

സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തി ക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍ പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:35
'സമുദായം എന്ന പദം എന്തിനാണ് ഉപയോഗിക്കുന്നത്, സഭയെന്നു തന്നെ പറഞ്ഞാല്‍ മതിയാകുമല്ലോ എന്നു ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍, ക്രിസ്തീയസമൂഹത്തിന്റെ സാമൂഹികതലങ്ങളെ പ്രത്യേകമായി എടുത്തു കാണിക്കുന്നതിനും ഭൗതികമേഖലകളില്‍ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ വ്യക്തതയോടെ അവതരിപ്പിക്കുന്നതിനും സമുദായം എന്ന വാക്കാണ് കൂടുതല്‍ ഫലപ്രദം. ഒരു സഭയെന്നതിനൊപ്പം ഒരു സമുദായമായിക്കൂടി നമ്മെ മനസ്സിലാക്കുമ്പോഴാണ് പൊതുസമൂഹത്തില്‍ ഈ കൂട്ടായ്മയുടെ ആഭ്യന്തര കെട്ടുറപ്പും ഐക്യവും കൂടുതല്‍ ദൃഢമാകുന്നതും പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനും പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും നമുക്കു സാധിക്കുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ സഭ എന്ന പദം ഉപയോഗിക്കുമ്പോള്‍ നമ്മുടെ സ്വാഭാവികചിന്തയിലേക്കു വരാത്ത സാമൂഹ്യജീവിത സാഹചര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടിയാണ് സമുദായം എന്ന വാക്ക് ബോധപൂര്‍വം ഉപയോഗിക്കുന്നത്.'
സീറോ മലബാര്‍ സഭയില്‍ സമുദായ ശക്തീകരണവര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ് നല്‍കിയ സര്‍ക്കുലറില്‍ നിന്നുള്ള ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. 'സമുദായം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുന്നതും അവയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നതുമാണ്' സമുദായ ശക്തീകരണ വര്‍ഷത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. 'നിയതമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇപ്രകാരമൊരു വര്‍ഷാചരണം പ്രഖ്യാപിച്ചിരിക്കുന്നത്' എന്ന് സര്‍ക്കുലര്‍ പറയുന്നുണ്ടെങ്കിലും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
1) ജീവിതത്തില്‍ പാലിക്കണമെന്ന് യേശു നമ്മോട് പറഞ്ഞിരിക്കുന്നത് എന്തെല്ലാമാണ്? ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാന്‍ പറഞ്ഞിട്ടുണ്ട്. പരസ്പരം സ്‌നേഹിക്കാനും പരസ്പരം പാദങ്ങള്‍ കഴുകാനും പറഞ്ഞിട്ടുണ്ട്. പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിന്‍ എന്ന് പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ പ്രകാശമാകാനും ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചു വയ്ക്കാനും പറഞ്ഞിട്ടുണ്ട്. നമ്മുടെ സല്‍പ്രവൃത്തികള്‍ കണ്ട് മറ്റുള്ളവര്‍ നമ്മുടെ പിതാവിനെ മഹത്വപ്പെടുത്തണം എന്ന് പറഞ്ഞിട്ടുണ്ട്. 'ഈ തൊഴുത്തില്‍ പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്' എന്ന് പറഞ്ഞപ്പോള്‍ സഭയുടെയും സമുദായത്തിന്റെയുമെല്ലാം അതിരുകള്‍ക്ക പ്പുറത്തും തനിക്ക് സ്‌നേഹിതര്‍ ഉണ്ടാകുമെന്നല്ലേ യേശു വിവക്ഷിച്ചത്? യേശു പറയാത്ത ഒരു ശക്തീകരണമാണ് സമുദായശക്തീകരണം എന്ന് ഖേദത്തോടെ പറയട്ടെ.
2) നെഹെമിയായുടെ ആഹ്വാനമനുസരിച്ച് ഇസ്രായേല്‍ക്കാര്‍ ജറുസലെം നഗരത്തിന്റെ മതിലുകള്‍ പുനരുദ്ധരിച്ച കാര്യം സര്‍ക്കുലര്‍ അനുസ്മരിക്കുന്നുണ്ട്! ഈ പ്രപഞ്ചത്തില്‍ വന്നു പിറക്കുന്ന ഓരോ മനുഷ്യനിലേക്കും എത്തിച്ചേരാന്‍ ദൈവത്തിന്റെ സ്‌നേഹം നിര്‍മ്മിച്ചിരിക്കുന്ന പാലമാണ് സഭ. അങ്ങനെയെങ്കില്‍ നമ്മുടെ സമയവും ഊര്‍ജവും നാം ചെലവഴിക്കേണ്ടത് പാലം ബലപ്പെടുത്താനാണോ മതില്‍ പുനരുദ്ധരിക്കാനാണോ?
3) മുമ്പൊരിക്കലും ഇല്ലാത്ത വിധം മതങ്ങള്‍ കേരളത്തിലെ മനുഷ്യരെ വിഴുങ്ങുന്ന കാലമാണിത്. മനുഷ്യന്‍ മതത്തെ വിഴുങ്ങുക എന്നതിനേക്കാള്‍ വിനാശകരമാണ് മതങ്ങള്‍ മനുഷ്യരെ കൂട്ടത്തോടെ വിഴുങ്ങുക എന്നത്. എത്ര വിവേകത്തോടും സ്‌നേഹത്തോടും കൂടി വേണം ഇന്ന് ഓരോ വാക്കും ഉപയോഗിക്കേണ്ടതെന്ന് വ്രണപ്പെടാന്‍ വെമ്പി നില്‍ക്കുന്ന മതവികാരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നില്ലേ?
4) 'ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്' എന്നൊരു വാദം കുറെ നാളായി സഭയുടെ വേദികളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എല്ലാവരും ചെയ്യുന്നത് ചെയ്യാനാണോ യേശുക്രിസ്തുവിന്റെ ശരീരവും മണവാട്ടിയുമായ സഭ ഈ ഭൂമിയില്‍ തുടരുന്നത്? ആരും ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്ത ഒരുവനെയാണ് നാം ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നതെങ്കില്‍, എല്ലാവരും ചെയ്യുന്നത് അതേപടി ആവര്‍ത്തിക്കാന്‍ നമുക്ക് എങ്ങനെ സാധിക്കും? യേശുവിന്റെ സ്‌നേഹത്തിന്റെ സമാഹൃതരൂപമാണ് സഭ. അങ്ങനെയെങ്കില്‍ ആ സ്‌നേഹം പരിധികളും ഉപാധികളുമില്ലാതെ എല്ലാ ജനതകളിലേക്കും ഒഴുക്കുകയാണ് സഭ ചെയ്യേണ്ടത്. അതിന് നല്ലത് സുവിശേഷ ചൈതന്യശക്തീകരണ വര്‍ഷവും ക്രിസ്തീയ സ്‌നേഹശക്തീകരണ വര്‍ഷവുമൊക്കെയാണ്.