വചനമനസ്‌കാരം: No.199

വചനമനസ്‌കാരം: No.199
Published on

എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

സങ്കീര്‍ത്തനങ്ങള്‍ 43 : 5

നവംബര്‍ മാസാചാരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ സ്വന്തം ആത്മാവിന് എഴുതിയ കത്തുകളായിരുന്നു കഴിഞ്ഞ ലക്കത്തിലെ പ്രതിപാദ്യവിഷയം. ഏറ്റവും മികച്ച രണ്ടു കത്തുകളില്‍ ഒന്ന് പ്രസിദ്ധീകരിച്ചിരുന്നു. മറ്റൊരു കത്ത് ഇപ്രകാരമാണ്:

'എന്റെ ദൈവത്തിന്റെ ആലയമായ എന്റെ പ്രിയപ്പെട്ട ആത്മാവേ, ഇതാദ്യമായിട്ടായിരിക്കും നിനക്ക് ഒരു കത്ത് ലഭിക്കുന്നത്! നീ എന്റെയുള്ളില്‍ ആഴത്തില്‍ നിലയുറപ്പിച്ചിട്ട് 16 വര്‍ഷമായി. എന്നാല്‍, നീ എന്റെ ഉള്ളിലുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ട് അധികനാളായിട്ടില്ല! നീ ഒരു 'സാങ്കല്പിക വസ്തു' ആണെന്നാണ് മുന്‍പ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍, നീ തികച്ചും യാഥാര്‍ഥ്യമാണെന്ന് ക്രമേണ ഞാന്‍ തിരിച്ചറിഞ്ഞു. വളരുകയാണെന്ന് തിരിച്ചറിയാതെ ഞാന്‍ വളര്‍ന്നപ്പോള്‍ മറ്റൊരു കാര്യവും ഞാന്‍ മനസ്സിലാക്കി. ശരീരത്തെയും അതിന്റെ മോഹങ്ങളെയും തൃപ്തിപ്പെടുത്തി പാപത്തില്‍ മുഴുകി ഞാന്‍ ജീവിച്ചാല്‍, ഒടുവില്‍ അതിന് വില കൊടുക്കേണ്ടി വരുന്നത് ആത്മാവാണ്.

ശരീരം മരണത്തോടെ ജീര്‍ണ്ണിക്കുന്നു. എന്നാല്‍, ആത്മാവ് ന്യായവിധിക്കായി ഉടനെ ദൈവസന്നിധിയില്‍ എത്തുന്നു. അതിനാല്‍ ശരീരത്തെയല്ല ആത്മാവിനെയാണ് പോറ്റേണ്ടത്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന തെറ്റുകള്‍ക്കെല്ലാം നീ ശിക്ഷിക്കപ്പെടും എന്നു വരുന്നത് എത്രയോ ഖേദകരമാണ്! മരണത്തോടെ ഞാനായി മാറുന്ന നീ ആയിരിക്കും എന്റെ എല്ലാ പ്രവൃത്തികളുടെയും ഫലം അനുഭവിക്കുന്നതെന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു. ഇത് മനസിലാക്കാന്‍ വൈകിപ്പോയതിന് നിന്നോട് ഞാന്‍ ക്ഷമ ചോദിക്കട്ടെ! തെറ്റാണെന്ന് അറിയാതെ ഞാന്‍ ചെയ്യുന്ന തെറ്റുകള്‍ പോലും ദൈവം എവിടെയോ എഴുതിവയ്ക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നെ വിധിക്കാനായി ദൈവം അതുപയോഗിക്കുമെന്നും എനിക്കറിയാം.

എങ്കിലും കരുണയുള്ള കര്‍ത്താവ് കുരിശില്‍ മരിച്ച് എന്നോട് ക്ഷമിച്ചു എന്നത് എന്നില്‍ പ്രത്യാശ നിറയ്ക്കുന്നു. ചില കാര്യങ്ങള്‍ എനിക്ക് നിന്നോട് ചോദിക്കാനുണ്ട്. ആത്മാവായിരിക്കുക എന്നാല്‍ എന്താണ്? എന്തൊക്കെയാണ് നിന്റെ കടമകള്‍? നീ ഏതെങ്കിലും തരത്തിലുള്ള ഒരു ഊര്‍ജമാണോ? നിനക്ക് ചിന്തിക്കാന്‍ കഴിയുമോ? വികാരങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ് അത് പ്രകടിപ്പിക്കുന്നത്? ഈശോയും പരിശുദ്ധാത്മാവും എന്നോട് സമ്പര്‍ക്കത്തിലാകുന്നത് നിന്നിലൂടെയാണോ? ഇനിയും ഒത്തിരി കാര്യങ്ങള്‍ നിന്നോട് ചോദിക്കാനുണ്ട്. എന്നാല്‍, ബോര്‍ഡ് എക്‌സാമിനെക്കുറിച്ചുള്ള ചിന്ത എന്നെ വിഴുങ്ങുകയാണ്. നല്ല മാര്‍ക്ക് കിട്ടുമോ എന്ന ഭയം വിധിദിനത്തിലെന്ന പോലെ എനിക്കനുഭവപ്പെടുന്നു. എങ്കിലും നിന്നോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സമയമുള്ളപ്പോള്‍ വീണ്ടും എഴുതാം!'

നമ്മുടെ മക്കള്‍ എത്രയോ സങ്കീര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്ന് കത്തുകളെല്ലാം വായിച്ചപ്പോള്‍ ഓര്‍ത്തുപോയി. മുതിര്‍ന്നവരായ നമുക്ക് ജെന്‍ സി, ആല്‍ഫാ തലമുറയിലെ മക്കളെ ശരിക്കും മനസ്സിലായിട്ടുണ്ടോ? അവരുടെ ദുഃഖങ്ങളും നെടുവീര്‍പ്പുകളും മോഹങ്ങളും മോഹഭംഗങ്ങളും പ്രതിസന്ധികളും ഏകാന്തതയുമെല്ലാം ശരിയായി മനസ്സിലാക്കുക എന്നതാണ് നമുക്ക് അവരോട് കാണിക്കാവുന്ന അടിസ്ഥാന മര്യാദ. സ്മാര്‍ട്ട് ഫോണും ഓണ്‍ലൈന്‍ ഗെയിമുകളും ചാറ്റ് ബോട്ടുകളുമെല്ലാം നമ്മുടെ മക്കളുടെ ജീവിതനൗകയെ കീഴ്‌മേല്‍ മറിക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ.

ബുദ്ധിയും സിദ്ധിയുമുള്ള യന്ത്രങ്ങള്‍ കൗമാരക്കാരെയും കുട്ടികളെയും ആത്മഹത്യയിലേക്കു പോലും 'വഴികാട്ടുന്ന' കറുത്ത കാലത്തില്‍ ജീവന്റെ നാഥനായ യേശുവിലേക്ക് അവരെ ആനയിക്കാന്‍ നാം സര്‍വാത്മനാ ശ്രമിക്കേണ്ടതല്ലേ? ഒരിക്കല്‍ അറിയുകയും അനുഭവിക്കുകയും ചെയ്താല്‍ പിന്നീടൊരിക്കലും വേര്‍പിരിയാന്‍ കഴിയാത്ത ആ സ്‌നേഹമാധുര്യത്തിലേക്ക് നമ്മുടെ മക്കളെ നയിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് മാതാപിതാക്കളും വിശ്വാസപരിശീലകരുമെന്ന നിലയില്‍ നമ്മുടെ ജന്മം സഫലമാകുന്നത്. അതിനാകട്ടെ നമ്മുടെ തീക്ഷ്ണമായ പ്രാര്‍ഥനയും ആത്മാര്‍ഥമായ പരിശ്രമവും ഉദാത്തമായ ജീവിതമാതൃകയും ആവശ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org