരണങ്ങൾ ധാരാളമുണ്ട്. അമേരിക്ക പുതുയുഗത്തിലേക്കുള്ള പ്രയാണത്തിലാണ് എന്നതിൽ സംശയമില്ല. അതുപക്ഷേ, പ്രാചീന ഗോത്രയുഗത്തിലേക്കാണെന്നു മാത്രം. കറുപ്പിന്റെയും കാലുഷ്യത്തിന്റെയും സ്‌നേഹിതരായ ഇക്കൂട്ടർ, തങ്ങളുടെ വസതിയുടെ ‘വെളുത്ത വീട്’ എന്ന പേരെങ്കിലും ഒന്നു മാറ്റിയിരുന്നെങ്കിൽ!