വചനമനസ്‌കാരം: No.207

വചനമനസ്‌കാരം: No.207
Published on

അപ്പോൾ അവൾ പറഞ്ഞു: ആ ജലം എനിക്കു തരുക; മേലിൽ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഞാൻ ഇവിടെ വരുകയും വേണ്ടല്ലോ.

യോഹന്നാൻ 4 : 15

ദാഹമാണ് പ്രധാനം. എന്തിനു ജീവിക്കുന്നു എന്നതിന്റെ ശരിയായ അർഥവും വ്യാഖ്യാനവും എന്തിനു വേണ്ടി ദാഹിക്കുന്നു എന്നതാണ്. ആ ദാഹവും ദാഹശമനത്തിനുള്ള കർമ്മങ്ങളും ചേർന്നാണ് ഇഹത്തിലും പരത്തിലും ജീവിതത്തെ നിർണയിക്കുന്നത്. അൽപ്പകാലത്തേക്ക് ഭൂമിയിൽ വിരുന്നെത്തിയ അതിഥി മാത്രമാണ് മനുഷ്യൻ. സങ്കീർത്തകന്റെ ഭാഷയിൽ, ഉണരുമ്പോൾ മാഞ്ഞു പോകുന്ന സ്വപ്നം; പ്രഭാതത്തിൽ മുളനീട്ടുന്ന പുല്ല് ! (90:5). പ്രഭാതത്തിൽ തഴച്ചുവളരുകയും സായാഹ്ന ത്തിൽ വാടിക്കരിയുകയും ചെയ്യുന്ന ഈ പുല്ല് എന്തിനു വേണ്ടിയാണ് ദാഹിക്കുന്നത്? ഈ അണ്ഡ കടാഹത്തെയാകെ ചൂഴ്ന്നുനിൽക്കുന്ന വടവൃക്ഷ മാകാനാണോ? അനന്തത വരെ ഇവിടെ വേരുകളാഴ്ത്തി ആർത്തു വളരാനാണോ? മോഹങ്ങൾക്കും ദാഹങ്ങൾക്കും പരിധിയില്ല.

ചിലർക്ക് സമ്പത്ത്; മറ്റു ചിലർക്ക് അധികാരം; ഇനിയും ചിലർക്ക് ജഡികസുഖം; അംഗീകാരം, പദവി, ബഹുമതി, കീർത്തി എന്നിങ്ങനെ ആ പട്ടിക അന്തമില്ലാതെ നീളുന്നു. മൂവായിരത്തിലേറെ പെൺകുട്ടികളെ ദുരുപയോഗിച്ച ഒരു കൊടും കുറ്റവാളിയെക്കുറിച്ചുള്ള രഹസ്യരേഖകൾ വെളിപ്പെട്ട പ്പോൾ വീണുടഞ്ഞത് എത്ര വിഗ്രഹങ്ങളാണ്! എല്ലാവരും പ്രഗൽഭർ തന്നെ! പ്രശസ്തരും മഹാബുദ്ധിശാലികളും അതിസമ്പന്നരും ശക്തരും ഉദാരമതികളും തന്നെ! പക്ഷേ, എല്ലാ ദുർബലർക്കും ഒടുങ്ങാത്ത ദാഹമാണ്! മാംസത്തിന്റെ ദാഹം! മാംസത്തിൽ നിന്ന് ജനിച്ച മാംസം മാംസത്തിനായി ദാഹിക്കുകയാണ്. ആത്മാവിൽ നിന്ന് ജനിച്ച ആത്മാവിന്റെ വിശപ്പിനെയും ദാഹത്തെയും തിരസ്കരിച്ച് മാംസത്തിന്റെ വിശപ്പിനും ദാഹത്തിനും പിന്നാലെ അനേകർ ഭ്രാന്തെടുത്ത് പായുകയാണ്.

"ഞാൻ കുറഞ്ഞത് എട്ടു യുദ്ധങ്ങൾ നിർത്തി. ഒരു നൊബേൽ എങ്കിലും എനിക്ക് തന്നുകൂടേ?" എന്ന് ഒരാൾ വിലപിക്കുന്നത് യേശു പറഞ്ഞ ജലമില്ലാത്ത തിനാലാണ്. രാജ്യത്തിന്റെ ഭരണഘടന അനുശാസി ക്കുന്ന ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചും ഇതരമത വിശ്വാസികളെ മർദിച്ചും ചാണകം തീറ്റിച്ചും ചിലർ വെറുപ്പിന്റെ വേദം പ്രചരിപ്പിക്കുന്നത് ആ ജലമില്ലാഞ്ഞിട്ടാണ്. ഭരണഘടനയെ മൂകസാക്ഷി യാക്കി രാഷ്ട്രത്തിന്റെ അധികാരികളും സുവിശേഷ ത്തെ മാപ്പുസാക്ഷിയാക്കി സഭാധികാരികളും ഉൻമാദികളെപ്പോലെ വാഴുന്നത് യേശു നൽകുന്ന ജലമില്ലാഞ്ഞിട്ടാണ്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നാണ് പണ്ട് കേട്ടിട്ടുള്ളത്.

എന്നാൽ, ദൈവം മാത്രമല്ല; പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉണ്ടെന്ന് ഇക്കാലത്ത് നമ്മെ പഠിപ്പിക്കുന്നത് ദൈവം നൽകുന്ന ജലമില്ലാത്തവരാണ്. തന്റെ നേതൃശുശ്രൂഷ യുടെ കാലത്ത് അനേകായിരങ്ങൾ സഭ വിട്ടുപോയി എന്ന് വെളിപ്പെടുത്തുന്ന 'ഇടയൻ' ആ ജലമില്ലെന്ന് ഏറ്റുപറയുകയാണ്. നമ്മുടെ ദാഹം ശമിക്കാത്ത തിന്റെ യഥാർഥ കാരണം നാം ജീവജലം നുകരുന്നില്ല എന്നതാണ്. കുടിക്കുന്തോറും തൃപ്തിയും ആനന്ദവു മേറുന്ന ആ ജലത്തിനു പകരം കുടിക്കുന്തോറും ദാഹവും നൈരാശ്യവുമേറുന്ന പൊട്ടക്കിണറുകളിലെ വെള്ളം കുടിച്ചാണ് ജീവിതം ഇപ്രകാരമായത്.

സത്യത്തിൽ ഓരോ ക്രിസ്തുവിശ്വാസിയുടേതും ഒരു ജലജീവിതമാണ്. യേശുവിന്റെ ഹൃദയത്തിൽ നിന്നൊഴുകുന്ന പരിശുദ്ധാത്മാവ് എന്ന നദിയിലുള്ള ജീവിതമാണ്. ആ ഹൃദയനദിയിൽ മുങ്ങി നിവരാനുള്ള ക്ഷണമാണ് നോമ്പുകാലം. ആ നദീതീരത്തിരുന്ന് നാം എന്താണ് പ്രാർഥിക്കേണ്ടത്? അവൾ പ്രാർഥിച്ചത് തന്നെ! കർത്താവേ, ആ ജലം ഞങ്ങൾക്ക് തരിക; ഞങ്ങളുടെ എല്ലാ ദാഹവുമകലട്ടെ; ഉണങ്ങി വരണ്ട ഉള്ളിലെ ഉറവകൾ ഉണരട്ടെ. ആ ജലം ഞങ്ങളിൽ നിത്യതയിലേക്ക് നിർഗളിക്കുന്ന അരുവിയാകട്ടെ.

ഞങ്ങളുടെ ഉള്ളിൽ നിന്ന് നൈർമ്മല്യത്തിന്റെ നീർച്ചാലുകൾ ഒഴുകട്ടെ; സത്യത്തിന്റെ തെളിനീർച്ചോലകളും നീതിയുടെ പ്രവാഹങ്ങളും ഞങ്ങളിൽ നിറയട്ടെ. ഞങ്ങളുടെ ജീവിതതീരങ്ങളിൽ വിശുദ്ധിയുടെ നിലാവ് പരക്കട്ടെ.

നോമ്പിൽ ഒരു നിലവിളിയുണ്ട്. ദാഹിച്ചു വരണ്ട ആത്മാവ് ഒരിറ്റു ആത്മജലത്തിനായി നിലവിളിക്കുകയാണ്. നാമല്ലാതെ മറ്റാരാണ് നമ്മുടെ ആത്മാവിന്റെ നിലവിളികൾക്ക് ഉത്തരമേകുന്നത് ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org