

എനിക്കു രൂപം ലഭിക്കുന്നതിനു മുമ്പു തന്നെ അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു. എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ ഉണ്ടാകുന്നതിനു മുമ്പു തന്നെ അങ്ങയുടെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു.
സങ്കീർത്തനങ്ങൾ 139 : 16
“Look Mom, I Can Fly. നോക്കമ്മേ! എനിക്ക് പറക്കാൻ കഴിയുന്നു!
പ്രിയപ്പെട്ട അമ്മേ, പപ്പേ,
നിങ്ങൾക്ക് സുഖമല്ലേ? സങ്കടമെല്ലാം ഇനിയും മാറിയില്ലേ? എന്നെ ഓർത്ത് ഇനിയും സങ്കടപ്പെടല്ലേ! എനിക്കിവിടെ സുഖവും സന്തോഷവും തന്നെ. ഞാനിവിടെ പറന്നു കളിക്കുകയാണ്! അതിവേഗം തിരിച്ചെത്തുന്ന കുഞ്ഞുങ്ങൾക്ക് ഗംഭീരമായ സ്വീകരണ മാണ് ഇവിടെ കിട്ടാറുള്ളത്. അവർ മാലാഖമാരാ ണല്ലോ! അത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് കിട്ടുന്നതിലും വലിയ വരവേൽപ്പാണ് എനിക്ക് ലഭിച്ചത്. ഇവിടെ ഞാൻ ഒരു സെലബ്രിറ്റിയാണ്! വിശുദ്ധരും മാലാഖമാരുമെല്ലാം എന്നോട് കുശലം പറയുന്നു; കൂട്ടുകൂടുന്നു. സത്യത്തിൽ ഭൂമിയിൽ എത്രനാൾ ജീവി ക്കുന്നു എന്നതല്ല; സ്വർഗത്തിൽ ജീവിക്കാൻ കഴിയുന്നു ണ്ടോ എന്നതാണ് പ്രധാനം. ഓരോ ആത്മാവിനെയും ഭൂമിയിലേക്ക് അയക്കുന്നതും തിരികെ എടുക്കുന്നതും ദൈവമല്ലേ? അതിനിടയിലുള്ള ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതാണ് സുപ്രധാനം.
വലിയ സങ്കടത്തിനിടയിലും അമ്മയും പപ്പയും ചേർന്നെടുത്ത ആ തീരുമാനമാണ് എന്നെ ഒരു ചരിത്രശിശു ആക്കിയത്! ദൈവം തന്ന കരൾ! ദൈവം തന്ന വൃക്കകൾ! ദൈവം തന്ന ഹൃദയവാൽവ്! ദൈവം തരാത്തതായി നമുക്ക് എന്തുണ്ട് അമ്മേ?! അതെല്ലാം മനുഷ്യരെ ഓർമ്മിപ്പിക്കാനും അവയവയദാനത്തിന്റെ മഹത്വം പഠിപ്പിക്കാനും ഞാൻ കാരണമായല്ലോ. ഏതാനും മാസങ്ങൾ മാത്രം ഭൂമിയിൽ ജീവിച്ച എനിക്ക് ഇത്രയും കഴിയുമെങ്കിൽ മുതിർന്നവർക്ക് എത്രയോ വലിയ കാര്യങ്ങൾ ചെയ്യാനാകും. നമ്മുടെ നാട്ടിൽ പോലും എത്രയോ പേരാണ് അവയവങ്ങൾക്കായി കാത്തിരിക്കുന്നത്.
പുതിയ ഹൃദയത്തിനായി കാത്തിരിക്കുന്നവർ തന്നെ 72 പേരുണ്ടെന്നാണ് പറയുന്നത്. അതിൽ ത്തന്നെ ആറു പേർ 18 വയസിന് താഴെയുള്ളവരാ ണത്രെ. അതിലും എത്രയോ അധികം മനുഷ്യരാണ് വൃക്ക, കരൾ എന്നിവയ്ക്കായി കാത്തിരിക്കുന്നത്. എന്തായാലും, സമൂഹത്തിൽ അവയവദാനത്തെ ക്കുറിച്ച് പുതിയ അവബോധം രൂപപ്പെടാൻ നിങ്ങളുടെ തീരുമാനം കാരണമായല്ലോ. അതിലുള്ള സന്തോഷവും നന്ദിയും അമ്മയെയും പപ്പയെയും അറിയിക്കട്ടെ. ഒരർഥത്തിൽ ഭൂമിയിൽ ഒരു ചിരംജീവിയാകാൻ നിങ്ങൾ എന്നെ സഹായിച്ചല്ലോ! പിന്നെ, ഇക്കാര്യം പാഠ പ്പുസ്തകങ്ങളിൽ ചേർക്കാൻ അമ്മ മന്ത്രിയപ്പൂപ്പനോട് പറയണം! വെറുതെ മണ്ണോടു ചേരുന്ന അവയവങ്ങൾ ദാനം ചെയ്താൽ എത്രയോ മനുഷ്യർക്ക് പുതുജീവൻ കിട്ടുമെന്ന് കുട്ടികൾ അറിഞ്ഞിരിക്കട്ടെ.
ഭൂമി എത്രയോ സുന്ദരമായിരുന്നു! എന്നാൽ, സ്വർഗം അതിനേക്കാൾ സുന്ദരമാണ്. അമ്മേ, സ്വർഗം കണ്ടാൽ പിന്നെ നമ്മൾ ഒരു നിമിഷം ഭൂമിയിൽ നിൽക്കില്ല. അമ്മയുടെ പൊന്നുമ്മകളും താരാട്ടു പാട്ടുകളും പപ്പയുടെ വാൽസല്യവുമെല്ലാം എന്നെ എത്രയോ ആഹ്ലാദിപ്പിച്ചിരുന്നു! എന്നാൽ, ഇവിടെ അതിലും വലിയ ആനന്ദമാണ്. അമ്മേ, സ്വർഗമെന്നാൽ ആനന്ദമാണ്. വിവരിക്കാൻ കഴിയാത്ത ആനന്ദം! സ്രഷ്ടാവിന്റെ ആശ്ലേഷം മറ്റാരുടെയും ആശ്ലേഷത്തേ ക്കാൾ ആനന്ദകരമാണ്. ഇവിടെ എല്ലാവർക്കും സ്നേഹമാണ്. ഭൂമിയിൽ നമ്മൾ ഇഷ്ടപ്പെടുന്നവരെയും നമ്മളെ ഇഷ്ടപ്പെടുന്നവരെയും മാത്രമല്ലേ നമ്മൾ സ്നേഹിക്കുകയുള്ളൂ!
ഇവിടെ അങ്ങനെയല്ല. എല്ലാവർക്കും എല്ലാവരെയും സ്നേഹമാണ്. സ്വർഗം എന്നാൽ സ്നേഹമാണമ്മേ! ഒരിക്കൽ നമ്മൾ ഇവിടെ കണ്ടുമുട്ടുമല്ലോ. അന്ന് വീണ്ടും നമുക്ക് സ്നേഹിക്കാ മല്ലോ! എനിക്കു കിട്ടിയതു പോലുള്ള വരവേൽപ് അമ്മയ്ക്കും പപ്പയ്ക്കും കിട്ടുമെന്നാണ് തോന്നുന്നത്! പിന്നെ, പപ്പയോട് എന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന് പറഞ്ഞ അപ്പൂപ്പനും ഇവിടെ നല്ല സ്വീകരണം കിട്ടും. ഒന്നും വെറുതെയാവില്ല അമ്മേ! എല്ലാറ്റിനും ദൈവം നമുക്ക് സമ്മാനം തരും. എല്ലാവർക്കും എന്റെ സ്നേഹാന്വേഷണങ്ങൾ നൽകണേ. കാത്തിരിക്കുന്നു; അമ്മയുടെ താരാട്ടുപാട്ടുകൾക്കും പപ്പയുടെ ചക്കരയുമ്മകൾക്കും.
സ്നേഹത്തോടെ,
നിങ്ങളുടെ കുഞ്ഞാവ.