വചനമനസ്‌കാരം [No.191]

വചനമനസ്‌കാരം [No.191]
Published on

ഈ ലക്ഷ്യം പ്രാപിക്കുന്നതിനുവേണ്ടിയത്രേ, അവന്‍ എന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്.

കൊളോസോസ് 1:29

'എലോയ്, എലോയ്'

പട്ടക്കാരന്‍ ഉപേക്ഷിച്ചു പോയ പള്ളി ഉച്ചത്തില്‍ നിലവിളിച്ചു.

ദൈന്യതയോടെയുള്ള ആ നിലവിളി കേട്ട് പള്ളിയുടെയും പട്ടക്കാരന്റെയും ദൈവമായ ക്രിസ്തു പള്ളിക്കു മുമ്പില്‍ പ്രത്യക്ഷനായി.

'പള്ളീ, എന്തിനാണ് നീ കരയുന്നത്?'

സുവിശേഷത്തിലേതുപോലെ കരുണയും വാത്സല്യവു മുള്ള അതേ ശബ്ദം!

പള്ളി തൊണ്ടയിടറി പറഞ്ഞു: 'ഞാന്‍ അനാഥമായത് അങ്ങ് കാണുന്നില്ലേ? അങ്ങയുടെ പ്രതിപുരുഷന്‍ എന്നെ ഉപേക്ഷിച്ചു പോയി.'

'അതിന് പട്ടക്കാരനല്ലല്ലോ നിന്റെ നാഥന്‍! ഞാനല്ലേ?'

പള്ളി ചെറുതായൊന്ന് പരിഭ്രമിച്ചു.

'കര്‍ത്താവേ, അത് ശരി തന്നെ! എന്നാലും,

അങ്ങ് ഭരമേല്‍പിച്ച ഉത്തരവാദിത്വത്തില്‍ നിന്ന്

രാജി വയ്ക്കുന്നതൊക്കെ കടന്ന കൈയല്ലേ?'

'അദ്ദേഹത്തിന്റെ പേര് തന്നെയല്ലേ നിനക്കും? എന്നിട്ടും നിനക്ക് ഒന്നും മനസ്സിലായില്ലേ? അതിരിക്കട്ടെ, നീ 'ഏറ്റുപറച്ചിലുകള്‍', 'ദൈവനഗരം' എന്നിവയില്‍ ഏതെങ്കിലും വായിച്ചിട്ടുണ്ടോ?'

'ഇല്ല.'

'അതാണ് ഇങ്ങനെയൊക്കെ തോന്നുന്നത്! സത്യമെന്ന് ബോധ്യമുള്ള കാര്യങ്ങളില്‍ സമവായപ്പെടാന്‍ തയ്യാറല്ല എന്നത് ഈ പേരുകാരുടെ പൊതുവായ ഒരു പ്രത്യേകതയാണ്. നീ ആ രാജിക്കത്ത് വായിച്ചോ?'

'ഇല്ല. അത് അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ക്കും അമ്മയ്ക്കും നാട്ടുകാര്‍ക്കും വേണ്ടി എഴുതപ്പെട്ടതാണ്! എന്നാലും, കുര്‍ബാനത്തര്‍ക്കമാണ് കാരണം

എന്നൊക്കെ ആളുകള്‍ പറയുന്നത് കേട്ടു.'

'അതുമാത്രമല്ല. നീണ്ട ഒരുക്കവും ഗാഢമായ ചിന്തയും ഹൃദയംഗമമായ പ്രാര്‍ഥനയും നിശിതമായ ചോദ്യങ്ങളുമുള്ള ശക്തമായ രചനയാണ് ആ രാജിക്കത്ത്. ഒട്ടേറെ ചോദ്യങ്ങള്‍ അനേകം മനുഷ്യര്‍ക്കുവേണ്ടി ഉറക്കെ ചോദിച്ചിരിക്കുക യാണ്. മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല; മനുഷ്യപുത്രനു വേണ്ടിയും!'

'അങ്ങ് പണ്ടേ ലിബറല്‍ ആണല്ലോ!'

'ലിബറേറ്റര്‍ക്ക് ലിബറല്‍ ആകാതിരിക്കാന്‍ കഴിയുമോ? വിമോചകന് ബന്ധിക്കാനും രക്ഷകന് ശിക്ഷിക്കാനും സൗഖ്യദായകന് മുറിപ്പെടുത്താനും കഴിയുമോ? കുര്‍ബാന തന്നെ എന്തിന് എന്ന മൗലികമായ ചോദ്യം ആ കത്തിലുണ്ട്. ജീവിതചര്യയായി മാറാത്ത ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം എന്ന പരമപ്രധാനമായ ചോദ്യം അതിലുണ്ട്. തെറ്റായ മുന്‍ഗണനകള്‍ നിശ്ചയിച്ചും തെറ്റായ കാര്യങ്ങള്‍ പഠിപ്പിച്ചും ദൈവജനത്തെ കുഴപ്പത്തിലാക്കുന്ന വിനാശകരായ ആത്മഘാതകരെക്കുറിച്ച് അത് സംസാരിക്കു ന്നുണ്ട്. സുഖഭോഗങ്ങളിലും ജീവിതാസക്തികളിലും സര്‍വോപരി, അധികാരാസക്തിയിലും 'തിളച്ചു മറിയുന്ന' സഭാധികാരികളെ അത് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

അഗാധമായ മനുഷ്യസ്‌നേഹവും ദീനാനുകമ്പയും അതില്‍ നിറയുന്നുണ്ട്. പ്രപഞ്ചത്തിനും ഭൂമിക്കും ഭാവി തലമുറ കള്‍ക്കും വേണ്ടി അത് നിലവിളിക്കുന്നുണ്ട്. അധാര്‍മ്മികമായ അനുസരണത്തെ അത് അപലപിക്കുന്നുണ്ട്. വ്യവസ്ഥിതിയെ നവീകരിക്കാനുള്ള ആഹ്വാനം അതിലുണ്ട്. ദൈവജനത്തിന്റെ അധികാരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഐക്യദാര്‍ഢ്യമുണ്ട്. വിശ്വാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആകുലതകളുണ്ട്. 'കുഞ്ഞാടിന്റെ മണവാട്ടിക്കു' വേണ്ടിയുള്ള കാല്‍പനിക സ്വപ്നങ്ങളുണ്ട്. ദരിദ്രര്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള നിലപാടുകളുണ്ട്. സ്ഥാപനങ്ങള്‍ സുവിശേഷമൂല്യങ്ങള്‍ പ്രസരിപ്പിക്കേണ്ടതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയും വിശുദ്ധ ബേസിലും വിശുദ്ധ ജോണ്‍ ക്രിസോസ്റ്റവും വിശുദ്ധ വിന്‍സെന്റ് ഡി പോളും ഫ്രാന്‍സിസ് മാര്‍പാപ്പയുമെല്ലാം അതില്‍ അണിനിരക്കുന്നുണ്ട്.

ആരും പറയാത്ത അപ്രിയസത്യങ്ങള്‍ ഉച്ചത്തില്‍ പറയുന്നത് കലാപമാണെങ്കില്‍, ആ രാജിക്കത്തില്‍ വേണ്ടുവോളം കലാപമുണ്ട്. അദ്ദേഹത്തിന്റെ സമ്പാദ്യം അതില്‍ വെളിപ്പെടുത്തിയിരുന്നല്ലോ! മടിയില്‍ കനമില്ലാത്ത ആത്മബലശാലികള്‍ക്കു മാത്രമേ ഇതൊക്കെ സാധിക്കുകയുള്ളൂ. കളങ്കമില്ലാത്ത ആത്മീയതയുടെ പ്രഭയുള്ള ഉന്മാദികള്‍ക്കു മാത്രമേ ഇതിനൊക്കെ ധൈര്യം ഉണ്ടാവൂ. സര്‍വശക്തനായ ദൈവത്തിന്റെ ശക്തി, ശക്തമായി ഉള്ളില്‍ ഉണരുന്നവര്‍ക്കു മാത്രമേ ഇതിനൊക്കെ കഴിയുകയുള്ളൂ.' ക്രിസ്തു പറഞ്ഞു നിര്‍ത്തി.

സര്‍വദുഃഖങ്ങളും സര്‍വഭയങ്ങളും അകന്ന പള്ളി മൃദുവായി മന്ദഹസിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org