വചനമനസ്‌കാരം: No.192

വചനമനസ്‌കാരം: No.192
Published on

സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം.

വെളിപാട് 12:1

അത്തള പിത്തള തവളാച്ചി

ചുക്കുമേലിരിക്കണ ചൂളാപ്പ

മറിയം വന്നു വിളക്കൂതി

ഗുണ്ടു മാണി സാറ പീറ ഗോ

ബാല്യത്തിലെ മധുരസ്മരണകളില്‍ ഈ പാട്ട് പാടിയുള്ള കളിയുമുണ്ട്. കുട്ടികള്‍ വട്ടത്തില്‍ ഇരുന്ന് കൈകള്‍ കമിഴ്ത്തി വച്ച് ആരംഭിക്കുന്ന ഈ കളി പല പ്രാവശ്യം ആവര്‍ത്തിച്ചാണ് വിജയിയെ കണ്ടെത്തുന്നത്. എന്നാലും, മറിയം എന്തിന് ആ വിളക്കൂതി എന്നത് അന്നത്തെ വലിയ സമസ്യകളില്‍ ഒന്നായിരുന്നു. എത്രമേല്‍ കുറുമ്പിയായിട്ടാകണം കുട്ടികളുടെ കളിവിളക്ക് ഊതിക്കെടുത്താന്‍ മറിയത്തിന് തോന്നിയത്!

ആ പരിഭവമകന്നത് മറ്റൊരു മറിയത്തെ പരിചയപ്പെട്ടപ്പോഴാണ്. വിളക്ക് കൊളുത്തുന്നതില്‍ നിപുണയായ ഒരു മറിയം! കെട്ടുപോയ ജീവവിളക്കുകള്‍ വീണ്ടും തെളിക്കുന്ന ഒരു മറിയം! കരിന്തിരി കത്തുന്ന ആത്മാവിന്റെ ചെരാതുകളില്‍ വീണ്ടും വെളിച്ചം ഇറ്റിക്കുന്ന ഒരു മറിയം! അകത്തെ ദീപാവലികള്‍ക്ക് അരങ്ങൊരുക്കുന്ന ഒരു മറിയം! ലോകമായകളില്‍ ഉലഞ്ഞുപോകുന്ന ഹൃദയനാളങ്ങളെ മറയായി വന്ന് പൊതിയുന്ന മറിയം! നസറത്തിലെ കന്യകയും അമ്മയുമായ മറിയം!

ഈ മറിയത്തിന് എങ്ങനെ ഇത് കഴിയുന്നു എന്ന് അതിശയിക്കേണ്ട. 'എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചത്തെ' ഉള്ളില്‍ വഹിച്ചത് അവളാണ്. 'ഉയരത്തില്‍ നിന്നുള്ള ഉദയരശ്മിക്ക്' അമ്മയും അഭയവുമായത് അവളാണ്. സൂര്യനെ ഉടയാടയാക്കിയതും അവളാണ്. ദൈവം വെളിച്ചവുമായി ഉണ്ടാക്കിയ എല്ലാ ഉടമ്പടിയിലും അവളുണ്ട്. കളിയരങ്ങില്‍ ക്രിസ്തു എന്ന വെളിച്ചവുമായി മറിയമുണ്ടെങ്കില്‍ കളിയുടെ ഗതി മാറും. രംഗം ഏകാഭിനയമോ മൂകാഭിനയമോ ശോകാര്‍ദ്രമോ രൗദ്രോന്മാദമോ എന്തുമാകട്ടെ, വാഴ്‌വിന്റെ വേദിയില്‍ നമ്മള്‍ നടനവിസ്മയം തീര്‍ക്കും. ആ നടനത്തിനൊടുവിലാണ് 'എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍' എന്ന സ്വാഗതവചനം ശ്രവിച്ച് നിത്യതയുടെ സാമ്രാജ്യത്തിലേക്ക് നാം പ്രവേശിക്കുന്നത്.

മറിയത്തില്‍ നിന്ന് കൊളുത്തിയെടുക്കാവുന്ന രണ്ട് നാളങ്ങളുണ്ട്. ഒന്നാമത്തേത്, അവളുടെ ജീവിതനിഘണ്ടു എന്ന നാളമാണ്. രക്ഷാകരമായ പദസമ്പത്ത് നിറഞ്ഞുനില്‍ക്കുന്ന ആ നിഘണ്ടുവിലെ ഏറ്റവും അമൂല്യമായ പദം ദൈവവിശ്വാസം എന്നതാണ്; ഏറ്റവും അഗാധമായ പദം ദൈവശരണം എന്നതാണ്; ഏറ്റവും മോഹനമായ പദം ദൈവസ്‌നേഹം എന്നതാണ്. ദൈവൈക്യം, ആത്മസമര്‍പ്പണം, താഴ്മ, ആനന്ദം എന്നിങ്ങനെ അത്യുജ്വലമായ പദങ്ങള്‍ വേറെയുമുണ്ട്.

ആ ജീവിതനിഘണ്ടു അവളുടെ ഉണ്മയുടെയും ആത്മസത്തയുടെയും ആകെത്തുകയാണ്. നമ്മുടെ ആത്മാവിന്റെ അക്ഷരമാലയെ മറിയത്തിന്റെ നിഘണ്ടുവിലെ വെളിച്ചമൊഴുകുന്ന പദങ്ങളാല്‍ വിമലീകരിക്കണമെന്ന് പ്രാര്‍ഥിക്കാം.

രണ്ടാമത്തേത്, ഹൃദയസംഗ്രഹം എന്ന നാളമാണ്. അതായിരുന്നു അവള്‍ക്കുള്ള സവിശേഷകൃപ. പുല്‍ത്തൊട്ടിയില്‍ അവള്‍ അത് ചെയ്തതിന് രേഖയുണ്ട് (ലൂക്കാ 2:19). രേഖയില്ലെങ്കിലും കുരിശിന്‍ചുവട്ടിലും അവള്‍ ചെയ്തത് അതുതന്നെയാണ്. ആത്മഹര്‍ഷത്തില്‍ സ്വയം മറക്കാതിരിക്കാനും ദുഃഖത്തിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങിമറയാതിരിക്കാനും അവള്‍ക്ക് കഴിഞ്ഞത് ഈ കൃപയാലാണ്. രണ്ടിടത്തും രണ്ടു വിധത്തില്‍ അരുമസുതനെ മടിയില്‍ കിടത്തുമ്പോഴും ദൃഢചിത്തയായിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞതും ഈ കൃപയാലാണ്. ലുത്തിനിയയിലെ പ്രകീര്‍ത്തനങ്ങള്‍ പോലെ അത്ര സരളവും മധുരതരവുമായിരുന്നില്ല അവളുടെ ജീവിതം.

അത് തിരിച്ചറിയുമ്പോഴാണ് ഹൃദയസംഗ്രഹം എന്ന കൃപ അവളെ എപ്രകാരം നയിച്ചു എന്ന് ബോധ്യപ്പെടുന്നത്.

ചരിത്രത്തിലെന്നോണം, ആത്മാവില്‍ സംഭവിക്കുന്ന 'ഒക്‌ടോബര്‍ വിപ്ലവമാണ്' പരിശുദ്ധ മറിയത്തോടുള്ള ജപമാലഭക്തി. 'നന്മ നിറഞ്ഞ മറിയമേ' എന്ന അഭയമന്ത്രം ഉയരുന്ന ദേവാലയങ്ങളും കപ്പേളകളും ഗ്രോട്ടോകളും, അഖണ്ഡജപമാല നടക്കുന്ന ഭവനങ്ങളുമെല്ലാം വിളിച്ചോതുന്നത് ആ വിപ്ലവം ഇപ്പോഴും ഊര്‍ജസ്വലമാണെന്നാണ്. മറിയം ക്രിസ്തീയതയുടെ ഒരു സര്‍വകലാശാലയാണ്. യേശുക്രിസ്തു പഠിപ്പിച്ച എല്ലാ പാഠങ്ങളും മിഴിവോടെ പകരുന്ന ഒരു സര്‍വകലാശാല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org