വചനമനസ്‌കാരം: No.195

വചനമനസ്‌കാരം: No.195
Published on

ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു.

2 തിമോത്തേയോസ് 4:7, 8

എന്താണ് ഓടുന്നത് എന്ന ചോദ്യത്തിന് നടക്കാന്‍ വയ്യാഞ്ഞിട്ടാണ് എന്ന മറുപടിയുള്ള ആ പഴയ ഫലിതം ഓര്‍മ്മയില്ലേ? അതുപോലെയാണ് ഇപ്പോള്‍ മനുഷ്യരുടെ കാര്യം. ആര്‍ക്കും നടക്കാന്‍ വയ്യ. എല്ലാവരും ഓടുകയാണ്. സ്വസ്ഥമായിരിക്കാന്‍ സമയവും മനസ്സുമില്ല; എന്നാല്‍, ഓടാന്‍ സമയവും ശേഷിയുമുണ്ട്! ഒരേ സമയം ഒട്ടേറെ കാര്യങ്ങളുടെ പിന്നാലെ ഇങ്ങനെ ഓടേണ്ടതുണ്ടോ? ഇത്രയും വേഗത്തില്‍ ശ്വസിക്കേണ്ടതുണ്ടോ? ഇത്രയധികം സംസാരിക്കേണ്ടതുണ്ടോ? ഇത്രയും ഭക്ഷണം കഴിക്കേണ്ടതുണ്ടോ? ഇത്രയും സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതുണ്ടോ? ലോകമോഹങ്ങളാല്‍ ഇത്രമേല്‍ വശീകരിക്കപ്പെടേണ്ടതുണ്ടോ? ശരീരകാമനകളെ ഇത്രമേല്‍ തൃപ്തിപ്പെടുത്തേണ്ടതുണ്ടോ? ഉത്തരങ്ങള്‍ അറിയായ്കയല്ല. എന്നിട്ടും എല്ലാം ചെയ്തുപോകുകയാണ്.

ഓട്ടം ശരിയല്ലെന്ന് അറിയായ്കയല്ല; എന്നിട്ടും ഓടിപ്പോകുകയാണ്. കൃത്യമായി പറഞ്ഞാല്‍ ഓടുന്നതല്ല; ഓടിക്കുന്നതാണ്. ഒരാള്‍ ഉള്ളിലിരുന്ന് ഓടിക്കുകയാണ്. 'പോരാ, പോരാ' എന്നതാണ് അയാള്‍ ആവര്‍ത്തിക്കുന്ന മന്ത്രം! ഇത്രയും പണം പോരാ, ഇത്രയും സുഖം പോരാ, ഇത്രയും സൗന്ദര്യം പോരാ, ഇത്രയും പേരും പെരുമയും പോരാ, ഇത്രയും അധികാരലഹരി ഇത്രയും നാള്‍ നുകര്‍ന്നത് പോരാ! അയാളുടെ മന്ത്രണങ്ങളാണ് ഭ്രാന്ത് പിടിപ്പിക്കുന്നത്! അങ്ങനെയാണ് ഈ ഓട്ടപ്രാന്ത് തുടരുന്നത്! ഒടുവില്‍ ആ പഴയ കഥയിലേതുപോലെ, ഭ്രാന്തമായ ഈ ഓട്ടങ്ങളെല്ലാം ആറടി മണ്ണില്‍ ഒടുങ്ങും! ഈ പരാക്രമങ്ങളെല്ലാം വായുവിലുള്ള മുഷ്ടിപ്രയോഗം പോലെ നിരര്‍ത്ഥകമായിത്തീരും. അതിനാല്‍ ഒന്നു നില്‍ക്കാനും ചിന്തിക്കാനും സമയവും മനസ്സും വേണം.

മറ്റൊരു തലത്തിലും തരത്തിലുമുള്ള ഓട്ടമുണ്ട്. കലമാനിനെക്കാള്‍ വേഗത്തില്‍ 'ഒരാള്‍' കുതിക്കുന്ന ഓട്ടമുണ്ട്. ജീവിതത്തിന്റെ ഘോരമായ വനാന്തരങ്ങളും രൗദ്രമായ ജലരാശികളും ചീറിയടിക്കുന്ന കൊടുങ്കാറ്റുകളും മറികടന്ന് അയാള്‍ കുതിക്കുകയാണ്. ഒന്നും വെറുതെയല്ലെന്ന് അയാള്‍ക്കറിയാം. എല്ലാറ്റിനും അര്‍ഥമുണ്ടെന്നും എല്ലാം ഒരിക്കല്‍ ഫലമണിയുമെന്നും അയാള്‍ക്കറിയാം. അതിനാല്‍ അയാള്‍ ഓടുകയാണ്. അനീതിയും അപമാനവും സഹിച്ച് ഓടുകയാണ്. ഓടുകയാണോ പറക്കുകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഓട്ടം! സ്‌നേഹത്തിന്റെ ഓട്ടം! വിശ്വാസത്തിന്റെ ഓട്ടം! സഹനത്തിന്റെ ഓട്ടം! നിത്യതയിലേക്കുള്ള ഓട്ടം! നീതിയുടെ കിരീടത്തിനായുള്ള ഓട്ടം!

ഓടിയോടി ഒടുവില്‍ അയാള്‍ ചെന്നുവീഴുന്നത് സര്‍വേശ്വരന്റെ ശക്തമായ കരങ്ങളിലാണ്! പ്രപഞ്ചത്തെ നിര്‍മ്മിച്ച അതേ കരങ്ങളിലാണ്! ഫിനിഷിംഗ് പോയന്റില്‍ അവിടുന്ന് കാത്തുനില്‍ക്കുകയാണല്ലോ! അയാളെ സൃഷ്ടിച്ച നിമിഷം മുതല്‍ കാത്തുനില്‍ക്കുകയാണല്ലോ! ഓരോരുത്തരും ഓടിയോടി വരുമെന്ന് സ്വപ്നം കണ്ട് അവിടുന്ന് കാത്തുനില്‍ക്കുകയാണ്. ആ കാത്തുനില്‍പ്പിന്റെ ശാശ്വതപ്രതീകമാണ് ഉപമയിലെ ധൂര്‍ത്തപിതാവ്! വരും; വരാതിരിക്കാനാവില്ല എന്ന പ്രതീക്ഷയോടെ അവിടുന്ന് കാത്തുനില്‍ക്കുകയാണ്. വിശ്വസ്തതയോടെ ഓട്ടം പൂര്‍ത്തിയാക്കി അയാള്‍ തിരികെയെത്തുന്നതും നോക്കിനില്‍ക്കുകയാണ്. അയാള്‍ ആരാണെന്നല്ലേ? നമ്മുടെ ആത്മാവാണ്; നമ്മള്‍ തന്നെയായ നമ്മുടെ ആത്മാവാണ് അയാള്‍!

നവംബര്‍, നമ്മുടെ ഓട്ടത്തെ ധ്യാനിക്കാനുള്ള സമയമാണ്. എപ്പോള്‍ പൂര്‍ത്തിയാകും എന്നതിലെ അനിശ്ചിതത്വമാണ് ആത്മാവിന്റെ ഓട്ടത്തെ സര്‍ഗാത്മകമാക്കുന്നത്. നന്നായി പൂര്‍ത്തിയാക്കുന്ന എല്ലാവരും വിജയിക്കും എന്നതാണ് ഓട്ടത്തെ വ്യത്യസ്തമാക്കുന്നത്. നന്നായി ഓടിയിട്ട് തന്നെയാണ് 'ഓട്ടത്തിന്റെ നാഥന്‍' നമ്മെ ഓടിക്കുന്നതെന്ന അവബോധത്തിലേക്കുണരാം. മുമ്പേ ഓടിമറഞ്ഞവരെ സ്‌നേഹാര്‍ദ്രതയോടെ ഓര്‍ക്കാം. പന്നിക്കുഴികളില്‍ നിന്ന് പരമപിതാവിന്റെ സ്‌നേഹവലയത്തിലേക്കുള്ള പദചലനങ്ങളാണ് ഓട്ടത്തെ ലാവണ്യമുള്ളതാക്കുന്നത്. തവിട് പോലും കിട്ടാത്ത വറനിലങ്ങളില്‍ നിന്ന് വിശപ്പും ദാഹവുമില്ലാത്ത പറുദീസയുടെ പരമാനന്ദത്തിലേക്കുള്ള പുനര്‍ജനിയാണ് ഓട്ടത്തിന്റെ ഫലശ്രുതി. അവബോധത്തോടും ആനന്ദത്തോടും കൂടെ ആത്മാവിനോട് പറയാം:

ഗെറ്റ്, സെറ്റ്, ഗോ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org