

ദരിദ്രരോടു ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും.
സുഭാഷിതങ്ങൾ 19 : 17
സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോളിന്റെ ഏരിയ കൗൺസിൽ വാർഷികസമ്മേളനത്തിൽ ക്ലാസ്സെടുക്കാനുള്ള അവസരം ലഭിച്ചു. ‘വിൻസെൻഷ്യൻ ജീവിതശൈലി ആത്മരക്ഷയ്ക്കും സമൂഹനന്മയ്ക്കും’ എന്നതായിരുന്നു വിഷയം. മനോഹരമായി സംഘടിപ്പിക്കപ്പെട്ട സമ്മേളനം. ആത്മീയ ഔന്നത്യമുള്ള മുതിർന്നവരുടെ സദസ്. പതിറ്റാണ്ടുകളുടെ വിൻസെൻഷ്യൻ ജീവിതരീതി പരിപാകപ്പെടുത്തിയ മനുഷ്യർ! വയോബലം എന്നൊരു പദമുണ്ട്. വയസ് കൊണ്ടുള്ള ബലം എന്നാണർത്ഥം. അതുപക്ഷേ മാംസപേശികളുടെ ബലമല്ല; ജീവിതാനുഭവങ്ങളുടെ ബലമാണ്. സുഖദുഃഖങ്ങളും ജയപരാജയങ്ങളും അറിഞ്ഞും അനുഭവിച്ചുമുള്ള ബലമാണ്. കരുണയിൽ കൊരുത്തെടുത്ത ബലമാണ്. അത്തരം ബലശാലികളാണ് സദസിൽ ഉണ്ടായിരുന്നത്.
ഭക്തി, ജ്ഞാനം, കർമ്മം എന്നിങ്ങനെ ദൈവത്തിലേക്ക് പല വഴികളുണ്ട്. എന്നാൽ, എല്ലാ വഴികളും സംഗമിക്കേണ്ടത് കരുണ എന്ന ബിന്ദുവിലാണ്. ഭക്തനും ജ്‌ഞാനിയും കർമ്മിയുമെല്ലാം കരുണയുടെ വഴി അറിയുന്നവരാകണം. ആ വഴി അറിയാത്ത ഭക്തിയും ജ്ഞാനവും കർമ്മവും കൊണ്ട് അപരനെന്നല്ല; അവനവന് പോലും പ്രയോജനമില്ല. ആ വഴിയാണ് ദൈവത്തിലേക്കുള്ള ഏറ്റവും ഋജുവായ വഴി. ആ വഴിയാണ് അനിർവചനീയമായ ആനന്ദത്തിന്റെ വഴി. ആ വഴിയിലാണ് അവിടുന്ന് മുറിവേറ്റു കിടക്കുന്നത്.
ആ വഴിയിലാണ് അവിടുന്ന് വിശക്കുന്നവനും ദാഹിക്കുന്നവനും നഗ്‌നനും പരദേശിയും രോഗിയും കാരാഗൃഹവാസിയുമായി കാത്തുനിൽക്കുന്നത്. ആ വഴി വരുന്ന ഹൃദയാർദ്രതയുള്ള പാന്ഥരാണ് നല്ല സമരിയാക്കാരായി രൂപാന്തരപ്പെടുന്നത്. സുവിശേഷങ്ങൾ മാത്രമല്ല; സ്വർഗരാജ്യങ്ങളും അവർക്കുള്ളതാണെന്ന്, “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ” എന്ന സ്വാഗതവാക്യം സ്പഷ്ടമാക്കുന്നുണ്ട്. വലത്തുവശത്തെ ദയാനിധികൾക്ക് രാജാവ് നൽകുന്ന വാഴ്‌ത്തിലെ ആറു കാര്യങ്ങൾക്കിടെ എനിക്ക്, ഞാൻ, എന്നെ, എന്റെ എന്ന പദങ്ങൾ പത്തു തവണയാണ് ആവർത്തിക്കുന്നത്! അതെ, എല്ലാം അവൻ തന്നെയാണ്; എല്ലാം അവനുതന്നെയും അവനിൽത്തന്നെയുമാണ്. എല്ലാം വേഷപ്രച്ഛന്നനായ ദൈവം തന്നെയാണ്.