വചനമനസ്‌കാരം: No.212

വചനമനസ്‌കാരം: No.212
Published on

ഞാൻ വന്നിരിക്കുന്നത് നീതിമാൻമാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.

ലൂക്കാ 5 : 32

‘വർക്കിച്ചേട്ടാ, ഒരു പ്രത്യേക കാര്യം പറയാനാണ് നേരിട്ട് വീട്ടിൽ വന്നത്. പറ്റില്ല എന്ന് പറയരുത്. കുടുംബയൂണിറ്റിന്റെ ഒന്നാകെയുള്ള തീരുമാനമാണ്. ഇത്തവണ പെസഹായ്ക്ക് പള്ളിയിൽ കാലുകഴുകൽ ശുശ്രൂഷയ്ക്ക് വർക്കിച്ചേട്ടന്റെ പേര് കൊടുക്കുകയാണ്. ഒരുങ്ങി വരണം.’

‘നിനക്ക് വേറെ പണിയൊന്നുമില്ലേ ? പറ്റിയ ആളെയാണ് തിരഞ്ഞ് വന്നിരിക്കുന്നത് ! ഈ കാലുകൾക്ക് അതിനുള്ള യോഗ്യതയൊന്നുമില്ല.’

‘ആരുടെ കാലുകൾക്കാണ് അതിനുള്ള യോഗ്യതയുള്ളത് വർക്കിച്ചേട്ടാ ? കർത്താവീശോമിശിഹാ കാലു കഴുകിയവരുടെ യോഗ്യത അറിയാമല്ലോ! ഒരാൾ ഒറ്റി; മറ്റൊരാൾ മുന്നറിയിപ്പ് കിട്ടിയിട്ടും മൂന്നു വട്ടം തള്ളിപ്പറഞ്ഞു. വേറൊരാൾ ധരിച്ചിരുന്ന കുപ്പായം പോലും ഉപേക്ഷിച്ച് ഓടിപ്പോയി! രൂപാന്തരീകരണ സമയത്ത് കർത്താവിന്റെ മഹത്വം കണ്ടവരും ഇടത്തും വലത്തും ഇരിക്കാൻ മത്സരിച്ചവരുമൊന്നും ആപത്തു നേരത്ത് കൂടെയുണ്ടായില്ല.ചോര പുരണ്ട കാലുകളുമായി കർത്താവ് കാൽവരി കയറിയപ്പോൾ അവിടുന്ന് കഴുകി ശുദ്ധമാക്കിയ ഒരു കാൽപ്പാദവും അനുഗമിച്ചില്ല.’

‘അതൊക്കെ കൊള്ളാം ! പക്ഷേ, നമ്മളൊക്കെ വന്നാൽ ആളുകൾ നിന്നെ ചീത്ത വിളിക്കും. വെറുതെ പണി മേടിക്കണ്ട. വേറെ ആരും ഇല്ലാഞ്ഞിട്ടല്ലല്ലോ ! നീ പോകാൻ നോക്ക്. സമയം കളയണ്ട !’

‘വർക്കിച്ചേട്ടാ ! നീതിമാൻമാരെ അല്ല; പാപികളെ വിളിക്കാനാണ് താൻ വന്നതെന്ന് കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ ഇവിടെ ആരാണ് നീതിമാൻമാർ ഉള്ളത് ? ദൈവത്തിന് മുമ്പിൽ നീതിമാൻ ചമയാൻ ആർക്കു കഴിയും ? വർക്കിച്ചേട്ടൻ നന്നായി മദ്യപിക്കും. അക്കാര്യം വർക്കിച്ചേട്ടനും ഞങ്ങൾക്കുമറിയാം. ഇതിപ്പോൾ ആദ്യമായി കിട്ടുന്ന അവസരമാണ്. ഇതൊക്കെ ഒരു നിമിത്തമായി കരുതണം. ദൈവം ആരിലൂടെ എപ്പോൾ ഇടപെടുമെന്ന് പറയാൻ കഴിയില്ലല്ലോ. അതുകൊണ്ട് ചേട്ടൻ വരണം.’

‘ഞാനൊന്നു ആലോചിക്കട്ടെ !’

‘ആലോചിക്കാനൊന്നുമില്ല. പേരുകൾ ഇന്നു തന്നെ അച്ചന് കൊടുക്കണം. ഓശാന ഞായർ മുതലെങ്കിലും വർക്കിച്ചേട്ടൻ മദ്യപിക്കരുത്. കുമ്പസാരിച്ച് ഒരുങ്ങി വരണം. പുതിയ വെള്ള മുണ്ടും വെള്ള ഷർട്ടും വീട്ടിൽ എത്തിക്കാം.’

‘അല്ല ! എനിക്കറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ്. നീയൊക്കെ എന്തിനാടാ എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നത് ?!’

‘കൊള്ളാം ! അങ്ങനെ ചോദിക്ക് ! എന്റെ വർക്കിച്ചേട്ടാ, എല്ലാവരെയും സ്‌നേഹിക്കാനല്ലേ കർത്താവ് പറഞ്ഞിരിക്കുന്നത് ? കർത്താവ് വർക്കിച്ചേട്ടനെ സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങളും സ്‌നേഹിക്കുന്നു. പരസ്പരം സ്‌നേഹിക്കാനും പരസ്പരം പാദങ്ങൾ കഴുകാനുമാണ് അവിടുന്ന് പറഞ്ഞത്. ഇത് കർത്താവായിട്ട് തരുന്ന ഒരു അവസരമായി കാണണം. പേര് ഇന്ന് തന്നെ കൊടുക്കും. നാളെ മുതൽ എല്ലാ ദിവസവും ഞാൻ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യും.’

‘നീ വിളിക്കുകയൊന്നും വേണ്ട. വരാമെന്ന് പറഞ്ഞാൽ വർക്കി വന്നിരിക്കും !’

‘അപ്പോൾ വരും അല്ലേ ! സന്തോഷം. പെസഹായുടെ അന്ന് രാവിലെ ആറിന് പള്ളിയിൽ എത്തണം. ആറരയ്ക്കാണ് തുടങ്ങുന്നത്.’

നഗരത്തിലെ ഒരിടവകയിൽ കുടുംബയൂണിറ്റ് പ്രസിഡന്റായ സുഹൃത്ത് ഓശാന ഞായറിന് രണ്ടാഴ്ച മുമ്പ് വിളിച്ച് ഒരു പ്രത്യേക ദൗത്യത്തിനായി പ്രാർഥന ചോദിച്ചു. ശേഷം കഥാനായകനെ കണ്ടപ്പോഴുണ്ടായ സംഭാഷണത്തിന്റെ ഏകദേശ രൂപമാണ് മുകളിൽ വിവരിച്ചത്. എന്തായാലും ദൗത്യം വിജയിച്ചു. അദ്ദേഹം നല്ല ഒരുക്കത്തോടെ വന്ന് ശ്ലീഹയായി. സുഹൃത്തിനും മറ്റെല്ലാവർക്കും നന്ദി പറഞ്ഞ് സന്തോഷത്തോടെ മടങ്ങി. നമ്മുടെ പ്രവർത്തനങ്ങളും പരിശ്രമങ്ങളും മുഖ്യധാരയിൽ മാത്രം കേന്ദ്രീകരിച്ചാൽ സുവിശേഷവിരുദ്ധവും ഫലരഹിതവുമാകും എന്നതിൽ സംശയമില്ല. നഷ്‌ടപ്പെട്ടതിനെ തേടി വിളുമ്പുകളിലും പുറമ്പോക്കുകളിലും അലഞ്ഞ ഒരുവനെയാണ് നാം ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നതെങ്കിൽ നമ്മുടെ മുൻഗണനകളെയും മുഖ്യധാരകളെയും പുനർനിർവചിക്കേണ്ട സമയം വല്ലാതെ അതിക്രമിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org