

അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി.
എഫേസോസ് 1:21
മരിയന്‍ ശീര്‍ഷകങ്ങളെക്കുറിച്ച് വത്തിക്കാന്‍ പുറത്തിറക്കിയ 'മാത്തെര്‍ പോപ്പുളി ഫിദെലിസ്' എന്ന രേഖയായിരുന്നു കഴിഞ്ഞ ലക്കത്തിലെ പ്രതിപാദ്യവിഷയം. പരിശുദ്ധ കന്യകാമറിയത്തോട് വ്യക്തിപരമായ സ്‌നേഹവും ഭക്തിയും വൈകാരികമായ അടുപ്പവും പുലര്‍ത്തുന്ന അനേകരുണ്ട്. കുരിശില്‍ കിടക്കവെ യേശു അന്ത്യസമ്മാന മായി തന്ന അമ്മയുടെ പക്കല്‍ മക്കള്‍ക്കടുത്ത അവകാശബോധത്തോടെ അവര്‍ ഓടിയണയുന്നു. ജീവിതദുഃഖങ്ങള്‍ക്ക് ആശ്വാസവും പ്രതിസന്ധികള്‍ക്ക് പരിഹാരവും തേടുന്നു. അതൊന്നും തെറ്റല്ല. അതിനെയൊന്നും രേഖ വിലക്കുന്നുമില്ല. എങ്കിലും മരിയഭക്തിയെപ്പറ്റി വിശ്വാസികള്‍ക്ക് വ്യക്തത വേണമെന്ന് ലെയോ മാര്‍പാപ്പ ആഗ്രഹിക്കുന്നുണ്ടാകും. അതുകൊണ്ടാണല്ലോ ഇപ്പോള്‍ ഇങ്ങനെയൊരു രേഖ പ്രസിദ്ധീകരിച്ചത്. ചില കാര്യങ്ങള്‍ വ്യക്തമായി ഗ്രഹിക്കുന്നത് നമ്മുടെ ആത്മീയയാത്രയെ സരളവും സമ്പുഷ്ടവുമാക്കും.
ദൈവാവിഷ്‌കരണം അഥവാ ദൈവികവെളിപാട് മിശിഹാസംഭവത്തിലൂടെ പൂര്‍ണ്ണമായി. എന്നാല്‍, അതേക്കുറിച്ചുള്ള നമ്മുടെ മനസ്സിലാക്കല്‍ ഒരുപക്ഷേ, യുഗാന്തം വരെ തുടര്‍ന്നേക്കാം. ദൈവത്തിന്റെ അനന്തസ്‌നേഹവും അനന്തജ്ഞാനവും ആവിഷ്‌കരിച്ചു നടപ്പാക്കിയ മനുഷ്യാവതാരത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ പരിമിതികളുള്ള മനുഷ്യന് സഹായം ആവശ്യമാണ്. ഈ പ്രക്രിയയില്‍ സഭയുടെ പ്രബോധനാധികാരത്തിന് (Majesterium of the Church) നിര്‍ണ്ണായക സ്ഥാനമുണ്ട്.
മറിയം ഉള്‍പ്പെടെ ആരും 'ദൈവം തന്നെയായ ഏകജാതനായ' (യോഹ. 1:18) യേശുക്രിസ്തുവിന് പകരക്കാരല്ല. അവള്‍ ഒരിക്കലും 'അവന്' പകരമല്ല. അവള്‍ക്കും അതറിയാമായിരുന്നു. അതുകൊണ്ടാണ്, 'അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍' എന്ന് അവള്‍ എപ്പോഴും ആവര്‍ത്തിക്കുന്നത്. അവള്‍ ദൈവമാതാവ് (Theotokos) തന്നെ; എന്നാല്‍, മാംസം ധരിച്ച വചനത്തിന് ജന്മമേകി എന്നതിനാല്‍ അവള്‍ വചനത്തിന് പകരക്കാരിയല്ല.
മറിയത്തിന്റെ ആരാധകര്‍ എന്ന ഒരു ആരാധകഗണം ക്രിസ്തീയതയില്‍ ഇല്ല. കാരണം മറിയത്തെ നാം ആരാധിക്കുന്നില്ല. യേശുവിന്റെ ആരാധകരുണ്ട്; യേശു പഠിപ്പിച്ച പിതാവിന്റെയും യേശു നല്‍കിയ പരിശുദ്ധാത്മാവിന്റെയും ആരാധകരുണ്ട്. പരിശുദ്ധ ത്രിതൈ്വക ദൈവത്തിന്റേതല്ലാതെ മറ്റൊരു ആരാധകഗണവും ക്രിസ്തീയസരണിയില്‍ ഇല്ല. മറിയത്തെ നമുക്ക് ഇഷ്ടപ്പെടാം; സ്‌നേഹിക്കാം; ഉന്നതമായി വണങ്ങാം (hyper dulia); കൂട്ടുകൂടാം; സഹായം തേടാം. യാതൊരു അപകര്‍ഷതയുമില്ലാതെ 'എത്രയും ദയയുള്ള മാതാവേ', 'പരിശുദ്ധ രാജ്ഞീ', 'പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ' എന്നെല്ലാം ചൊല്ലിവിളിച്ച് ഇനിയും നമുക്ക് മറിയത്തിന്റെ പക്കലണയാം.
കാരണം മറ്റാര്‍ക്കുമില്ലാത്ത മഹത്വം നല്‍കി മറിയത്തെ അനുഗ്രഹിച്ചതും അലങ്കരിച്ചതും ദൈവം തന്നെയാണ്. ദൃഢമായ വിശ്വാസവും സമ്പൂര്‍ണ്ണമായ ശരണവും അഗാധമായ സ്‌നേഹവും നിറഞ്ഞ ഹൃദയബന്ധം ദൈവവുമായി പുലര്‍ത്തിയ അവളുടെ ജീവിതം 'ഒരു മരിയന്‍ അപാരത' തന്നെയാണ്. എന്നാല്‍, എല്ലാ അപാരതകളും യേശു എന്ന അനന്തതയില്‍ നിന്ന് ഉദ്ഭവിച്ചതാണ്. മാംസം ധരിച്ച വചനത്തിന്റെ അനന്തതയില്‍ നിന്ന് ഉറകൊള്ളാത്ത ഒരപാരതയും ക്രിസ്തീയ ആദ്ധ്യാത്മികതയില്‍ ഇല്ല.
മറിയത്തെ മനസ്സിലാക്കാന്‍ prism നല്ല ഉദാഹരണമാണ്. 'സ്ഫടിക പ്രിസത്തില്‍ക്കൂടി ധവളപ്രകാശം കടത്തി വിടുമ്പോള്‍ വര്‍ണ്ണവിശ്ലേഷണം (പ്രകീര്‍ണ്ണനം) സംഭവിച്ചുണ്ടാകുന്ന വര്‍ണ്ണരാജി (എഴു നിറങ്ങള്‍ VIBGYOR)' എന്നാണ് ആ വാക്കിന്റെ അര്‍ഥവിശദീകരണം. മറിയം പ്രിസമാണ്. പ്രകാശം തന്നെയായ ദൈവത്തെ, സ്ഫടികസമാനമായ തന്റെ ആത്മാവിലൂടെ സമ്പൂര്‍ണ്ണമായും നിര്‍മ്മലമായും അവള്‍ കടത്തിവിട്ടു. അങ്ങനെയാണ് മറിയം ക്രിസ്തീയചക്രവാള ത്തില്‍ ഏഴഴകോടെ പ്രശോഭിക്കുന്ന വര്‍ണ്ണരാജിയായത്.'