

നുണ വികൃതമായ കറയാണ്; അജ്ഞന്റെ അധരത്തില്‍ അത് എപ്പോഴും കാണും.
പ്രഭാഷകന്‍ 20:24
സത്യാനന്തരകാലം സത്യത്തില്‍ നുണയുടെ കാലമാണ്. നമ്മുടെ രാഷ്ട്രീയ-സാമൂഹിക-ആത്മീയ മണ്ഡലങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് നുണകളാണ്. an intentional false statement; anything intended to mislead എന്നൊക്കെയാണ് lie എന്ന വാക്കിന്റെ അര്‍ഥം. കള്ളം, പൊയ്, അനൃതഭാഷണം, അസത്യവാക്യം, കപടം, കാപട്യം, വഞ്ചന, അസത്യം എന്നൊക്കെ നുണയ്ക്ക് അര്‍ഥമുണ്ട്. സ്വന്തം രഹസ്യ അജന്‍ഡകള്‍ക്കുവേണ്ടി നിര്‍ലജ്ജം നുണ പറയുന്ന മനുഷ്യരുണ്ട്. രാഷ്ട്രീയക്കാരില്‍ ചിലര്‍ക്ക് ജനം അത് വകവച്ചു കൊടുത്തിട്ടുണ്ട്. അവര്‍ നുണ പറയുന്നത് മനസ്സിലാക്കാം. സത്യത്തിന്റെ വഴി അവര്‍ക്ക് കഠിനവും ഞെരുക്കമുള്ളതുമാണ്. അധികാരം എന്ന മോഹന സ്വപ്നത്തിലേക്കുള്ള അവരുടെ എളുപ്പവഴി നുണയാണ്. നുണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യമെന്ന് അവര്‍ വരുത്തിത്തീര്‍ക്കുന്നു.
എന്നാല്‍ ആത്മീയമേഖലയില്‍, അതും കത്തോലിക്കാ സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്ന നുണകള്‍ കേള്‍ക്കുമ്പോള്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നവര്‍ അമ്പരന്നുപോകും. കാരണമെന്തായാലും, അവര്‍ പറയുന്ന കല്ലുവച്ചതും വയ്ക്കാത്തതുമായ നുണകളില്‍ അപഹാസ്യനാകുന്നത് ക്രിസ്തുവാണ്. കുനിഞ്ഞു പോകുന്നത് കര്‍ത്താവിന്റെ ശിരസാണ്. കാരണം, താന്‍ സത്യമാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്; സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നും.
അടുത്തയിടെ നമ്മുടെ സമൂഹമനസിന് കടുത്ത ക്ഷതം ഏല്‍പ്പിച്ചത് അത്തരമൊരു നുണയാണ്. എല്ലാ ക്രിസ്തു വിശ്വാസികളും സത്യം പറയേണ്ടവരല്ലേ? അതെ. കര്‍ദിനാളും ആര്‍ച്ചുബിഷപും ബിഷപുമെല്ലാം സത്യം പറയേണ്ടവരല്ലേ? അതെ. നുണ പറയുന്ന എമിനെന്‍സുകള്‍ക്കും എക്‌സലന്‍സികള്‍ക്കും ഗ്രേസുകള്‍ക്കും അതറിയാം. എന്നിട്ടും അവര്‍ നുണ പറയുന്നു. അതിന് അവര്‍ക്ക് വെളിപ്പെടുത്താന്‍ കഴിയാത്ത കാരണങ്ങളുണ്ടാകാം. സത്യത്തെ ഉപാസിക്കാനാണ് ക്രിസ്തുവും മറ്റു ഗുരുക്കന്മാരുമെല്ലാം അനുശാസിച്ചത്.
എന്നാല്‍, സത്യാനന്തരകാലം സത്യത്തിന് ഗ്ലാനി അഥവാ തളര്‍ച്ച ഉള്ള കാലമാണ്. സത്യത്തിനും ധര്‍മ്മത്തിനും സംഭവിക്കുന്ന ഗ്ലാനി പരകോടിയിലെത്തുമ്പോഴാണ് സത്യധര്‍മ്മരക്ഷാര്‍ഥം പുരാണങ്ങളില്‍ അവതാരങ്ങള്‍ ഉണ്ടായത്. എന്നാല്‍, സത്യധര്‍മ്മങ്ങളെ രക്ഷിക്കാന്‍ ഇക്കാലത്ത് രക്ഷകരും അവതാരങ്ങളും ഉണ്ടാകുന്നില്ല. അത് മുറിവേറ്റും രക്തം ചിന്തിയും തകര്‍ക്കപ്പെട്ടും കൊല്ലപ്പെട്ടും ഉയിര്‍പ്പ് തേടി അലയുന്നു.
യേശുക്രിസ്തുവിന്റെ സ്‌നേഹിതര്‍ സഹജമായി സത്യത്തിന്റെ സ്‌നേഹിതരായിരിക്കും. യേശുവിനെ ശുശ്രൂഷിക്കുന്നവര്‍ സ്വാഭാവികമായി സത്യത്തിന്റെ ശുശ്രൂഷകരുമായിരിക്കും. കാരണം, യേശു സത്യവും സത്യത്തിന്റെ പൂര്‍ണ്ണതയുമാണ്. അതറിയാത്തവരല്ല നുണയന്‍മാരായ ഈ ആത്മീയനേതാക്കള്‍. വാസ്തവത്തില്‍ അവര്‍ പറയുന്ന നുണകള്‍ അവരെ വെളിപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ ഹൃദയം കാണാനും ഹൃദയരഹസ്യങ്ങള്‍ അറിയാനും കഴിയുന്നത് ദൈവത്തിന് മാത്രമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, പറയുന്ന കൊടുംനുണകള്‍ മൂലം ഈ 'ആചാര്യന്മാര്‍' യഥാര്‍ഥത്തില്‍ ആരാണെന്ന് ജനത്തിനും അറിയാന്‍ കഴിയുന്നുണ്ട്. സത്യത്തില്‍ നുണയന്മാര്‍ ക്രൂരന്മാരുമാണ്. എത്ര നിര്‍ദയമായാണ് അവര്‍ സത്യത്തിന്റെ ശിരച്ഛേദം നടത്തുന്നത്. പണ്ടത്തെ കവിവാക്യത്തിന്റെ ശൈലിയില്‍, വെറുമൊരു നുണയനായ എന്നെ ക്രൂരനെന്ന് വിളിക്കല്ലേ എന്ന് വേണമെങ്കില്‍ വിലപിക്കാം. പക്ഷേ അതാണ് യാഥാര്‍ഥ്യം. നുണയര്‍ ക്രൂരരും കഠിനഹൃദയരുമാണ്.
നുണകളുടെയും അര്‍ധസത്യങ്ങളുടെയും റിപ്പബ്‌ളിക്കിന് നുണകളുടെയും അര്‍ധസത്യങ്ങളുടെയും സഭയുടെ കൂട്ട് ഗംഭീരം! 'സേക്രഡ്' സ്റ്റേറ്റും 'സേക്രഡ്' ചര്‍ച്ചും തമ്മിലുള്ള അന്തര്‍ധാര അപാരം! അല്ലയോ ആചാര്യന്മാരേ, നിങ്ങളുടെ ഹൃദയത്തിലെ നുണകള്‍ വറ്റാതിരിക്കട്ടെ; ഞങ്ങളുടെ പേനയിലെ മഷിയും! ഒന്നോര്‍ത്താല്‍ ഈ ആത്മീയ അനാചാര്യന്മാരോട് നാം നന്ദിയുള്ളവരായിരിക്കണം. കാരണം, ഇവരുടെ കപടജീവിതം കാണുമ്പോഴാണല്ലോ ദൈവം നമുക്ക് നല്കിയ സവിശേഷമായ ബോധ്യങ്ങളും ഉള്‍വെളിച്ചവും നാം തിരിച്ചറിയുന്നത്!